ഒട്ടേറെ വ്യത്യസ്തങ്ങളായ സിനിമകളെ സമ്മാനിച്ച സംവിധായകനാണ് എസ്. എസ് രാജമൗലി. അദ്ദേഹത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ബാഹുബലി, മഗധീര, നാന്‍ ഈ എന്നീ സിനിമകളെല്ലാം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. രാജമൗലിയുടെ സംവിധാനത്തില്‍ രാം ചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ ചിത്രം ‘ആര്‍.ആര്‍.ആര്‍’ റിലീസിനൊരുങ്ങുകയാണ്.
ആര്‍.ആര്‍.ആര്‍ ചിത്രത്തില്‍ അജയ് ദേവ്ഗണും ആലിയ ഭട്ടും അതിഥി വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്. സിനിമയില്‍ അതിഥി വേഷങ്ങളിലേക്ക് ഇവര്‍ രണ്ടുപേരെയും തെരഞ്ഞെടുക്കാനുള്ള കാരണത്തെ പറ്റി പറയുകയാണ് അദ്ദേഹം. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് രാജമൗലി സിനിമയെ കുറിച്ച് സംസാരിക്കുന്നത്.
‘മുഴുനീള വേഷങ്ങളിലല്ല, അതിഥി വേഷങ്ങളിലാണ് ഇരുവരും ചിത്രത്തില്‍ വരുന്നത്. സിനിമയിലെ ചില പ്രധാന വേഷങ്ങള്‍ നന്നായി അവതരിപ്പിക്കാന്‍ കഴിയുന്ന ശക്തരായ അഭിനേതാക്കളെ എനിക്ക് ആവശ്യമായിരുന്നു. കാരണം, സിനിമയില്‍ അവരുടെ സാന്നിധ്യം കുറവാണെങ്കിലും അതില്‍ അവര്‍ ഉണ്ടാക്കുന്ന സ്വാധീനം വലുതാണ്.
രണ്ട് ശക്തരായ കഥാപാത്രങ്ങള്‍ക്കിടയില്‍ പിടിച്ചുനില്‍ക്കുകയും ആ വലിയ ശക്തികളെ ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ഒരു കഥാപാത്രം ഞങ്ങള്‍ക്ക് വേണം. സിനിമയിലുള്ള ചുരുങ്ങിയ സമയത്തിനുള്ളില്‍ ആ കഥാപാത്രം അത് ചെയ്യണം. അതുകൊണ്ട് ആ വേഷം ചെയ്യാന്‍ അതുപോലുള്ള നിലവാരവും കഴിവും ഉള്ള ഒരു നടിയെ വേണമായിരുന്നു എനിക്ക്. അങ്ങനെ ഞാന്‍ ആലിയ ഭട്ടിനെ തെരഞ്ഞെടുത്തു.
അതുപോലെ തന്നെ ആയിരുന്നു അജയ് ദേവ്ഗണിന്റെ റോളും. മുഖത്ത് സത്യസന്ധത കാണിക്കുന്ന ഒരു നടനെ ഞങ്ങള്‍ക്ക് ആവശ്യമായിരുന്നു. ആ കഥാപാത്രം പറയുന്ന ഓരോ വരികളും നാം വിശ്വസിക്കണം. അങ്ങനെ ഞാന്‍ അജയ് സാറിനെ സമീപിക്കുകയായിരുന്നു.
1920കളുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ആര്‍.ആര്‍.ആര്‍ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ രണ്ട് സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. യഥാര്‍ത്ഥ ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ലാത്ത ഇവര്‍ പരസ്പരം കണ്ടാല്‍ സംഭവിക്കാവുന്ന കാര്യങ്ങളുടെ ഭാവനയിലാണ് ചിത്രത്തിന്റെ കഥ സഞ്ചരിക്കുന്നത്.
ഡി.വി.വി എന്റടെയിന്‍മെന്റ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്. രാജമൗലിയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. എം.എം. കീരവാണിയാണ് ചിത്രത്തിന്റെ സൗണ്‍ഡ് ട്രാക്കും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. കെ.കെ.സെന്തില്‍ കുമാര്‍ ഛായാഗ്രഹണവും എ. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. സാബു സിറിളാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍, വി.ശ്രീനിവാസ് മോഹനാണ് വിഷ്വല്‍ ഇഫക്റ്റുകള്‍ക്ക് മേല്‍നോട്ടം വഹിച്ചത്.
സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍, ഒലീവിയ മോറിസ്, ശ്രിയ ശരണ്‍ എന്നിവര്‍ ചിത്രത്തില്‍ സഹകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ ഭാഷകള്‍ക്ക് പുറമേ ഇംഗ്ലീഷ്, കൊറിയന്‍, ടര്‍ക്കിഷ്, സ്പാനിഷ് ഭാഷകളിലായി മാര്‍ച്ച് 25നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
Content Highlights: Rajamouli says about Ajay Devgn’s and Alia Bhatt’s role in RRR