ഹൃത്വിക്കിനെ തരംതാഴ്ത്തണമെന്ന ഉദ്ദേശം എനിക്കില്ലായിരുന്നു, തെറ്റുപറ്റി: രാജമൗലി
Entertainment news
ഹൃത്വിക്കിനെ തരംതാഴ്ത്തണമെന്ന ഉദ്ദേശം എനിക്കില്ലായിരുന്നു, തെറ്റുപറ്റി: രാജമൗലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 16th January 2023, 1:03 pm

ഹൃത്വിക് റോഷനുമായി പ്രഭാസിനെ താരതമ്യപ്പെടുത്തുന്ന സംവിധായകന്‍ രാജമൗലിയുടെ പഴയ വീഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്ന് രാജമൗലിക്കെതിരെ വലിയ വിമര്‍ശനങ്ങളുമായി ആരാധകര്‍ രംഗത്ത് വരുകയും ചെയ്തിരുന്നു. എന്നാല്‍ അന്ന് വിവാദങ്ങള്‍ക്കെതിരെ സംവിധായകന്‍ പ്രതികരിച്ചിരുന്നില്ല.

2023ലെ ഓസ്‌കാര്‍ നോമിനേഷനുകള്‍ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി യു.എസില്‍ തന്റെ സിനിമയായ ആര്‍.ആര്‍.ആറിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു അദ്ദേഹം. എന്നാലിപ്പോള്‍ തന്റെ പഴയ വീഡിയോയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദത്തെ കുറിച്ച് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് രാജമൗലി.

ന്യൂയോര്‍ക്ക് ഫിലിം ക്രിട്ടിക്‌സ് സര്‍ക്കിള്‍ അവാര്‍ഡിന്റെ റെഡ്കാര്‍പ്പറ്റില്‍ വെച്ച് നടത്തിയ അഭിമുഖത്തിലാണ് തന്റെ പഴയ വീഡിയോയിലെ ചില പരാമര്‍ശങ്ങള്‍ തെറ്റാണെന്ന് അദ്ദേഹം സമ്മതിച്ചത്. തന്റെ വാക്കുകളുടെ തെരഞ്ഞെടുപ്പ് നല്ലതല്ലായിരുന്നു എന്ന് രാജമൗലി പറഞ്ഞു. രാജമൗലിയുടെ പ്രതികരണത്തിന് രാജമൗലിക്ക് അഭിനന്ദനങ്ങളുമായെത്തുകയാണ് ആരാധകര്‍ ഇപ്പോള്‍.

‘വളരെ കാലം മുമ്പ് നല്‍കിയ അഭിമുഖമാണിത്. എന്നാല്‍ അത് പറയാനായി ഞാന്‍ ഉപയോഗിച്ച വാക്കുകള്‍ നല്ലതല്ലായിരുന്നു. ഞാന്‍ അത് സമ്മതിക്കുക തന്നെ വേണം. ഒരിക്കലും ഹൃത്വിക്കിനെ തരംതാഴ്ത്തുക എന്ന ഉദ്ദേശം എനിക്കില്ലായിരുന്നു. ഞാന്‍ ഹൃത്വിക്കിനെ വളരെയധികം ബഹുമാനിക്കുന്നു,’ രാജമൗലി പറഞ്ഞു.

പഴയ വീഡിയോയില്‍ ഹൃത്വിക് റോഷന്‍ പ്രഭാസിന്റെ മുമ്പില്‍ ഒന്നുമല്ലെന്നാണ് രാജമൗലി പറഞ്ഞത്. എന്തുകൊണ്ടാണ് ധൂം പോലെയുള്ള സിനിമകള്‍ ബോളിവുഡില്‍ മാത്രം നിര്‍മിക്കപ്പെടുന്നതെന്ന് താന്‍ ചിന്തിച്ചിരുന്നെന്നും ഹൃത്വിക് റോഷനെ പോലെയുള്ള താരങ്ങള്‍ നമുക്കില്ലേയെന്നും അദ്ദേഹം ചോദിച്ചിരുന്നു.

‘രണ്ട് വര്‍ഷം മുമ്പ് ധൂം 2 റിലീസായപ്പോള്‍ എന്തുകൊണ്ടാണ് ഇതുപോലെ നിലവാരമുള്ള സിനിമകള്‍ ബോളിവുഡില്‍ മാത്രം ഉണ്ടാകുന്നതെന്ന് ഞാന്‍ ചിന്തിച്ചിരുന്നു. ഹൃത്വിക് റോഷനെ പോലെയുള്ള നായകന്മാര്‍ നമുക്കില്ലേ. ബില്ലയുടെ പോസ്റ്ററും ട്രൈയിലറുമൊക്കെ കണ്ടിരുന്നു. പ്രഭാസിന് മുമ്പില്‍ ഹൃത്വിക് റോഷന്‍ ഒന്നുമല്ല,’ എന്നായിരുന്നു പഴയ വീഡിയോയില്‍ രാജമൗലി പറഞ്ഞത്.

content highlight: rajamouli talks about his old interview