താപ്പാനയുടെ സെറ്റില്‍ വെച്ച് പരിക്ക് പറ്റിയപ്പോള്‍ മമ്മൂട്ടി സ്വകാര്യ ആവശ്യത്തിന് വേണ്ടി കരുതിയ മരുന്ന് തനിക്ക് തന്നിരുന്നതായി ജുബില്‍ രാജന്‍ പി.ദേവ്. അത്രയും അടുപ്പമുള്ളത് കൊണ്ടായിരിക്കാം മമ്മൂട്ടി ആ മരുന്ന് തനിക്ക് തന്നത് എന്നും ജുബില്‍ പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫൈറ്റ് സീനുകളില്‍ ശ്രദ്ധിക്കണമെന്നും ഇനിയും സിനിമകള്‍ ചെയ്യാനുള്ളതാണെന്നും മമ്മൂട്ടി പറഞ്ഞിരുന്നതായി ജുബില്‍ പറഞ്ഞു.
‘ഓണ്‍ക്യാമറയിലും ഓഫ്ക്യാമറയിലും നമ്മള്‍ ചെയ്യുന്ന ഓരോ ചലനങ്ങളും മമ്മൂക്ക നന്നായി നിരീക്ഷിക്കാറുണ്ട്. താപ്പാനയില്‍ ഒരു ഫൈറ്റ് സീനില്‍ മമ്മൂക്കയുടെ കഥാപാത്രം എന്നെ വന്ന് രക്ഷിക്കുന്ന ഒരു സീനുണ്ട്.വീഴുന്ന ഒരു സീനായിരുന്നു അത്.
എന്റെ ആദ്യ സമയത്തെ സിനിമകളിലൊന്നായായത് കൊണ്ട് തന്നെ ഒരു ആവേശത്തിന്റെ പുറത്ത് വീണ് ഉരുണ്ട് മറിയുകയായിരുന്നു. എഴുന്നേല്‍ക്കുമ്പോള്‍ കാല്‍ വേദനിക്കുന്നുണ്ടായിരുന്നു, മുട്ട് മുറിഞ്ഞിരുന്നു. സെറ്റില്‍ എന്ത് പരിക്ക് പറ്റിയാലും യുഡി കൊളോണ്‍(Eau de Cologne) അടിക്കുകയാണ് ചെയ്യാറുള്ളത്. ഞാനും യുഡി കൊളോണ്‍ അടിച്ച് അവിടെ നില്‍ക്കുമ്പോള്‍ മമ്മൂക്ക എന്നെ വിളിച്ച് കാരവാനിനകത്തേക്ക് കൊണ്ട് പോയി.
അദ്ദേഹം ലിക്വിഡ് ബാന്റേജ് എടുത്ത് എനിക്ക് തന്നു. അദ്ദേഹത്തിന്റെ സ്‌കിന്നിലോ മുറിവിലോ തേക്കാനുള്ളത് എനിക്ക് തന്നു. അത്രയും അടുപ്പമുള്ളത് കൊണ്ടായിരിക്കാം അദ്ദേഹം എനിക്കത് തന്നത്. അത് തേച്ച് തന്നതിന് ശേഷം ഇത്രേം ആവേശം കാണിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. പത്ത് തവണ വീണ് പൊട്ടിച്ചാലും ഒരു തവണ നല്ല രീതിയില്‍ ആ സീന്‍ ചെയ്താലും റിസള്‍ട്ട് ഒരുപോലെയായിരിക്കുമെന്നും മമ്മൂക്ക പറഞ്ഞു. നിന്റെ ആരോഗ്യം നീ തന്നെ നോക്കണമെന്നും ഇത്രയും ആവേശം വേണ്ടെന്നും അല്ലെങ്കില്‍ ഒരു സിനിമയോട് കൂടി തന്നെ പണി നിര്‍ത്തി വീട്ടിലിരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
കുറേ പടങ്ങള്‍ ചെയ്യേണ്ടേ, ഫൈറ്റ് ചെയ്യുമ്പോള്‍ ഇത്തിരി സൂക്ഷിക്കണമെന്നും മമ്മൂക്ക എന്നെ ഉപദേശിച്ചു. ഡ്യൂപ്പിടുന്നതിലൊന്നും ഒരു ഈഗോയും കരുതേണ്ട. നമ്മള്‍ എല്ലാത്തിലും എക്‌സ്‌പേര്‍ട്ടല്ല, നമുക്കറിയുന്നത് അഭിനയിക്കാനാണ്. നമ്മളേക്കാള്‍ മെയ്‌വഴക്കമുള്ളവരായിരിക്കും ഫൈറ്റ് ചെയ്യാന്‍ നല്ലത്. അതില്‍ ഈഗോ വിചാരിക്കേണ്ട കാര്യമില്ലെന്നും മമ്മൂക്ക അന്ന് ഉപദേശിച്ചു’ ജുബില്‍ രാജന്‍ പി.ദേവ് പറഞ്ഞു
content highlights; Rajan P. Dev’s son Jubil about Mammootty