അവഗണന: ജെ.എസ്.എസ് രാജന്‍ ബാബു വിഭാഗം എന്‍.ഡി.എ വിട്ടു
Kerala News
അവഗണന: ജെ.എസ്.എസ് രാജന്‍ ബാബു വിഭാഗം എന്‍.ഡി.എ വിട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 16th January 2019, 10:24 pm

ആലപ്പുഴ: എന്‍.ഡി.എയില്‍ നിന്ന് മുന്നണി ബന്ധം അവസാനിപ്പിച്ചെന്ന് ജെ.എസ്.എസ് രാജന്‍ ബാബു വിഭാഗം. മുന്നണിയില്‍ തുടരാനില്ലെന്ന് വ്യക്തമാക്കി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ളയ്ക്ക് രാജന്‍ബാബു കത്ത് നല്‍കി.

എന്‍.ഡി.എയില്‍ പരിഗണന ലഭിക്കുന്നില്ലെന്നും മുന്നണിയുമായി ചേര്‍ന്ന് പോകാനാകില്ലെന്നും വ്യക്തമാക്കിയാണ് ജെ.എസ്.എസ് എന്‍.ഡി.എ സഖ്യം ഉപേക്ഷിച്ചത്.

“എന്‍.ഡി.എ നടത്തുന്ന കാമ്പയിനുകള്‍പോലും ഒന്നോ രണ്ടോ ഘടകകക്ഷികളെ വിളിച്ച് തീരുമാനിക്കുകയാണ് പതിവ്. ഈ പ്രവണത ഒരു മുന്നണി സംവിധാനത്തിന് ചേര്‍ന്നതല്ല. ഘടകകക്ഷികള്‍ എല്ലാംതന്നെ അസംതൃപ്തരാണെന്നും” ജനറല്‍ സെക്രട്ടറി രാജന്‍ ബാബു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


“ആലപ്പുഴയില്‍ നല്‍കിയിരുന്ന കണ്‍വീനര്‍ സ്ഥാനം അറിയിക്കാതെ എടുത്തുമാറ്റി. ഇത് ചോദ്യം ചെയ്തപ്പോള്‍ ചെറിയ ഘടകകക്ഷിയുടെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ മറ്റുകക്ഷികള്‍ക്ക് ബുദ്ധിമുട്ടുണ്ടെന്നാണ് പറഞ്ഞത്”- രാജന്‍ ബാബു പറഞ്ഞു.

“എന്‍.ഡി.എ ബന്ധം കാരണം വിഘടിച്ചുനില്‍ക്കുന്ന ജെ.എസ്.എസ് വിഭാഗങ്ങളെ ഒന്നിപ്പിച്ച് പാര്‍ട്ടി ശാക്തീകരിക്കുകയാണ് പ്രഥമ ലക്ഷ്യം. കൂടാതെ, മുന്നണിയുമായി ബന്ധം ഒഴിവാക്കണമെന്ന് ഗൗരിയമ്മയും പറഞ്ഞിരുന്നു. ആര്‍.എസ്.പി, കേരള കോണ്‍ഗ്രസ് വിഭാഗങ്ങളേയും ലയിപ്പിച്ച് പ്രസ്ഥാനം വിപുലീകരിക്കും. ഭാവിപരിപാടികള്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കും. ഏതുമുന്നണിയിലേക്ക് പോയാലും പ്രസ്ഥാനത്തിന്റെ നിലനില്‍പാണ് പ്രധാനമെന്നും” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


സി.പി.ഐ.എമ്മുമായി സഹകരിച്ച് മുന്നോട്ട് പോകാനുളള കെ.ആര്‍.ഗൗരിയമ്മയുടെ തീരുമാനത്തില്‍ വിയോജിച്ചാണ് രാജന്‍ ബാബു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് എന്‍.ഡി.എയില്‍ ചേര്‍ന്നത്. നേരത്തെ ആദിവാസി നേതാവ് സി.കെ. ജാനു എന്‍.ഡി.എ സംഖ്യം ഉപേക്ഷിച്ചിരുന്നു.