| Friday, 15th October 2021, 11:25 am

ഗാന്ധി പറഞ്ഞിട്ടാണോ സവര്‍ക്കര്‍ മാപ്പ് പറഞ്ഞത് ? സംഘപരിവാര്‍ വാദങ്ങളുടെ സത്യാവസ്ഥ

അന്ന കീർത്തി ജോർജ്

മഹാത്മ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് ഹിന്ദുത്വവാദിയായ സവര്‍ക്കര്‍ ബ്രിട്ടീഷ് സര്‍ക്കാരിനോട് മാപ്പ് അപേക്ഷിച്ചതെന്ന വാദത്തില്‍ എന്തെങ്കിലും വസ്തുതയുണ്ടോ? അത് തെളിയിക്കുന്ന ഏതെങ്കിലും ചരിത്രരേഖയുണ്ടോ? 1914ല്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ഗാന്ധി 1911 മുതല്‍ മാപ്പെഴുതാന്‍ തുടങ്ങിയ സവര്‍ക്കര്‍ക്ക് എങ്ങനെ ഉപദേശം നല്‍കും? സവര്‍ക്കരോട് മാപ്പെഴുതി നല്‍കാന്‍ ഉപദേശിച്ച ഗാന്ധിജിക്ക് 11 തവണ ബ്രിട്ടീഷുകാര്‍ ജയിലിലടച്ചിട്ടും ഒരിക്കല്‍ പോലും സ്വയം മാപ്പ് അപേക്ഷിക്കണമെന്ന് തോന്നിയില്ലേ?

ഇപ്പറഞ്ഞ തികച്ചും സാമാന്യബുദ്ധി മാത്രമുള്ള ചില ചോദ്യങ്ങള്‍കൊണ്ട്, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് കഴിഞ്ഞ ദിവസം അവകാശപ്പെട്ട സവര്‍ക്കറുടെ മാപ്പിന് പിന്നില്‍ ഗാന്ധിജിയാണെന്ന വെള്ളപ്പൂശല്‍ നരേറ്റിവിനെ പൊളിക്കാവുന്നതേയുള്ളു. പക്ഷെ രാജ്യചരിത്രത്തെ തങ്ങള്‍ക്കുവേണ്ടി മാറ്റിയെഴുതാന്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയും സര്‍ക്കാരും കച്ചക്കെട്ടിയിറങ്ങിയിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ചില തെളിവുകള്‍ കൂടുതല്‍ വിശദീകരിക്കേണ്ടത് അനിവാര്യമാണ്. മാത്രമല്ല, വര്‍ഷങ്ങള്‍ കഴിയും തോറും ഇത്തരം കെട്ടുകഥകള്‍ സത്യത്തേക്കാള്‍ വലിയ പ്രചാരം നേടുന്നതിനെ അത്ര നിസാരമായി കാണാനാവില്ല. അവഗണിക്കുകയോ ചിരിച്ച് തള്ളിക്കളയുകയോ ചെയ്തുകൊണ്ടു മാത്രം പ്രതിരോധിക്കാനുമാവില്ല.

“വിനായക് ദാമോദര്‍ സവര്‍ക്കറെ കുറിച്ച് തെറ്റായ നിരവധി പ്രചാരണങ്ങള്‍ നടക്കുന്നുണ്ട് അതിലൊന്നാണ് ബ്രിട്ടീഷ് സര്‍ക്കാരിനോട് മാപ്പ് അപേക്ഷിച്ചു എന്നുള്ളത്. എന്നാല്‍ തന്റെ മോചനത്തിന് വേണ്ടി സവര്‍ക്കര്‍ മാപ്പ് അപേക്ഷിച്ചിട്ടില്ല. ഒരു തടവുപുള്ളിക്ക് മാപ്പ് അപേക്ഷ നല്‍കാനുള്ള അവകാശമുണ്ട്. ഗാന്ധിജിയാണ് അങ്ങനെയൊരു അപേക്ഷ നല്‍കാന്‍ നിര്‍ദേശിച്ചത്,” കഴിഞ്ഞ ദിവസം രാജ്‌നാഥ് സിംഗ് പറഞ്ഞ പ്രസ്താവനയിലെ പ്രധാന ഭാഗങ്ങള്‍.

