2022 ല്‍ തെന്നിന്ത്യയാകെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ‘ആര്‍.ആര്‍.ആര്‍’. ജൂനിയര്‍ എന്‍.ടി.ആറും, രാം ചരണും ഒന്നിക്കുന്ന ചിത്രം രണ്ട് സ്വാതന്ത്ര്യസമര സേനാനികളുടെ കഥയാണ് പറയുന്നത്.
ചിത്രത്തിന്റെ ടീസറും പാട്ടുകളും പുറത്ത് വന്നപ്പോള്‍ തന്നെ സംഘട്ടനങ്ങളും ആക്ഷനും നിറഞ്ഞുനില്‍ക്കുന്ന സംഭവബഹുലമായ കഥയാണെന്ന് പ്രതീതി ഉണ്ടായിരുന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ ഒരു പ്രണയകഥയായിരുന്നു ആദ്യം പ്ലാന്‍ ചെയ്തിരുന്നതെന്ന് വെളിപ്പെടുത്തുകയാണ് രാജമൗലി.
നിങ്ങള്‍ സംവിധാനം ചെയ്യുന്ന പ്രണയകഥ ആരെങ്കിലും കാണുമോ എന്ന ഭാര്യയുടെ ചോദ്യത്തിന് മുന്നില്‍ താന്‍ പരിഭ്രമിച്ചു പോയെന്നും പിന്നീട് കഥയുടെ ട്രാക്ക് മാറ്റുകയായിരുന്നുവെന്നും രാജമൗലി പറയുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ രാജമൗലി തുറന്ന് പറഞ്ഞത്.
‘രാം ചരണിനോടും ജൂനിയര്‍ എന്‍.ടി.ആറിനോടും ഒരു പ്രണയകഥയാണ് ആദ്യം പറഞ്ഞത്. അവര്‍ക്കത് ഇഷ്ടപ്പെട്ടു. അതിനു ശേഷം എന്റെ ഭാര്യ ചോദിച്ചു; നിങ്ങള്‍ സംവിധാനം ചെയ്യുന്ന ലവ് സ്‌റ്റോറി ആരാണ് കാണാന്‍ പോകുന്നത്?, ആ ചോദ്യം കേട്ട് ഞാന്‍ പരിഭ്രമിച്ചു. അതിനു ശേഷം ട്രാക്ക് മാറ്റാന്‍ തീരുമാനിച്ചു. രണ്ട് സ്വാതന്ത്ര്യസമരസേനാനികളുടെ ഐതിഹാസികമായ കഥ പറയാമെന്ന് വിചാരിച്ചു. അതിനു ശേഷം ഞാന്‍ തിരിഞ്ഞു നോക്കിയില്ല,’ രാജമൗലി പറഞ്ഞു.
രാം ചരണും ജൂനിയര്‍ എന്‍.ടി.ആറും തമ്മിലുള്ള സുഹൃദ്ബന്ധമാണ് അവരെ ചിത്രത്തിലേക്ക് തെരഞ്ഞെടുക്കാനുള്ള ഒരു പ്രധാനകാരണമെന്നും രാജമൗലി പറഞ്ഞു. അവര്‍ തമ്മിലുള്ള ബോണ്ടും പരസ്പര സഹകരണവും അവരെ തെരഞ്ഞെടുക്കാന്‍ കാരണമായി. മാത്രമല്ല പരസ്പരം ഫാന്‍സ് പോരുകളുള്ള രണ്ടുപേരും ഒന്നിക്കുന്നതിലൂടെ അവര്‍ തമ്മിലുള്ള സുഹൃദ് ബന്ധം കാണിക്കുവാനും സാധിക്കുമെന്നും രാജമൗലി പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ആര്‍.ആര്‍.ആറിന്റെ കേരളത്തിലെ പ്രൊമോഷന്‍ തിരുവനന്തപുരത്ത് നടന്നത്. രാജമൗലിയും, ജൂനിയര്‍ എന്‍.ടി.ആറും, രാം ചരണും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
ടൊവിനോ തോമസായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. ചിത്രം റിലീസ് ചെയ്യുമ്പോള്‍ ആദ്യം തിയേറ്ററില്‍ പോയി കാണുന്നവരില്‍ ഒരാള്‍ താനായിരിക്കുമെന്നാണ് ടൊവിനോ ചടങ്ങില്‍ പറഞ്ഞത്. മിന്നല്‍ മുരളിയുടെ വിജയത്തില്‍ അഭിനന്ദനങ്ങള്‍ അറിയിച്ച മൂവരും സിനിമ വിജയിപ്പിക്കണമെന്നും പ്രേക്ഷകരോട് അഭ്യര്‍ത്ഥിച്ചു.
2022 ജനുവരി 7 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. റിലീസിന് മുമ്പ് തന്നെ കോടികളുടെ ബിസിനസ് ചിത്രം സ്വന്തമാക്കിയിരുന്നു. 450 കോടി രൂപയില്‍ ഒരുങ്ങിയ ചിത്രം റിലീസിന് മുമ്പ് തന്നെ 325 കോടി രൂപയാണ് സ്വന്തമാക്കിയത്.
ഡിജിറ്റല്‍ സാറ്റ്‌ലൈറ്റ് അവകാശത്തിലൂടെയാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. സീ 5, നെറ്റ്ഫ്‌ളിക്‌സ്, സ്റ്റാര്‍ഗ്രൂപ്പ് മുതലായവയാണ് റൈറ്റ് സ്വന്തമാക്കിയ കമ്പനികള്‍. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം ഇറങ്ങും.
ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ബോളിവുഡിലെയും ടോളിവുഡിലേയും പ്രമുഖ താരങ്ങളാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്. വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ.
ജൂനിയര്‍ എന്‍.ടി.ആര്‍. കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്.
ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കുന്നത്. രുധിരം, രണം, രൗദ്രം, എന്നാണ് ആര്‍.ആര്‍.ആര്‍. എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്. 450 കോടി മുതല്‍മുടക്കില്‍ ഒരുങ്ങിയ ചിത്രത്തില്‍ ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ബാഹുബലിക്ക് ശേഷമുള്ള രാജമൗലിയുടെ ചിത്രം കൂടിയാണ് ആര്‍.ആര്‍.ആര്‍. ചിത്രത്തിന്റെ എഡിറ്റിംഗ് ശ്രീകര്‍ പ്രസാദും ഛായാഗ്രഹണം കെ.കെ. സെന്തില്‍ കുമാറും നിര്‍വഹിക്കുന്നു. ഡി.വി.വി. ദാനയ്യയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. സംഗീതം: എം.എം. കീരവാണി. പി.ആര്‍.ഒ. ആതിര ദില്‍ജിത്.