| Sunday, 13th November 2022, 11:40 am

അല്ലൂരി സീതാരാമ രാജുവും കൊമരം ഭീമും വീണ്ടുമെത്തുന്നു; ആര്‍.ആര്‍.ആര്‍. സീക്വലുമായി എസ്.എസ്. രാജമൗലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2022ലെ ഏറ്റവും വലിയ വിജയമായ ഇന്ത്യന്‍ സിനിമകളിലൊന്നാണ് എസ്.എസ്. രാജമൗലിയുടെ സംവിധാനത്തിലൊരുങ്ങിയ ആര്‍.ആര്‍.ആര്‍. അല്ലൂരി സീതരാമ രാജു, കൊമരം ഭീം എന്നീ രണ്ട് ചരിത്ര പുരുഷന്മാരെ ഭാവനാത്മകമായി ഒന്നിച്ചുകൊണ്ടുവന്ന രാജമൗലി മാജിക് ഇന്ത്യക്ക് പുറത്തുമുള്ള സിനിമാ പ്രേമികള്‍ ഏറ്റെടുത്തിരുന്നു.

ആര്‍.ആര്‍.ആറിന്റെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് അമേരിക്കയിലാണ് ഇപ്പോള്‍ രാജമൗലി. പരിപാടിയില്‍ പങ്കെടുക്കുന്നതിനിടയില്‍ ആര്‍.ആര്‍.ആര്‍ രണ്ടാം ഭാഗത്തെ പറ്റിയുള്ള ചോദ്യങ്ങളുയര്‍ന്നിരുന്നു.

ചോദ്യത്തോട് അനുകൂലമായാണ് രാജമൗലി പ്രതികരിച്ചത്. കഥയെ പറ്റിയുള്ള ചില ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും സീക്വല്‍ നിര്‍മിക്കാനുള്ള പ്ലാനുകളുണ്ടെന്നും രാജമൗലി പറഞ്ഞു.

1200 കോടിയോളം രൂപയാണ് ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും ചിത്രം സ്വന്തമാക്കിയത്. രാം ചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍, ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍ ശ്രീയ ശരണ്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.

അടുത്തിടെ ജപ്പാനിലും ചിത്രം പ്രദര്‍ശനത്തിനെത്തിയിരുന്നു. റിലീസിന് പിന്നാലെ ജപ്പാന്‍ ബോക്സ് ഓഫീസില്‍ പ്രഭാസിന്റെ സാഹോയുടെ പേരിലുണ്ടായിരുന്ന റെക്കോഡ് ആര്‍.ആര്‍.ആര്‍ തകര്‍ത്തിരുന്നു. ആദ്യ ദിനം 1.06 കോടി രൂപ നേടിക്കൊണ്ടാണ് രാജമൗലി ചിത്രം പുതിയ റെക്കോഡ് കരസ്ഥമാക്കിയത്. ആദ്യ ദിനം 90 ലക്ഷമാണ് സാഹോ നേടിയത്.

Content Highlight: Rajamouli said that there are plans to make sequel of rrr

We use cookies to give you the best possible experience. Learn more