ഉദയ് മഹുര്‍ക്കര്‍ രചിച്ച ‘വീര്‍ സവര്‍ക്കര്‍: ദി മാന്‍ ഹു കുഡ് ഹാവ് പ്രിവന്റഡ് പാര്‍ട്ടിഷന്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ വെച്ചായിരുന്നു രാജ്നാഥ് സിംഗിന്റെ പരാമര്‍ശം. രാജ്‌നാഥ് സിംഗിന്റെ ഈ വാദങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനമാണ് ഇപ്പോള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഈ വാദം പാടെ കള്ളമാണെന്നും ഒരിക്കലും നടന്നിട്ടില്ലാത്ത കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാണെന്ന നിലയില്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ മുന്നോട്ടുവെക്കുന്നത് അംഗീകരിക്കാനാവില്ലെന്നും പ്രതിപക്ഷ അംഗങ്ങളും ചരിത്രകാരന്മാരും സാമൂഹ്യപ്രവര്‍ത്തരുമെല്ലാം വിമര്‍ശനങ്ങളില്‍ പറയുന്നുണ്ട്.

രാജ്നാഥ് സിംഗ്

തുടക്കത്തില്‍ പറഞ്ഞ ചോദ്യങ്ങള്‍ തന്നെയാണ് രാജ്‌നാഥ് സിംഗിന്റെ വാദത്തെ എതിര്‍ത്തുകൊണ്ട് പ്രധാനമായും ഉന്നയിക്കപ്പെടുന്നത്. സവര്‍ക്കറുടെ മാപ്പപേക്ഷ ഗാന്ധിജി പറഞ്ഞതുകൊണ്ടായിരുന്നു എന്നതിന് രാജ്‌നാഥ് സിംഗിന്റെ വാക്കുകളല്ലാതെ മറ്റൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. എന്ത് രേഖകളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നതെന്ന് രാജ്‌നാഥ് സിംഗും വ്യക്തമാക്കിയിട്ടില്ല.

സവര്‍ക്കറുടെ ജയില്‍വാസക്കാലവും മാപ്പപേക്ഷകള്‍ നല്‍കിയിരുന്ന വര്‍ഷങ്ങളും അക്കാലത്ത് ഗാന്ധിജി എവിടെയായിരുന്നുവെന്നും പരിശോധിച്ചാല്‍ തന്നെ സംഘപരിവാര്‍ വാദങ്ങളുടെ സത്യാവസ്ഥ മനസിലാകും.

1910 മാര്‍ച്ച് 13നാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ സവര്‍ക്കറെ അറസ്റ്റ് ചെയ്യുന്നത്. നാസികിലെ മജിസ്‌ട്രേറ്റായിരുന്ന എ.എം.ടി ജാക്‌സന്റെ വധവുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. കൊലപാതകം നടത്തിയവര്‍ക്ക് തോക്കെത്തിച്ചു നല്‍കി എന്നതായിരുന്നു സവര്‍ക്കര്‍ക്കെതിരെയുള്ള കുറ്റം. 1911 ജൂലൈ നാലിന് ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലിലേക്ക് സവര്‍ക്കറെ മാറ്റി.

വിനായക് ദാമോദര്‍ സവര്‍ക്കര്‍

തൊട്ടടുത്ത മാസം, 1911 ആഗസ്റ്റ് 30നാണ് സവര്‍ക്കര്‍ ആദ്യമായി മാപ്പിന് അപേക്ഷിക്കുന്നത്. രണ്ടാമത്തെ അപേക്ഷ നല്‍കുന്നത് 1913 നവംബര്‍ 14നാണ്. ഈ കാലയളവിലെല്ലാം ഗാന്ധിജി ദക്ഷിണാഫ്രിക്കയിലായിരുന്നു. 1914നാണ് ഗാന്ധിജി ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നത്. പിന്നീട് സ്വാതന്ത്ര്യസമരത്തില്‍ സജീവമായ ഗാന്ധിജി, വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രധാന നേതാവായി ഉയര്‍ന്നുവരുന്നത് പോലും.

