ഹൈദരാബാദ്: കൊവിഡ് രണ്ടാം തരംഗത്തില്‍ ഒരുമിച്ച് നിന്ന് പോരാടാനും വാക്‌സിന് വിധേയരാകാനും ആഹ്വാനം ചെയ്ത് രാജമൗലി ചിത്രം ആര്‍.ആര്‍.ആര്‍ ടീം. മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലാണ് സന്ദേശം ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിലെ നായിക ആലിയ ഭട്ട്, സംവിധായകന്‍ രാജമൗലി, നടന്മാരായ രാം ചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍, അജയ് ദേവ്ഗണ്‍ എന്നിവരാണ് വീഡിയോ സന്ദേശത്തില്‍ ഉള്ളത്.
നേരത്തെ ചിത്രത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജ് കൊവിഡ് വിവരങ്ങള്‍ പങ്കുവെയ്ക്കുന്നതിനായി ടീം വിട്ടുനല്‍കിയിരുന്നു. ബാഹുബലിയുടെ വമ്പന്‍ വിജയത്തിനു ശേഷം രാജമൗലി ഒരുക്കുന്ന ചിത്രത്തില്‍ രാം ചരണും ജൂനിയര്‍ എന്‍.ടി.ആറുമാണ് നായകന്മാരാവുന്നത്.
ആര്‍.ആര്‍.ആര്‍ എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുന്നതിനിടെയാണ് കൊവിഡ് രണ്ടാം തരംഗം രൂക്ഷമായത്. കൊവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം 2020 ഒക്ടോബര്‍ ആദ്യവാരത്തോടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചത്.
2021 ജനുവരി 8ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. പിന്നീട് റിലീസ് തിയ്യതി മാറ്റുകയായിരുന്നു. പത്ത് ഭാഷകളിലായാണ് ചിത്രം റിലീസിനെത്തുക.
ചരിത്രവും ഫിക്ഷനും കൂട്ടിച്ചേര്‍ത്താണ് ചിത്രം ഒരുക്കുന്നത്. രുധിരം, രൗദ്രം, രണം എന്നാണ് ആര്‍.ആര്‍.ആര്‍ എന്ന പേരിന്റെ പൂര്‍ണ്ണരൂപം.
കൊമരു ഭീം, അല്ലൂരി സീതരാമ രാജു തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളുടെ സാങ്കല്‍പ്പിക കഥയാണ് ചിത്രം. തെന്നിന്ത്യയില്‍ നിന്നും ബോളിവുഡില്‍ നിന്നുമുള്ള വന്‍ താരനിരയാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്.
450 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ്‍, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഡി.വി.വി. ദാനയ്യയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. കെ. കെ. സെന്തില്‍കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം: എം.എം. കീരവാണി. പി.ആര്‍.ഒ ആതിര ദില്‍ജിത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Rajamouli speaks Malayalam; The RRR team called to join the Covid 19 defense