| Wednesday, 8th October 2014, 10:45 am

നികുതി വെട്ടിപ്പിന് 'പുതിയ പാഠമായി' രജനിയുടെ കൊച്ചടൈയാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ചെന്നൈ: രജനി കാന്തിന്റെ ബിഗ് ബജറ്റ് ഹിറ്റ് ചിത്രം കൊച്ചടൈയാന്‍ വിവാദത്തിലേയ്ക്ക്.  നിര്‍മ്മാതാക്കള്‍ നികുതി വെട്ടിച്ചെന്ന കേസിലാണ് ഇപ്പോള്‍ ചിത്രം വിവാദത്തില്‍ പെട്ടിരിക്കുന്നത്. ചെന്നൈ മെട്രൊപ്പൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ്.

സെക്രട്ടറി, വാണിജ്യ നികുതിവകുപ്പ് പ്രിന്‍സിപ്പാള്‍ സെക്രട്ടറി, കൊച്ചടൈയാന്റെ നിര്‍മ്മാതാക്കള്‍ എന്നിവര്‍ക്കെതിരെയാണ് വിനോദ നികുതി വെട്ടിച്ചെന്ന കേസില്‍ കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. കെ.ജെ. സരവണന്‍ എന്നയാള്‍ നല്‍കിയ പരാതിയിലാണ് കോടതി നടപടി.

2011 ജൂലൈ 21 ന്റെ സര്‍ക്കാര്‍ ഉത്തരവ് നമ്പര്‍ 89 പ്രകാരം തമിഴ് പേരുള്ള ചിത്രങ്ങള്‍ വിനോദ നികുതിയില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. 2014 ആഗസ്റ്റ് 12ന് പരാതിക്കാരന്‍ ചിത്രം കാണാന്‍ പോയപ്പോള്‍ വിനോദ നികുതി ഈടാക്കി എന്നാണ് പരാതി.

ഇതില്‍ പരാതിക്കാരന്‍ നടത്തിയ അന്വേഷണത്തിലാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ നടത്തി വന്നിരുന്ന കള്ളക്കളി പുറത്താവുന്നത്.  ചിത്രത്തിന്റെ നിര്‍മാതാക്കളായ മീഡിയാവണ്‍ ഗ്ലോബല്‍ എന്റെര്‍ടെയ്ന്‍മെന്റ്‌ ലിമിറ്റഡ്‌ എന്ന കമ്പനി “കൊച്ചടൈയ്യാന്‍” എന്ന തമിഴ് തലക്കെട്ടോടുകൂടിയ ചിത്രത്തിനല്ലാതെ “കൊച്ചടൈയ്യാന്‍ ദി ലെജെന്റ് 3ഡി” എന്ന ഇംഗ്ലീഷ് ടൈറ്റിലോടുകൂടിയ മറ്റൊരു ചിത്രത്തിനും സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് 2014 മെയ് 7ന് നേടിയിരുന്നു. അതിന് ടാക്‌സ് ഇളവ് ലഭിച്ചിട്ടില്ല.

നികുതി ലഭിക്കാത്ത “കൊച്ചടൈയാന്‍ ദി ലെജന്റ് 3ഡി” കാണിക്കുകയും അതിന്‍ പ്രകാരം കാണികളില്‍ നിന്ന് വിനോദ നികുതി പിരിക്കുകയും “കൊച്ചടൈയ്യാന്‍” എന്ന് തമിഴ് ടൈറ്റിലിലുള്ള ചിത്രത്തിന്റെ നികുതി ഇളവ് വെച്ച് കൊള്ളലാഭം ഉണ്ടാക്കുകയും ചെയ്തിരിക്കുന്നുവെന്നാണ് പരാതി.

വിനോദ നികുതി നടപ്പാക്കുന്നതിനും മോണിറ്റര്‍ ചെയ്യുന്നതിലും പിഴവു വരുത്തി എന്നു കാണിച്ച് സെക്രട്ടറി, വാണിജ്യ നികുതി വകുപ്പ് പ്രിന്‍സിപ്പാള്‍ സെക്രട്ടറി, എന്നിവര്‍ക്കെതിരെ ഡി.ജി.പിക്ക് സരവണന്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ അതില്‍ യാതൊരു നടപടിയും അധികാരികള്‍ കൈക്കൈാള്ളാത്തതിന്റെ പശ്ചാത്തലത്തിലാണ് എഗ്മോറ്‌ലെ നമ്പര്‍ XIII മെട്രൊപ്പൊളിറ്റന്‍ ജഡ്ജിനു സമക്ഷം പരാതി നല്‍കിയത്.

ഇത് സത്യസന്ധമായ കേസാണ് എന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് ജഡ്ജി എസ്. ശിവസുബ്രഹ്മണ്യം അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

We use cookies to give you the best possible experience. Learn more