തിരുവനന്തപുരം: തെറ്റ് ഏറ്റുപറഞ്ഞ് ജെ.എസ്.എസ് നേതാവ് രാജന്‍ ബാബു. തനിക്ക് തെറ്റ് പറ്റിപ്പോയെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനൊപ്പമുള്ള യാത്ര ഒഴിവാക്കാമായിരുന്നെന്ന് പിന്നീട് ആലോചിച്ചപ്പോള്‍ മനസിലായെന്നും രാജന്‍ ബാബു പറഞ്ഞു.
യു.ഡി.എഫിന് എസ്.എന്‍.ഡി.പിയുമായി ബന്ധമില്ലെങ്കില്‍ തനിക്കും ബന്ധമില്ല. യു.ഡി.എഫില്‍ തന്നെ ഉറച്ചുനില്‍ക്കുമെന്നും രാജന്‍ ബാബു പറഞ്ഞു.
വെള്ളാപ്പള്ളി നടേശന് ജാമ്യം ലഭിക്കാനായി ഹാജരായ രാജന്‍ ബാബു നിലപാട് വ്യക്തമാക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
പാര്‍ട്ടി പ്രവര്‍ത്തനവും പാര്‍ട്ടിക്കെതിരായി സംസാരിക്കുന്നവര്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരാകുകയെന്ന രണ്ട് കാര്യവും കൂടി ഒന്നിച്ച് മുന്നോട്ട് കൊണ്ട് പോവുക സാധ്യമല്ല. അതിനാല്‍ തന്നെ രാജന്‍ ബാബു എവിടെ നില്‍ക്കുന്നുവെന്ന് വ്യക്തമാക്കേണ്ടിയിരിക്കുന്നുവെന്നും സുധീരന്‍ പറഞ്ഞിരുന്നു.
രാജന്‍ ബാബുവിനെതിരെ യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചനും രംഗത്തെത്തിയിരുന്നു. രാജന്‍ ബാബുവിന്റെ നടപടി തീര്‍ത്തും തെറ്റാണ്. കക്ഷി നേതാക്കളുമായി ആലോചിച്ചശേഷം രാജന്‍ ബാബുവിനെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും പി.പി. തങ്കച്ചന്‍ പറഞ്ഞിരുന്നു.
മതസ്പര്‍ധ വളര്‍ത്തുന്ന പ്രസംഗം നടത്തിയ വെള്ളാപ്പള്ളി നടേശന് വേണ്ടി ജെ.എസ്.എസ് സംസ്ഥാന സമിതി അംഗമായ രാജന്‍ബാബു കോടതിയില്‍ ഹാജരായ നടപടിക്കെതിരെ കടുത്ത നിലപാടുമായി യു.ഡി.എഫ് രംഗത്തെത്തുമെന്നാണ് കരുതുന്നത്.