ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ റെക്കോര്‍ഡ് കളക്ഷനുമായ് മുന്നേറുകയാണ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി 2. ഗ്രാഫിക്‌സുകളുടെ പുതിയ ലോകം ഇന്ത്യന്‍ സിനിമയ്ക്ക് പരിചയപ്പെടുത്തിയ ബാഹുബലി അതിനേക്കാള്‍ ശ്രദ്ധ നേടിയത് താരങ്ങളുടെ കാസ്റ്റിങ്ങിന്റെ പേരിലായിരുന്നു.
കഥാപാത്രങ്ങളെ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടു കൊണ്ടായിരുന്നു താരങ്ങള്‍ അഭിനയിച്ചത്. ചിത്രം ഹിറ്റായതിനു പിന്നാലെ വേഷങ്ങള്‍ ഉപേക്ഷിച്ച താരങ്ങളുടെ വാര്‍ത്തകളും പുറത്ത് വന്നിരുന്നു. അതില്‍ പ്രധാനപ്പെട്ടത് ശിവഗാമി ദേവിയുടെ വേഷത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ട ശ്രീദേവിയുടെതായിരുന്നു.
എന്നാല്‍ ശ്രീദേവിയെ ഒഴിവാക്കിയത് തങ്ങളുടെ ഭാഗ്യമാണെന്നാണ് രാജമൗലി തന്നെ പറയുന്നത്. താരത്തിന് പകരമായയെത്തിയ രമ്യ കൃഷ്ണന്‍ വേഷം ശക്തമായ രീതിയില്‍ തന്നെ അവതരിപ്പിച്ചതോടെയാണ് ശ്രീദേവിയുടെ പിന്മാറ്റം തങ്ങള്‍ക്ക് അനുകൂലമായെന്ന് രാജമൗലി പറഞ്ഞത്.
തെലുങ്ക് ചാനലിലെ ഓപ്പണ്‍ ഹാര്‍ട്ട് എന്ന പരിപാടിയിലാണ് സംവിധായകന്‍ മനസ് തുറന്നത്. “നാഷണല്‍ ഓഡിയന്‍സിനെ കണ്ടാണ് ശ്രീദേവിയെ പരിഗണിച്ചത്. അന്ന് രമ്യ കൃഷ്ണനേക്കാള്‍ താരമൂല്യവും ശ്രീദേവിക്കായിരുന്നു. എന്നാല്‍ വലിയ തുകയാണ് അവര്‍ ആവശ്യപ്പെട്ടത്. അതിനു പുറമേ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍, ഷൂട്ടിങിനായി മുംബൈയില്‍ നിന്ന് ഹൈദരാബാദിലേയ്ക്ക് ബിസ്സിനസ്സ് ടിക്കറ്റ് തുടങ്ങി നിരവധി നിബന്ധനകളും ബാഹുബലി ഹിന്ദി പതിപ്പിന്റെ ഷെയറും.” സംവിധായകന്‍ പറഞ്ഞു.