| Saturday, 4th January 2025, 8:05 am

എന്റെ ആ വലിയ സ്വപ്‌നത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് ആര്‍.ആര്‍.ആര്‍: രാജമൗലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ ഹൈപ്പില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു രാജമൗലിയുടെ ആര്‍.ആര്‍.ആര്‍. ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ അനൗണ്‍സ്‌മെന്റ് മുതല്‍ക്ക് തന്നെ ചിത്രം ഹൈപ്പിന്റെ പരകോടിയിലായിരുന്നു. മൂന്ന് വര്‍ഷത്തോളം നീണ്ടുനിന്ന ഷൂട്ടിനൊടുവില്‍ 2022ലാണ് ചിത്രം പുറത്തിറങ്ങിയത്. ബോക്‌സ് ഓഫീസില്‍ 1000 കോടിക്കുമുകളില്‍ ചിത്രം സ്വന്തമാക്കി. ഓസ്‌കര്‍ വേദിയിലും ചിത്രം തിളങ്ങിയിരുന്നു.

രണ്ട് നായകന്മാര്‍ ഒരൊറ്റ ലക്ഷ്യത്തിന് വേണ്ടി പ്രയത്‌നിക്കുക എന്ന ചിന്തയില്‍ നിന്നാണ് ആര്‍.ആര്‍.ആര്‍ എന്ന സിനിമയിലേക്ക് താന്‍ എത്തിയതെന്ന് പറയുയാണ് രാജമൗലി. റാം ചരണും ജൂനിയര്‍ എന്‍.ടി.ആറും ചിത്രത്തിനായി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും ചിത്രത്തിന്റെ വിജയം കൂടുതല്‍ ഊര്‍ജം തന്നെന്നും രാജമൗലി പറഞ്ഞു.

ചിത്രം ഇന്ത്യയില്‍ സ്വീകരിക്കപ്പെടുമെന്ന് ഉറപ്പായിരുന്നെന്നും എന്നാല്‍ വിദേശരാജ്യങ്ങളില്‍ ചിത്രത്തിന് കിട്ടിയ റെസ്‌പോണ്‍സ് തന്നെ അത്ഭുതപ്പെടുത്തിയെന്നും രാജമൗലി കൂട്ടിച്ചേര്‍ത്തു. ലോസ് ആഞ്ചലസിലെ തിയേറ്ററില്‍ സിനിമ കണ്ടപ്പോള്‍ അവിടെയുള്ള പ്രേക്ഷകര്‍ ആര്‍.ആര്‍.ആറിനെ സ്വീകരിച്ച രീതി കണ്ട് ഞെട്ടിയെന്നും രാജമൗലി പറഞ്ഞു.

ഓസ്‌കര്‍ ക്യാമ്പയിനിന്റെ ഭാഗമായുള്ള പ്രദര്‍ശനങ്ങള്‍ക്കിടെ സ്റ്റീവന്‍ സ്പീല്‍ബര്‍ഗ്, ജെയിംസ് കാമറൂണ്‍ തുടങ്ങിയവര്‍ ചിത്രത്തെ പ്രശംസിച്ചത് ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത അനുഭവമായിരുന്നെന്നും രാജമൗലി കൂട്ടിച്ചേര്‍ത്തു. ഓസ്‌കര്‍ നേടിയതിന് ശേഷമാണ് ആര്‍.ആര്‍.ആര്‍ പൂര്‍ത്തിയായതായി തോന്നിയതെന്നും രാജമൗലി പറഞ്ഞു.

ഇന്ത്യന്‍ സിനിമയെക്കുറിച്ച് വിദേശികള്‍ കൂടുതലായി അറിയാന്‍ ശ്രമിച്ചത് ആര്‍.ആര്‍.ആറിന് ശേഷമാണെന്നും അതില്‍ തനിക്ക് അഭിമാനമുണ്ടെന്നും രാജമൗലി പറഞ്ഞു. തന്റെ ഏറ്റവും വലിയ സ്വപ്‌നമായ മഹാഭാരതം പ്രൊജക്ടിലേക്കുള്ള ആദ്യ ചുവടാണ് ആര്‍.ആര്‍.ആര്‍ എന്ന സിനിമയെന്നും രാജമൗലി കൂട്ടിച്ചേര്‍ത്തു. ചിത്രത്തെക്കുറിച്ച് പുറത്തിറങ്ങിയ ആര്‍.ആര്‍.ആര്‍: ബിഹൈന്‍ഡ് ആന്‍ഡ് ബിയോണ്ട് എന്ന ഡോക്യുമെന്ററിയിലാണ് രാജമൗലി ഇക്കാര്യം പറഞ്ഞത്.

‘തുല്യശക്തിയുള്ള രണ്ട് നായകന്മാര്‍, ഒരൊറ്റ ലക്ഷ്യത്തിന് വേണ്ടി ഒന്നിക്കുന്നു എന്ന ചിന്തയായിരുന്നു ആര്‍.ആര്‍.ആറിന്റെ കോര്‍. അതിലേക്ക് സ്വാതന്ത്ര്യ സമരവും മറ്റ് കാര്യങ്ങളും പിന്നീട് ചേര്‍ത്തതാണ്. ചരണും താരകും ചിത്രത്തിനായി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. സിനിമയുടെ വിജയം കടുതല്‍ ഊര്‍ജം നല്‍കുന്നതായിരുന്നു. ആര്‍.ആര്‍.ആര്‍ ഇന്ത്യയില്‍ സ്വീകരിക്കുമെന്ന് ഉറപ്പായിരുന്നു. പക്ഷേ വിദേശത്ത് അതിന് കിട്ടിയ സ്വീകരണം അത്ഭുതപ്പെടുത്തി.

ലോസ് ആഞ്ചലസിലെ തിയേറ്ററില്‍ അവിടത്തെ പ്രേക്ഷകര്‍ സിനിമയെ ആഘോഷിച്ചത് കണ്ട് ഞെട്ടിപ്പോയി, ഓസ്‌കര്‍ ക്യാമ്പയിനിന്റെ ഇടയില്‍ ഞാന്‍ ഒരുപാട് ആരാധിക്കുന്ന സ്റ്റീവന്‍ സ്പീല്‍ബെര്‍ഗ്, ജെയിംസ് കാമറൂണ്‍ പോലുള്ള ലെജന്‍ഡുകള്‍ ആര്‍.ആര്‍.ആറിനെപ്പറ്റി സംസാരിച്ചത് ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത അനുഭവമായിരുന്നു.

ഓസ്‌കര്‍ നേടിയതിന് ശേഷമാണ് ആര്‍.ആര്‍.ആര്‍. പൂര്‍ത്തിയായതായി തോന്നിയത്. ഇന്ത്യന്‍ സിനിമയിലേക്ക് ലോകം തിരിഞ്ഞുനോക്കാന്‍ തുടങ്ങിയത് ആര്‍.ആര്‍.ആറിന് ശേഷമാണ്. അതില്‍ എനിക്ക് അഭിമാനമുണ്ട്. എന്നെ സംബന്ധിച്ച് ആര്‍.ആര്‍.ആര്‍ ഒരു തുടക്കം മാത്രമാണ്. എന്റെ സ്വപ്‌ന സിനിമയായ മഹാഭാരതത്തിലേക്കുള്ള ആദ്യ ചുവടാണ് ആര്‍.ആര്‍.ആര്‍,’ രാജമൗലി പറഞ്ഞു.

Content Highlight: Rajamouli says RRR is the first step to his dream project

We use cookies to give you the best possible experience. Learn more