ഒടുവില്‍ സംവിധാനം ചെയ്ത മൂന്ന് ചിത്രങ്ങളും ഇന്ത്യന്‍ സിനിമയുടെ അഭിമാനമാക്കിയ ബ്രഹ്മാണ്ഡ സംവിധായകനാണ് എസ്.എസ്. രാജമൗലി.
ഇന്ത്യന്‍ സംസ്‌കാരങ്ങളുടെ അടിസ്ഥാനത്തില്‍ കഥ പറയുമ്പോഴും ലോകത്തെ എല്ലവര്‍ക്കും കാണാവുന്ന രീതിയിലുള്ള യൂണിവേഴ്സല്‍ ടച്ചാണ് രാജമൗലിയെ വ്യത്യസ്തനാക്കുന്നത്. ഇപ്പോഴിതാ ഇത്തരത്തിലുള്ള സിനിമകള്‍ ലോകത്തെ മുഴുവന്‍ ആളുകളുടെ മുന്നിലും കൊണ്ട് വെക്കാനുള്ള ആ യൂണിവേഴ്സല്‍ ടച്ചിനെ കുറിച്ച് സംസാരിക്കുകയാണ് രാജമൗലി.
നെറ്റ്ഫ്‌ലിക്‌സ് റുസ്സോ ബ്രദേഴ്‌സിനെയും രാജമൗലിയെയും ചേര്‍ത്ത് ഒരുക്കിയ ദി ‘ഡയറക്ടട്ടെഴ്‌സ് ചെയര്‍’ എന്ന പരിപാടിയിലാണ് രാജമൗലി ഇക്കാര്യം പറഞ്ഞത്.
ഒരു നല്ല കഥ ലോകം മുഴുവന്‍ നല്ല കഥ തന്നെ ആയിരിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും. ദേശങ്ങള്‍, ഭാഷകള്‍ ഒക്കെ ഭേദിച്ച് ഒരു ചിത്രം ലോകം മുഴുവന്‍ ആളുകളെ കാണിക്കുന്നതിന് നിരവധി കടമ്പകള്‍ കടക്കണമെന്നും അദ്ദേഹം പറയുന്നു.
എന്നാല്‍ പ്രധാന കടമ്പ നമ്മുടെ വിശ്വാസം തന്നെയാണെന്നും ലോകം മുഴുവന്‍ കാണാന്‍ പാകത്തിന് ഒരു കഥയല്ല എന്ന് നമ്മള്‍ വിചാരിക്കുന്ന ഇടത്ത് വലിയ സിനിമകള്‍ ഉണ്ടാകില്ല എന്നുമാണ് രാജമൗലി പറയുന്നത്.
‘ എന്റെ സിനിമകള്‍ എല്ലാവര്‍ക്കും കാണാന്‍ സാധിക്കുമെന്ന് വിശ്വസിപ്പിക്കേണ്ടത് ഞാനാണ്. എനിക്ക് അത് സാധിച്ചില്ലെങ്കില്‍ വലിയ ചിത്രങ്ങള്‍ ചെയ്യാന്‍ സാധിക്കില്ല. നമ്മുടെ കഥ ലോകത്തെ മുഴവന്‍ ആളുകള്‍ക്കും കാണാന്‍ കഴിയുന്ന ഒന്നാണെന്ന് വിശ്വസിപ്പിക്കാന്‍ സാധിക്കണം.
എല്ലായിടത്തും മനുഷ്യ വികാരങ്ങള്‍ ഒന്നാണ്. സുഹൃത്ത് ബന്ധം ആയാലും, പ്രണയമായാലും, കുടുംബമായാലും ഇന്ത്യയില്‍ ഉള്ളത് തന്നെയാണ് ജപ്പാനിലുമുള്ളത്’, രാജമൗലി പറയുന്നു.
റയാന്‍ ഗോസ്ലിങ് നായകനായ ദിഗ്രേ മാന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടാണ് മൂവരും ഒന്നിച്ച പരിപാടി നടന്നത്. ജൂലൈ 22നാണ് ചിത്രം നെറ്റ് ഫ്‌ലിക്‌സില്‍ സ്ട്രീമിങ് ആരംഭിച്ചത്. റയാന്‍ ഗോസ്ലിങ്ങിനൊപ്പം ധനുഷും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ക്രിസ് ഇവാന്‍സ്, അനാ ഡെ അര്‍മാസ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രത്തിന് സമ്മിശ്ര പ്രതികരണം ആണ് ലഭിക്കുന്നത്. മാര്‍ക്ക് ഗ്രീനിയുടെ നോവലിനെ ആസ്പദമാക്കിയാണ് ദി ഗ്രേ മാന്‍ ഒരുക്കിയിരിക്കുന്നത്. നെറ്റ്ഫ്‌ലിക്‌സ് നിര്‍മിച്ച ഏറ്റവും ചെലവേറിയ സിനിമയുമാണ് ഗ്രേ മാന്‍.
Content Highlight : Rajamouli About How he make movies for the global Audience