ചെന്നൈ: താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നു എന്ന വാര്‍ത്തകള്‍ക്ക് വിശദീകരണവുമായി തമിഴ് സൂപ്പര്‍ താരം രജനീകാന്ത് രംഗത്ത്. താന്‍ മുമ്പ് പറഞ്ഞ “പവര്‍” അധികാരമല്ലെന്നും അത് “ആത്മീയശക്തി”യെക്കുറിച്ച് ആയിരുന്നെന്നുമാണ് രജനീകാന്ത് പറഞ്ഞത്. തമിഴ്‌നാട്ടില്‍ രജനീകാന്ത് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നതിനിടെയാണ് താരം തന്നെ വിശദീകരണവുമായെത്തിയത്.
തമിഴകത്തെ നിലവിലെ രാഷ്ട്രീയം അസാധാരണമാണെന്ന് പ്രധാനമന്ത്രി പങ്കെടുത്ത ഒരു പരിപാടിയില്‍ രജനീകാന്ത് നടത്തിയ പരാമര്‍ശങ്ങളും താരം രാഷ്ട്രീയത്തിലേക്കിറങ്ങുകയാണെന്ന അഭ്യൂഹങ്ങള്‍ പിറക്കാന്‍ കാരണമായിരുന്നു. ഇതിനെതിരെ തമിഴ് താരം ശരത് കുമാര്‍ രംഗത്തെത്തിയതും അന്ന് വാര്‍ത്തയായിരുന്നു. ജയലളിതയുടെ പിന്‍ഗാമിയായ് രജനി എത്തുന്നു എന്ന വാര്‍ത്തകളും ഉണ്ടായിരുന്നു.
നേരത്തെയും പലതവണ രജനീകാന്ത് രാഷ്ട്രീയത്തിലേക്ക് എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും താരം പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. ജയലളിത മരിച്ചപ്പോള്‍ തനിക്കവരെ വിഷമിപ്പിക്കേണ്ടി വന്നിട്ടുണ്ടെന്നും തുറന്ന് പറഞ്ഞ താരം പിന്നീട് നിരവധി രാഷ്ട്രീയ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. തന്റെ അറുപത്തിയഞ്ചാം പിറന്നാള്‍ ആഘോഷങ്ങള്‍ ജയലളിതയുടെ വിയോഗത്തെത്തുടര്‍ന്ന് ഒഴിവാക്കുകയാണെന്ന് പറഞ്ഞ താരം 96ലെ തെരഞ്ഞെടുപ്പില്‍ ജയലളിതയ്‌ക്കെതിരെ സംസാരിക്കേണ്ടി വന്നിരുന്നു എന്നും പറഞ്ഞിരുന്നു. തുടര്‍ച്ചയായ രാഷ്ട്രീയ കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ താരം തുടങ്ങിയതാണ് രാഷ്ട്രീയ പ്രവേശത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് കാരണമായത്.
എന്നാല്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന വ്യക്തമായ സൂചനകളാണ് താന്‍ പറഞ്ഞ പവര്‍ അധികാരമല്ല ആത്മീയ സാന്നിദ്ധ്യത്തെയാണ് ഉദ്ദേശിച്ചതെന്ന വിശദീകരണത്തിലൂടെ വ്യക്തമാകുന്നത്.