'പരീക്ഷാ ഫലം വന്നു കഴിഞ്ഞാല്‍ സിന്‍ഡിക്കേറ്റിന് ഇടപെടാന്‍ അധികാരമില്ല'; മാര്‍ക്ക് ദാന വിവാദത്തില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി രാജന്‍ ഗുരുക്കളുടെ വിശദീകരണം
തിരുവനന്തപുരം: പരീക്ഷാഫലം വന്നു കഴിഞ്ഞാല്‍ അതുമായി ബന്ധപ്പെട്ട യാതൊരു കാര്യത്തിലും ഇടപെടാനോ പരിശോധിക്കാനോ സിന്‍ഡിക്കേറ്റിന് അധികാരമില്ലെന്ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ രാജന്‍ ഗുരുക്കള്‍. എം.ജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാന വിവാദവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വൈസ് ചാന്‍സലര്‍ക്കാണ് അദാലത്ത് നടത്താന്‍ അവകാശം. അതേ സമയം ഭരണഘടനാപരമായ അധികാരങ്ങളിലും അവകാശങ്ങളിലും പ്രൊ വൈസ് ചാന്‍സലറായ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ഇടപെടാന്‍ നിയമമില്ല. വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങില്‍ അതിഥിയായി വരാന്‍ സാധിക്കും എന്നതില്‍ കവിഞ്ഞ് മറ്റു അധികാരമൊന്നും ഇല്ലെന്നും രാജന്‍ ഗുരുക്കള്‍ വ്യക്തമാക്കി.
അതീവ രഹസ്യ സ്വഭാവത്തോടെ സൂക്ഷിക്കേണ്ട വിദ്യാര്‍ത്ഥികളുടെ ഫാള്‍സ് നമ്പരടങ്ങിയ ഉത്തരക്കടലാസുകള്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി പരീക്ഷാ ചുമതലയുള്ള സിന്‍ഡിക്കേറ്റംഗം ഡോ. ആര്‍ പ്രഗാഷിന് നല്‍കാന്‍ വൈസ് ചാന്‍സലര്‍ കത്തു നല്‍കിയിരുന്നു.
എം.കോം നാലാം സെമസ്റ്റര്‍ കോഴ്‌സിന്റെ അഡ്വാന്‍സ് കോസ്റ്റ് അക്കൗണ്ടിങ്ങ് പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ രജിസ്റ്റര്‍ നമ്പരും ഫോള്‍സും ഉള്‍പ്പെടെ പരീക്ഷാ ചുമതലയുള്ള സിന്‍ഡിക്കേറ്റംഗം ആര്‍. പ്രഗാഷിനു നല്‍കാന്‍ വി.സി നിര്‍ദ്ദേശിക്കുകയായിരുന്നു.
എന്നാല്‍ ഒരു വിഷയത്തിന് മാര്‍ക്കു കുറഞ്ഞ കുട്ടിക്ക് അധിക മാര്‍ക്ക് നല്‍കാന്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റാണ് തീരുമാനിച്ചതെന്നായിരുന്നു മന്ത്രി കെ.ടി ജലീലിന്റെ വിശദീകരണം.