1920ലാണ് സവര്‍ക്കറുടെ മാപ്പപേക്ഷയുമായി ബന്ധപ്പെട്ട് ഗാന്ധിജിയുടെ ചില പ്രതികരണങ്ങള്‍ നമുക്ക് ആദ്യമായി കാണാന്‍ സാധിക്കുക. സവര്‍ക്കറുടെ മോചനത്തിന് സഹായമഭ്യര്‍ത്ഥിച്ചുകൊണ്ട് സഹോദരന്‍ നാരായണ്‍ ദാമോദര്‍ സവര്‍ക്കര്‍ കത്ത് അയച്ചതിന് പിന്നാലെയാണ് ഗാന്ധിജി വിഷയത്തില്‍ തന്റെ നിര്‍ദേശം നല്‍കിയത്.

സവര്‍ക്കറുടെ സഹോദരന് ഗാന്ധി എഴുതിയ മറുപടി കത്ത്

സവര്‍ക്കറുടെ പ്രവര്‍ത്തികള്‍ക്ക് പിന്നില്‍ രാഷ്ട്രീയകാരണങ്ങളാണെന്ന് ചൂണ്ടിക്കാണിക്കാമെന്നായിരുന്നു ഗാന്ധിജി നാരായണ്‍ സവര്‍ക്കര്‍ക്ക് അയച്ച കത്തില്‍ പറഞ്ഞത്. 1920 ജനുവരി 25നാണ് ഈ കത്തയച്ചിരിക്കുന്നത്.

1920ലാണ് സവര്‍ക്കര്‍ അഞ്ചാം മാപ്പപേക്ഷ അയക്കുന്നത്. ഈ അഞ്ച് കത്തുകളിലും മാപ്പ് അപേക്ഷ മാത്രമല്ല, ബ്രിട്ടീഷ് ഭരണത്തിന് വേണ്ടി സമ്പൂര്‍ണ്ണ സമര്‍പ്പണമടക്കം ആവര്‍ത്തിച്ച് വാഗ്ദാനം ചെയ്തിരുന്നു. 1913ലെ കത്തിലെ ചില ഭാഗങ്ങള്‍ തന്നെ എടുക്കുകയാണെങ്കില്‍, അതില്‍ സവര്‍ക്കര്‍ പറയുന്നത് ഇങ്ങനെയാണ്:

ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ അപാരമായ ഔദാര്യത്താലും ദയാവായ്പിനാലും എന്നെ വിട്ടയക്കുകയാണെങ്കില്‍ നവോത്ഥാനത്തിന്റെ പരമോന്നത രൂപമായ ഇംഗ്ലീഷ് സര്‍ക്കാറിന്റെ ശക്തനായ വക്താവായി ഞാന്‍ മാറുകയും ബ്രിട്ടീഷ് നിയമവ്യവസ്ഥയോട് പരിപൂര്‍ണ്ണമായ വിധേയത്വം പ്രകടിപ്പിക്കുകയും ചെയ്യും. കൂടാതെ എന്റെ പരിവര്‍ത്തനം ഒരിക്കല്‍ എന്നെ മാര്‍ഗദര്‍ശകനായി കണ്ട, ഇന്ത്യയിലും വിദേശത്തുമുള്ള, തെറ്റായി നയിക്കപ്പെടുന്ന അനേകം യുവാക്കളെ ബ്രിട്ടീഷനുകൂല നിലപാടിലേക്ക് മടക്കിക്കൊണ്ടുവരും.

