| Tuesday, 29th December 2020, 11:07 am

പുതിയ കേരളത്തില്‍ മുതലാളിത്ത ക്രൗര്യത്തിന് ആരെയും ഒഴിപ്പിക്കാം;കുടിയൊഴിപ്പിക്കല്‍ നിരോധന നിയമം വേണം

ഡോ. ആസാദ്

കുടിയൊഴിപ്പിക്കല്‍ നിരോധന നിയമം വേണം. അതു തയ്യാറാക്കി നിയമസഭ പാസാക്കാന്‍ സമയമെടുക്കുമെങ്കില്‍ പ്രത്യേക ഓര്‍ഡിനന്‍സ് ഉടന്‍ കൊണ്ടുവരണം. ഇനി ഒരു കുടുംബവും പുറംതള്ളപ്പെട്ടുകൂടാ.

രാജന്‍ – അമ്പിളി ദമ്പതിമാരെപ്പോലെ മരണത്തിലേക്ക് എടുത്തെറിയപ്പെട്ടുകൂടാ. ഇത് കേരളത്തിന്റെ നീതിബോധം നിര്‍വ്വഹിക്കേണ്ട അടിയന്തര കടമയാണ്.

ഒന്നാം കേരള മന്ത്രിസഭ ഇ.എം.എസ്സിന്റെ നേതൃത്വത്തില്‍ അധികാരമേറ്റ് ആദ്യം ഒപ്പു വെച്ചത് കുടിയൊഴിപ്പിക്കല്‍ നിരോധന ഓര്‍ഡിനന്‍സിലാണ്.

അത്ര പ്രധാനമായിരുന്നു അത്. ജന്മി നാടുവാഴിത്ത ഭീകരതയുടെ വിഷപ്പല്ലുകള്‍ കൊഴിച്ചിടാന്‍ പുരോഗമന രാഷ്ട്രീയം വളര്‍ന്നു. എന്നാല്‍ അവര്‍ പണിത പുതുകേരളത്തില്‍ മുതലാളിത്ത ക്രൗര്യത്തിന് ആരെയും ഒഴിപ്പിക്കാം. അതിനു കൂട്ടു നില്‍ക്കും സര്‍ക്കാര്‍ സംവിധാനങ്ങള്‍. ഈ നില മാറിയേ തീരൂ.

ഒരാളെയും കുടിയൊഴിപ്പിച്ചുകൂടാ. കിടപ്പാടം മൗലികാവകാശമാണ്. അടിയന്തര ഘട്ടത്തില്‍ മാറ്റിപ്പാര്‍പ്പിക്കാം. അതേ സാദ്ധ്യമാകാവൂ.

അതിനുള്ള നിബന്ധനകളോടെ സമഗ്ര നിയമമാണ് കൊണ്ടുവരേണ്ടത്. ഒപ്പം ഭൂമിയിലെ അവകാശം പുനര്‍ നിര്‍ണയിക്കപ്പെടണം. ഒരു കുടുംബത്തിന് കൈവശം വെക്കാവുന്ന പരമാവധി ഭൂമി പുതുക്കി നിശ്ചയിക്കണം. അധികഭൂമി പൊതു ഉടമസ്ഥതയിലും ഉപയോഗത്തിലും നില നിര്‍ത്തണം. ഭൂമിയില്ലാതെ ഒരു കുടുംബവും മാറ്റി നിര്‍ത്തപ്പെടരുത്.

രാജവാഴ്ച്ചക്കാലമല്ല. ജനാധിപത്യ യുഗമാണ്. സകലരും സകലതിനും അവകാശികളാണ്. പൂണൂലും കുടുമയും കുലമഹിമയും തറവാടിത്ത ഘോഷണവും ഭൂപ്രഭുത്വവും ജാത്യാചാരവും എരിഞ്ഞ ചുടലപ്പറമ്പിലാണ് നവോത്ഥാനക്കൊടി പാറിയത്. ആരും ആരുടെയും മേലധികാരികളല്ല. ഭൂമി ആരും കൊണ്ടുവന്നതുമല്ല.
ചാര്‍ത്തിക്കിട്ടിയ ഓലകളും കടലാസുകളും ആളിയമരും. നീതി മാത്രം ബാക്കിയാവും.
അതിനാല്‍ ജനാധിപത്യ ഭരണമേ, ഇനി നേരം കളയാനില്ല. ഒരാള്‍ പോലും കുടിയൊഴിപ്പിക്കപ്പെടാതിരിക്കാന്‍ നിയമം കൊണ്ടുവരൂ. പോങ്ങിലെ കുട്ടികള്‍ വിരല്‍ ചൂണ്ടിയത് അങ്ങോട്ടാണ്. അവരോടു ചെയ്യേണ്ട നീതി കുടിയൊഴിപ്പിക്കല്‍ നിരോധന നിയമമായി വരട്ടെ.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Rajan Case Neyyantinakara Dr.K Azad Writes

ഡോ. ആസാദ്

We use cookies to give you the best possible experience. Learn more