മമ്മൂട്ടിയും രജിനികാന്തും മത്സരിച്ച് അഭിനയിച്ച് സൂപ്പര്‍ ഹിറ്റായ ചിത്രമാണ് ദളപതി. മണിരത്‌നം മാജിക്കില്‍ പിറന്ന ചിത്രത്തില്‍ ശോഭനയും ഗീതയുമാണ് നായികമാരായത്. ഇളയ രാജയായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധാനം.
സുഹൃത്ത് ബന്ധത്തിന്റെ മഹത്വം പറഞ്ഞ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് രജിനികാന്തില്‍ നിന്നും മമ്മൂട്ടി പഠിച്ച ശീലത്തെ പറ്റി സംസാരിക്കുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജന്‍ പൂജപ്പുര.
ദളപതിയുടെ സെറ്റില്‍ മമ്മൂട്ടി താമസിച്ചാണ് വന്നിരുന്നതെന്നും ആ ശീലം മാറ്റിച്ചത് രജിനികാന്താണെന്നും മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രാജന്‍ പറഞ്ഞു.
‘മമ്മൂട്ടി സെറ്റില്‍ താമസിച്ചാണ് വരാറുള്ളത്. ഏഴ് മണിക്ക് വന്ന് ആ സമയത്ത് എടുക്കുന്ന ഷോട്ടിന് ഭംഗിയുണ്ടാവുമെന്ന് പഠിപ്പിച്ചുകൊടുത്തത് രജിനികാന്താണ്. സിനിമ മേഖലയില്‍ പലരും അത് പറഞ്ഞുനടക്കുന്നുണ്ട്.
മമ്മൂക്ക ലേറ്റായിട്ടാണ് കിടന്നുറങ്ങാറുള്ളത്. അതുകൊണ്ടാണ് രാവിലെ എഴുന്നേല്‍ക്കാന്‍ ലേറ്റാവുന്നത്. ആയിരപ്പറ എന്ന സിനിമയുടെ ഷൂട്ടിനിടക്ക് ഞാനും കണ്ടിട്ടുണ്ട് മമ്മൂക്ക ലേറ്റായി വരുന്നത്. അന്വേഷിച്ചപ്പോഴാണ് മനസിലായത്, മമ്മൂക്ക ലേറ്റായിട്ടാണ് കിടക്കുന്നത്. ഷൂട്ട് നൈറ്റ് കുറച്ച് കൂടെ തുടര്‍ന്നോട്ടെ എന്ന് അദ്ദേഹം പറയും,’ രാജന്‍ പറഞ്ഞു.
മധുവും 11 മണിക്ക് ശേഷമെ സെറ്റില്‍ വരാറുള്ളുവെന്നും രാജന്‍ പറഞ്ഞു. ‘മധു സാറും അങ്ങനെ തന്നെയാണ്. എന്നെ 11 മണിക്ക് ശേഷമേ ഷൂട്ടിന് വിളിക്കാവൂ എന്ന് ബുക്ക് ചെയ്യുമ്പോള്‍ തന്നെ പറയും,’ രാജന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: rajan poojapura about mammootty and rajinikanth