1913ല്‍ സവര്‍ക്കര്‍ എഴുതിയ മാപ്പ് അപേക്ഷയിലെ ചില ഭാഗങ്ങള്‍

എന്റെ മനംമാറ്റം മനസാക്ഷിയുടെ പ്രേരണയാലുള്ളതാണ്, അതുകൊണ്ട് തന്നെ എന്റെ ഭാവി പ്രവര്‍ത്തനങ്ങളും അങ്ങിനെ തന്നെ ആയിരിക്കും . അതിനാല്‍ സര്‍ക്കാരിന്റെ ഇഷ്ടമനുസരിച്ച് സര്‍ക്കാരിനെ ഏതു വിധത്തില്‍ സേവിക്കുന്നതിനും ഞാന്‍ തയ്യാറാണ്. എന്നെ ജയിലടച്ചാലുള്ള മെച്ചത്തേക്കാളും അധികമായിരിക്കും അത്. ശക്തിമാന് മാത്രമേ ദയ കാണിക്കാന്‍ പറ്റൂ. അതുകൊണ്ട് തന്നെ ഒരു ധൂര്‍ത്ത പുത്രന്‍ സര്‍ക്കാരെന്ന പിതൃഭവനത്തിലെയ്ക്കല്ലാതെ മറ്റെങ്ങു പോകാന്‍? – ഇതാണ് കത്തിലെ വരികള്‍.

സവര്‍ക്കറുടെ തുടര്‍ച്ചയായ മാപ്പ് അപേക്ഷ സ്വീകരിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ 1921ല്‍ ആന്‍ഡമാനിലെ ജയിലില്‍ നിന്നും രത്‌നഗിരി ജയിലിലേക്ക് സവര്‍ക്കറെ മാറ്റുകയും പിന്നീട് കര്‍ശന നിബന്ധനകളോടെ 1924ല്‍ ജയില്‍ മോചിതനാക്കുകയും ചെയ്തു.

1911 മുതല്‍ മാപ്പിന് അപേക്ഷിക്കാന്‍ സവര്‍ക്കറെ ഉപദേശിക്കുന്ന ഒരു ഗാന്ധിജിയെ എവിടെയും കാണാകുന്നില്ലെന്ന് തന്നെയാണ് ലഭ്യമായ ഈ രേഖകളില്‍ നിന്നെല്ലാം വ്യക്തമാകുന്നത്.

സവര്‍ക്കറെ സ്വാതന്ത്ര്യസമരസേനാനിയും വീരപോരാളിയുമാക്കാനായി സംഘപരിവാര്‍ പ്രധാനമായും ഉപയോഗിക്കുന്ന വാദങ്ങളിലൊന്നാണ് 1920ലും 21ലും യങ് ഇന്ത്യയില്‍ ഗാന്ധി എഴുതിയ ലേഖനത്തിലെ സവര്‍ക്കറെ കുറിച്ചുള്ള ഭാഗങ്ങള്‍. രാഷ്ട്രീയതടവുകാരാണെന്ന് കണ്ടെത്തിയ സവര്‍ക്കര്‍ സഹോദരന്മാരെ വിട്ടയക്കണമെന്ന് ഈ ലേഖനത്തില്‍ ഗാന്ധിജി പറയുന്നുണ്ട്, അതൊരു വസ്തുതയാണ്.

