| Sunday, 23rd October 2022, 5:38 pm

രാജമാണിക്യം സംവിധാനം ചെയ്യാനിരുന്നത് അദ്ദേഹമായിരുന്നു, അന്‍വറിലേക്ക് ചിത്രമെത്തിയത് അവസാന നിമിഷം; സന്തോഷ് ദാമോദരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഭാഷാരീതികൊണ്ടും പശ്ചാത്തലം കൊണ്ടും മലയാളത്തില്‍ വേറിട്ടുനിന്ന ചിത്രമായിരുന്നു രാജമാണിക്യം. കോമഡിയും സെന്റിമെന്റ്സും എല്ലാം നിറഞ്ഞ പക്ക കൊമേര്‍ഷ്യല്‍ എന്റര്‍ടെയ്നര്‍ ആയിരുന്നു രാജമാണിക്യം. മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി അന്‍വര്‍ റഷീദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അന്‍വര്‍ റഷീദ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയായിരുന്നു രാജമാണിക്യം.

എന്നാല്‍ അന്‍വര്‍ റഷീദിന് പകരം രഞ്ജിത്തായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍ എന്ന് പറയുകയാണ് നടനും നിര്‍മാതാവുമായ സന്തോഷ് ദാമോദരന്‍. സിനിമയുടെ ചിത്രീകരണം തുടങ്ങാന്‍ ഒരാഴ്ചമാത്രം ബാക്കി നില്‍ക്കെയായിരുന്നു രഞ്ജിത്തിന്റെ പിന്മാറ്റമെന്നാണ് സന്തോഷ് പറയുന്നത്. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘രഞ്ജിത്ത് ആയിരുന്നു ചിത്രം സംവിധാനം ചെയ്യാനിരുന്നത്. ചന്ദ്രോത്സവം സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് രാജമാണിക്യത്തിന്റെ എഴുത്തൊക്കെ നടക്കുന്നത്. പാലക്കാട് കെല്ല മുഹമ്മദ് എന്ന് പറഞ്ഞ് ഒരാളുണ്ട്. പുള്ളിയെ കണ്ടാണ് കഥ എഴുതിയത്. അയാളുടെ പോത്തുകളെ തന്നെയൊക്കെയാണ് സിനിമയില്‍ ഉപയോഗിച്ചതും. അന്‍വര്‍ റഷീദ് രഞ്ജിത്തിന്റെ അസോസിയേറ്റ് ഡയറക്ടര്‍ ആയിരുന്നു. രഞ്ജിത്ത് പിന്നീട് മാറി അന്‍വറിനെ ഏല്‍പ്പിക്കുകയായിരുന്നു.

മമ്മൂട്ടിയോട് ആണ് രഞ്ജിത്ത് ആദ്യം പറയുന്നത്. ഞാന്‍ ചെയ്യുന്നില്ല അന്‍വറിനെ കൊണ്ട് ചെയ്യിക്കാം എന്ന് രഞ്ജിത് പറഞ്ഞു. മമ്മൂക്ക അന്‍വറിനെ കൊണ്ട് ചെയ്യിക്കുന്നതില്‍ കുഴപ്പമില്ല നീ കൂടെ ഉണ്ടാവണം എന്ന് പറഞ്ഞു. പിന്നീട് പ്രൊഡ്യൂസറെ വിളിച്ചു വരുത്തി കാര്യം പറഞ്ഞു. പുള്ളി ഞങ്ങള്‍ക്ക് കഴിക്കാന്‍ ബിരിയാണിയൊക്കെ കൊണ്ട് വന്നപ്പോഴായിരുന്നു ഇക്കാര്യം പറഞ്ഞത്. ഷൂട്ട് തുടങ്ങുന്നതിന് ഒരാഴ്ച്ച മുന്‍പാണ് സംഭവം.

രഞ്ജിത്ത് എല്ലാം മുന്നോട്ട് കൊണ്ടുപോയതാണ്. ഒരുദിവസം ഗിരീഷ് മുകളിലിരുന്ന് പാട്ട് എഴുതുകയാണ്. അന്‍വര്‍ അന്ന് അസിസ്റ്റന്റ് ആയിരുന്നു. പാട്ട് രഞ്ജിത്തിനെ കാണിക്കാന്‍ വേണ്ടി അന്‍വര്‍ പോയപ്പോഴാണ് അന്‍വറാണ് സംവിധാനം ചെയ്യുന്നതെന്ന് അദ്ദേഹത്തോട് പറയുന്നത്,’ സന്തോഷ് കൂട്ടിച്ചേര്‍ക്കുന്നു.

കുറച്ചുദിവസം രഞ്ജിത് കൂടെയുണ്ടായിരുന്നുവെന്നും പിന്നീട് ഒഴിയുകയായിരുന്നുവെന്നും സന്തോഷ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

‘ഒരു ഉച്ച സമയത്ത് അന്‍വറിന് വന്ന ഭാഗ്യമാണത്. അയാളുടെ തലവര മാറി. അന്‍വര്‍ ചെയ്യട്ടെ ഞാന്‍ കൂടെ നില്‍കാം എന്നൊക്കെ പറഞ്ഞാണ് തുടങ്ങിയത്. കുറച്ചു ദിവസം രഞ്ജിത്ത് ഉണ്ടായിരുന്നു എന്ന് തോന്നുന്നു. പിന്നീട് അന്‍വറിന് കഴിയും എന്ന് തോന്നിയപ്പോള്‍ പോയതാണെന്ന് തോന്നുന്നു. ഒറ്റയടിക്ക് വിട്ടെറിഞ്ഞു പോയത് ഒന്നുമല്ല. മറ്റൊരാളുടെ സ്‌ക്രിപ്റ്റ് ചെയ്യുന്നതിലെ ബുദ്ധിമുട്ടാണോ ഇനിയെന്ന് അറിയില്ല. അതോ ഇനി അന്‍വറിനെ കൊണ്ട് പറ്റും എന്നത് കൊണ്ടാണോ എന്നും വ്യക്തമല്ല,’ സന്തോഷ് പറയുന്നു.

ടി.എ. ഷാഹിദിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തില്‍ ബെല്ലാരി രാജ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. മികച്ച പ്രതികരണം നേടിയ ചിത്രം ബോക്സോഫീസ് കളക്ഷന്റെ കാര്യത്തിലും വലിയ നേട്ടമാണ് കൊയ്തത്.

മമ്മൂട്ടിക്കൊപ്പം റഹ്മാന്‍, മനോജ് കെ. ജയന്‍, സായികുമാര്‍, രഞ്ജിത്ത്, ഭീമന്‍ രഘു, സലീംകുമാര്‍, പദ്മപ്രിയ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. 2005 നവംബറിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്.

Content Highlight: Rajamanikyam was to be directed by him, the film came to Anwar at the last moment; Santhosh Damodaran

We use cookies to give you the best possible experience. Learn more