national news
രജനീകാന്തും അജിത്തും തമ്മില്‍ കൂടിക്കാഴ്ച; രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചകള്‍ സജീവം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Dec 11, 12:44 pm
Wednesday, 11th December 2019, 6:14 pm

രജനീകാന്തും അജിത്തും തമ്മില്‍ നടക്കാനിടയുള്ള കൂടിക്കാഴ്ചകളാണ് ഇപ്പോള്‍ തമിഴ്‌നാട്ടിലെ രാഷ്ട്രീയ ചര്‍ച്ചകളിലൊന്ന്. ഇരുവരും അടുത്ത ദിവസങ്ങളില്‍ ഒരുമിച്ചുണ്ടെന്നതാണ് ചര്‍ച്ചകള്‍ക്ക് കാരണം.

രജനീകാന്തിന്റെ പുതിയ ചിത്രം തലൈവര്‍ 168ന്റെ ചിത്രീകരണം ഇന്ന് ആരംഭിച്ചു. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രം സണ്‍ പിക്‌ചേര്‍സ് ആണ് നിര്‍മ്മിക്കുന്നത്. കീര്‍ത്തി സുരേഷ്, കുശ്ബു, മീന, പ്രകാശ് രാജ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

രാമോജി റാവു ഫിലിം സിറ്റിയിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിക്കുന്നത്. അജിത്തിന്റെ വാലിമൈ എന്ന ചിത്രത്തിന്റെ ചിത്രീകരണവും രാമോജി റാവു ഫിലിം സിറ്റിയിലാണ്. ഈയാഴ്ചയാണ് ചിത്രീകരണം ആരംഭിച്ചത്.

രജനീകാന്തും അജിത്തും തമ്മില്‍ വളരെ അടുത്ത ബന്ധമാണുള്ളത്. സംസ്ഥാനത്ത് വലിയ ആരാധക വൃന്ദങ്ങളുള്ള ഇരു താരങ്ങളും തമ്മില്‍ നടക്കുന്ന കൂടിക്കാഴ്ചകള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ സ്വാധീനമുണ്ടാക്കുമെന്ന് രജനീകാന്തിന്റെ രാഷ്ട്രീയ എതിരാളികള്‍ കരുതുന്നു.

രജനീകാന്തിനോടൊപ്പം കൈകോര്‍ക്കുമെന്നുള്ള കമല്‍ഹാസന്റെ വാക്കുകള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ചര്‍ച്ചകള്‍ സൃഷ്ടിച്ചിരുന്നു. വലിയ ആരാധകരുള്ള അജിത്ത് രജനീകാന്തിനെ പിന്തുണക്കാന്‍ തീരുമാനിച്ചാല്‍ അതും ചര്‍ച്ചയാവും.