എന്നാല്‍ പിന്നീട് സവര്‍ക്കര്‍ ഹിന്ദുത്വനേതാവായി വളര്‍ന്നപ്പോള്‍ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയവരില്‍ പ്രധാനിയും ഇതേ ഗാന്ധിജിയായിരുന്നു. യുദ്ധമാണ് സവര്‍ക്കര്‍ മുന്നോട്ടുവെക്കുന്നതെന്നും കോണ്‍ഗ്രസിന് ഇതിനോട് യോജിക്കാനാവില്ലെന്നും 1942ലെ എ.ഐ.സി.സി മീറ്റിങ്ങില്‍ വെച്ച് ഗാന്ധിജി പറഞ്ഞിരുന്നു. ഡോ. മൂഞ്ചേയെയും സവര്‍ക്കറെയും പോലുള്ള ഹിന്ദുക്കള്‍ മുസ്‌ലിങ്ങള്‍ ഹിന്ദുക്കളുടെ അധീനതയിലാകണമെന്ന് ആഗ്രഹിക്കുന്നുവരാണെന്നും താന്‍ പ്രതിനിധാനം ചെയ്യുന്നത് അത്തരക്കാരെയല്ലെന്നും ഗാന്ധിജി പറഞ്ഞിരുന്നു.

ആര്‍.എസ്.എസിനെ രാജ്യത്ത് നിരോധിച്ച പ്രഥമ ആഭ്യന്തരമന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ തങ്ങളുടെ നേതാവാക്കാന്‍ സംഘപരിവാറും ബി.ജെ.പിയും നടത്തിയ, നടത്തുന്ന ശ്രമങ്ങള്‍ വളരെ വ്യക്തമായി നമുക്ക് മുന്‍പിലുണ്ട്. ഗാന്ധിവധത്തിന് പിന്നില്‍ സവര്‍ക്കറുടെ പ്രത്യക്ഷനിയന്ത്രണത്തിലുള്ള ഹിന്ദു മഹാസഭയാണെന്നും അവര്‍ മതഭ്രാന്ത് പിടിച്ച അപകടം നിറഞ്ഞ ഒരു വിഭാഗമാണെന്നും നെഹ്‌റുവിന് പട്ടേല്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേ പട്ടേലിനെയാണ് ഇന്ന് ഹിന്ദുത്വവാദിയാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്.

ഇതേ രീതി മഹാത്മാ ഗാന്ധിയുടെ കാര്യത്തിലും മറനീക്കി പുറത്തുവരികയാണ്. സവര്‍ക്കറെ ധീര സ്വാതന്ത്ര്യസമരപോരാളിയായി ചിത്രീകരിക്കാന്‍ എക്കാലവും ശ്രമിച്ചിട്ടുള്ള സംഘപരിവാര്‍, ഗാന്ധിയെ കൂടി സവര്‍ക്കര്‍ അനുകൂലിയാക്കി അതുവഴി ഗാന്ധിയെ തങ്ങളുടെ നേതാവായി ചിത്രീകരിക്കുക എന്ന ഇരട്ടനേട്ടമാണ് ഇപ്പോള്‍ ലക്ഷ്യം വെക്കുന്നത്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉദ്ധരിക്കപ്പെടുന്നത് നാസി ജര്‍മനിയിലെ പ്രൊപ്പഗണ്ട മന്ത്രിയായിരുന്ന ജോസഫ് ഗീബല്‍സിന്റെ ചില വാക്കുകളാണ്. ‘ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞാല്‍ നുണ സത്യമായി തീരും’ എന്നാണ് ആ വാക്കുകള്‍.

ഈ നയം പിന്തുടര്‍ന്ന ജര്‍മനിയില്‍ എന്താണ് സംഭവിച്ചതെന്നും നമ്മുടെ കണ്‍മുന്‍പിലുണ്ട്. അതുകൊണ്ട് തന്നെ ചരിത്രത്തെ വളച്ചൊടിക്കുക എന്ന ഘട്ടവും കടന്ന്, ഇല്ലാത്ത വസ്തുതകള്‍ക്കൊണ്ട് പുതിയ ചരിത്രം തന്നെയുണ്ടാക്കുക എന്ന ഘട്ടത്തിലെത്തി നില്‍ക്കുന്ന സംഘപരിവാറിന്റെ പ്രവര്‍ത്തനങ്ങളെ അതീവ ജാഗ്രതയോടെ കാണേണ്ടതുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Did Savarkar write mercy petitions on Gandhi’s advice as claimed by Rajnath Singh?| Fact Chek

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more