| Friday, 8th March 2024, 5:26 pm

പ്രേമലു കണ്ടു, എന്റെ ഇഷ്ട കഥാപാത്രം അതാണ്: രാജമൗലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോഴും തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ് പ്രേമലു. ഏറെക്കാലത്തിന് ശേഷം മലയാളത്തില്‍ വന്ന പെര്‍ഫെക്ട് റോം കോം എന്റര്‍ടാനറാണ് പ്രേമലു. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രം ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള ടീനേജ് പ്രണയകഥയാണ് പറയുന്നത്.

കേരളത്തിലെ വന്‍ വിജയത്തിന് പിന്നാലെ ചിത്രത്തിന്റെ തെലുങ്ക് ഡബ്ബ് വേര്‍ഷന്‍ ഇന്ന് റിലീസായിരിക്കുകയാണ്. സംവിധായകന്‍ രാജമൗലിയുടെ മകന്‍ എസ്.എസ്. കാര്‍ത്തികേയയാണ് തെലുങ്ക് ഡബ്ബിങ് റൈറ്റ്‌സ് വാങ്ങിയത്. ആന്ധ്ര, തെലുങ്കാന എന്നിവിടങ്ങള്‍ക്ക് പുറമെ യു.എസിലും 100ലധികം സ്‌ക്രീനുകളിലാണ് തെലുങ്ക് പതിപ്പ് റിലീസായിരിക്കുന്നത്. തെലുങ്ക് പതിപ്പ് കണ്ട സംവിധായകന്‍ രാജമൗലി തന്റെ അഭിപ്രായം പങ്കുവെച്ചു.

‘പ്രേമലു തെലുങ്കില്‍ കാര്‍ത്തികേയ ചെയ്തതില്‍ വളരെ സന്തോഷം. ആദ്യം മുതല്‍ അവസാനം വരെ ചിരിയുടെ പൂരമായിരുന്നു. മീമുകളും പുതിയകാലത്തെ യുവാക്കളുടെ ഭാഷകളും പെര്‍ഫക്ടായി സിനിമയില്‍ ഉള്‍പ്പെടുത്തിയതില്‍ എഴുത്തുകാരന്‍ വിജയിച്ചു. ട്രെയ്‌ലര്‍ കണ്ടപ്പോള്‍ തന്നെ റീനുവിനെ ഇഷ്ടമായി. സച്ചിന്‍ എന്ന കഥാപാത്രം ലവബിളാണ്. എന്നിരുന്നാലും എന്റെ ഫേവറിറ്റ് കഥാപാത്രം ആദിയാണ്. ജെ.കെ….. ജസ്റ്റ് കിഡ്ഡിങ്’ രാജമൗലി തന്റെ പോസ്റ്റില്‍ കുറിച്ചു.

ഇതുവരെ 75 കോടിക്ക് മുകളില്‍ സിനിമ കളക്ട് ചെയ്തു കഴിഞ്ഞു. തെലുങ്ക് പതിപ്പിനും മികച്ച പ്രതികരണം വന്നതോടെ ഈ വര്‍ഷത്തെ രണ്ടാമത്തെ 100 കോടി സിനിമയാകുമെന്നാണ് കളക്ഷന്‍ പേജുകള്‍ വിലയിരുത്തുന്നത്. നസ്‌ലെന്‍, മമിത ബൈജു, ശ്യാം മോഹന്‍, സംഗീത് പ്രതാപ്, അഖില ഭാര്‍ഗവന്‍, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തനും, ഫഹദ് ഫാസിലും, ശ്യാം പുഷ്‌കരനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Content Highlight: Rajamouli’s opinion after watching Premalu

We use cookies to give you the best possible experience. Learn more