വെറും അരമണിക്കൂറായിരുന്നു പപ്പ നീട്ടി ചോദിച്ചത്, അതുപോലും അവര്‍ തന്നില്ല; ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി കിട്ടണം: രാജന്റെ മക്കള്‍
Kerala News
വെറും അരമണിക്കൂറായിരുന്നു പപ്പ നീട്ടി ചോദിച്ചത്, അതുപോലും അവര്‍ തന്നില്ല; ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി കിട്ടണം: രാജന്റെ മക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 29th December 2020, 9:45 am

നെയ്യാറ്റിന്‍കര: സ്ഥലം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ നടത്തിയ ആത്മഹത്യാശ്രമത്തിനിടെ മരിച്ച രാജന്‍-അമ്പിളി ദമ്പതികളുടെ മക്കള്‍ നീതി ആവശ്യപ്പെട്ട് രംഗത്ത്. പൊലീസിനെതിരെ തങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കെല്ലാം മറുപടി കിട്ടണമെന്ന് മക്കള്‍ പറഞ്ഞു. ജീവിതം ദയനീയമാണെന്നും എങ്ങനെ മുന്നോട്ടുപോകുമെന്ന് അറിയില്ലെന്നും രാജന്റെ മകന്‍ രാഹുല്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു രാഹുല്‍.

പൊലീസുകാരുടെ അടുത്ത് ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കണം. നിയമം നടപ്പാക്കനല്ലേ അവര്‍ വന്നത്. പിന്നെ എന്റെ അച്ഛനും അമ്മയും കത്തിയെരിഞ്ഞപ്പോള്‍ നിയമം നടപ്പാക്കാതെ അവര്‍ പുറത്തോട്ട് പോയത് എന്തിനാണ്. നിയമം നടപ്പാക്കാമായിരുന്നില്ലേയെന്ന് രാഹുല്‍ ചോദിച്ചു.

‘അന്ന് സമയം നീട്ടി ചോദിച്ചപ്പോള്‍ തന്നില്ല. വെറും അരമണിക്കൂര്‍ സമയമാണ് നീട്ടി ചോദിച്ചത്, അര മണിക്കൂര്‍. ചോറെങ്കിലും കഴിച്ചിട്ട് ഇറങ്ങാമെന്ന് ചോദിച്ചപ്പോള്‍ അതിനും അവര്‍ സമ്മതിച്ചില്ല. മുന്നോട്ടുള്ള ജീവിതം ദയനീയമാണ്. ഞങ്ങള്‍ക്ക് പോകാന്‍ വേറെയിടമില്ല. ഞങ്ങള്‍ക്ക് ഭക്ഷണം തരാന്‍ പോലും ആരുമില്ല, അമ്മയില്ല, ആരുമില്ല ഞങ്ങള്‍ക്ക്.

നേരത്തെ തന്നെ ഭീഷണിയുണ്ടായിരുന്നു. പെട്രോളൊഴിച്ച് കത്തിക്കുമെന്നൊക്കെ അവര്‍ ഭീഷണിപ്പെടുത്താറുണ്ടായിരുന്നു. പെട്ടെന്ന് ഇറങ്ങിയില്ലേല്‍ കടുത്ത തീരുമാനമെടുക്കുമെന്നൊക്കെ പറഞ്ഞിരുന്നു.’ രാഹുല്‍ പറഞ്ഞു.

രാജന്‍ തെരുവില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം എത്തിച്ചുകൊടുക്കാറുള്ളതിനെ കുറിച്ചും രാഹുല്‍ പറഞ്ഞു. ‘ അവസാന സമയം വരെയും പപ്പ തെരുവില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുമായിരുന്നു. പള്ളികളില്‍ നിന്നും വീടുകളില്‍ നിന്നും ഭക്ഷണം ശേഖരിച്ച് ആഴ്ചയിലൊരിക്കല്‍ വിതരണം ചെയ്യുകയായിരുന്നു. ജോലി ചെയ്ത് കിട്ടുന്നതില്‍ നിന്നും പത്തും ഇരുപതും രൂപ മാറ്റിവെച്ചാണ് കാപ്പിയും ചോറുമൊക്കെ ഇവര്‍ക്ക് നല്‍കിയിരുന്നത്.’ രാഹുല്‍ പറഞ്ഞു.

സ്ഥലം ഒഴിപ്പിക്കല്‍ കേസില്‍ നടന്ന അട്ടിമറികളെ കുറിച്ചും ആത്മഹത്യാശ്രമം നടന്ന ഡിസംബര്‍ 22ന് നടന്ന സംഭവങ്ങളെക്കുറിച്ചും മകന്‍ രഞ്ജിത്തും മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു.

‘ എന്റെ അച്ഛന്‍ ആദ്യം വെച്ചിരുന്ന വക്കീല്‍ ഞങ്ങളെ ചതിച്ചു. പതിനാറ് പ്രാവശ്യം കേസ് വിളിച്ചിട്ടും ഞങ്ങളെ അറിയിച്ചില്ല. പിന്നെ വേറൊരു വക്കീലിനെ കണ്ടു. അങ്ങനെ ഇരുപത് പ്രാവശ്യമോ മറ്റോ ആണ് അവര്‍ സ്‌റ്റേയോ എന്തോ വന്നിരുന്നു. കോടതി അംഗീകരിച്ച് കേസിന്റെ വിധി നാലാം തീയതിലേക്ക് മാറ്റിയതായി അന്ന് ഒന്നരയായപ്പോള്‍ വിധി വന്നിരുന്നു. ഈ ഓര്‍ഡറിനെ കുറിച്ച് വസന്ത എന്ന ആ വ്യക്തിക്കും പൊലീസിനുമൊക്കെ അറിയാമായിരുന്നു. എന്നാല്‍ അതിനുമുന്‍പേ ഞങ്ങളെ വീട്ടില്‍ നിന്ന് ഇറക്കണമെന്നായിരുന്നു അവര്‍ക്ക്. രാഷ്ട്രീയസ്വാധീനവും ആള്‍ബലവും സാമ്പത്തികവുമുള്ളവരാണ് അവര്‍. അതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്.

എന്റെ അച്ഛന്‍ പെട്രോളൊഴിച്ച് എങ്ങനെയെങ്കിലും അവരെ പിന്തിരിപ്പിക്കാനാണ് നോക്കിയത്. അത് എന്റെ അച്ഛന്റെ മരണമൊഴിയിലുണ്ട്. ഞാനാണ് ആ വീഡിയോ എടുത്തത്. അച്ഛന്‍ പെട്രോളൊഴിച്ച് നില്‍ക്കുമ്പോള്‍ ‘സാറേ, കേസ് എന്തുവന്നാലും ഞാന്‍ നോക്കിക്കോളാം’ എന്ന് വസന്ത പൊലീസിനോട് പറഞ്ഞു.

അച്ഛന്‍ ലൈറ്ററില്‍ കൈവെച്ച് നില്‍ക്കുകയായിരുന്നു. പൊലീസ് സ്വിച്ചിലടിച്ച് പെട്രോളുള്ള ഭാഗത്തേക്ക് കൈ പിടിച്ച് കൊണ്ടുവന്നു. ആ സാറാണ് എല്ലാത്തിനും കാരണം. അനില്‍ കുമാര്‍ എന്നാണ് അയാളുടെ പേര്.’ രഞ്ജിത്ത് പറഞ്ഞു.

നെയ്യാറ്റിന്‍കര പോങ്ങില്‍ മൂന്ന് സെന്റ് ഭൂമിയില്‍ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു രാജനും ഭാര്യയും രണ്ട് ആണ്‍മക്കളുമടങ്ങുന്ന കുടുംബം. രാജന്‍ ഭൂമി കയ്യേറിയെന്നാരോപിച്ച് അയല്‍വാസി വസന്ത മുന്‍സിഫ് കോടതിയില്‍ കേസ് നല്‍കിയിരുന്നു. ആറ് മാസം മുന്‍പ് രാജനെതിരെ കോടതി വിധി വന്നു. ഉത്തരവ് നടപ്പാക്കാനായി കോടതിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരും പൊലീസും എത്തിയപ്പോഴാണ് ആത്മഹത്യാശ്രമം.
ഡിസംബര്‍ 22നാണ് സംഭവം നടന്നത്.

കഴിഞ്ഞ ജൂണില്‍ കോടതി കമ്മീഷനെ നിയോഗിച്ച് ഒഴിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അത് രാജന്‍ തടസപ്പെടുത്തിയിരുന്നു. ആത്മഹത്യാഭീഷണി മാത്രമായിരുന്നു ലക്ഷ്യമെന്നും പൊലീസിടപെട്ടതോടെയാണ് തീകൊളുത്തേണ്ടി വന്നതെന്നും രാജന്‍ മൊഴി നല്‍കിയിരുന്നു.

70 ശതമാനത്തോളം പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രാജന്റെ രണ്ട് വൃക്കകളും തകരാറിലായതോടെയാണ് തിങ്കളാഴ്ച രാവിലെയോടെ മരണപ്പെടുന്നത്. വൈകീട്ടോടെ ഭാര്യ അമ്പിളിയും മരിക്കുകയായിരുന്നു.

രാജന്റെ മൃതദേഹം പോങ്ങില്‍ ഇവര്‍ താമസിക്കുന്ന സ്ഥലത്ത് തന്നെ കഴിഞ്ഞ ദിവസം അടക്കി. മക്കള്‍ കുഴിയെടുത്താണ് അടക്കിയത്. കുഴിയെടുക്കുന്നതിനിടെ രാജന്റെ മകനോട് പൊലീസ് കയര്‍ത്തു സംസാരിക്കുന്നതിന്റെയും രഞ്ജിത്ത് മറുപടി പറയുന്നതിന്റെയും വീഡിയോ കഴിഞ്ഞ ദിവസം ഏറെ ചര്‍ച്ചയായിരുന്നു. അമ്പിളിയുടെ സംസ്‌കാരവും വീട്ടുവളപ്പില്‍ തന്നെ നടത്തുമെന്നാണ് കുടുംബം അറിയിച്ചിട്ടുള്ളത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Rajan’s children seek justice and answer from government, talks about the incident