| Wednesday, 14th June 2023, 7:57 am

അവന്‍ സമ്പാദിക്കുന്നത് അവന് വേണ്ടി മാത്രമല്ല; ആരും കാണാതെ പോയ സഞ്ജുവിന്റെ നല്ല മനസ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ മറ്റേത് ടീമിലേക്ക് പോകാന്‍ സാധ്യതകളുണ്ടായിട്ടും അതിന് ശ്രമിക്കാതെ രാജസ്ഥാന്‍ റോയല്‍സിനെ ഉയരങ്ങളിലെത്തിക്കാനാണ് സഞ്ജു സാംസണ്‍ ആഗ്രഹിക്കുന്നതെന്ന് ടീമിന്റെ ഫിറ്റ്‌നെസ് ട്രെയ്‌നറായ രാജാമണി.

മറ്റൊരു വലിയ ടീമിന് വേണ്ടി രാജസ്ഥാന്‍ റോയല്‍സ് ഉപേക്ഷിക്കാന്‍ താന്‍ സഞ്ജുവിനോട് പറഞ്ഞിരുന്നുവെന്നും എന്നാല്‍ സഞ്ജു അത് നിഷേധിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്‌പോര്‍ട്‌സ് വികടന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ക്യാപ്റ്റന്റെ റോളില്‍ സഞ്ജുവും ട്രെയ്‌നറുടെ റോളില്‍ ഞാനുമെത്തിയ ആദ്യ സീസണ്‍ രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ച് മോശമായിരുന്നു. ദുബായില്‍ തോല്‍വി വഴങ്ങിയ ദിവസം സഞ്ജു ഏറെ നിരാശനായിരുന്നു. അന്ന് എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. പുലര്‍ച്ചെ രണ്ട് മണിയോടെ ഞാന്‍ അവനോട് സംസാരിച്ചു.

ക്യാപ്റ്റന്‍ എന്ന നിലയില്‍ ആദ്യ വര്‍ഷമാണ്, മറ്റേതെങ്കിലും ടീമിലേക്ക് പോകാം എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ഏത് വലിയ ടീമിലേക്കും നമുക്ക് രണ്ട് പേര്‍ക്കും പോകാന്‍ സാധിക്കുമെന്നും എന്നാല്‍ രാജസ്ഥാനെ വലിയ ടീം ആക്കണം എന്നാണ് താന്‍ ആഗ്രഹിക്കുന്നത് എന്നുമാണ് സഞ്ജു മറുപടി പറഞ്ഞത്,’ രാജാമണി പറഞ്ഞു.

ആര്‍. അശ്വിന്‍, യൂസ്വേന്ദ്ര ചഹല്‍, പ്രസിദ്ധ് കൃഷ്ണ പോലുള്ള താരങ്ങളെ ടീമിനെത്തിച്ചതിന് പിന്നില്‍ സഞ്ജു ആണെന്നും തന്നെ സംബന്ധിച്ച് സഞ്ജു രണ്ടാം എം.എസ്. ധോണിയാണെന്നും അദ്ദേഹം പറഞ്ഞു.

സഞ്ജു ഒരിക്കലും സ്വന്തം കാര്യം മാത്രം നോക്കുന്ന ആള്‍ അല്ലെന്നും, ഒപ്പമുള്ളവരും നന്നായി കാണാനാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്നും രാജാമണി അഭിമുഖത്തില്‍ വ്യക്തമാക്കി.

‘താന്‍ മാത്രം രക്ഷപ്പെടണമെന്ന് അവന്‍ ഒരിക്കലും ആഗ്രഹിക്കില്ല. കേരളത്തില്‍ ഏറ്റവുമധികം ആരാധകരുള്ളത് സഞ്ജുവിനാണ്. ഐ.പി.എല്ലില്‍ 15 കോടിയാണ് അവന്‍ വാങ്ങുന്നതെങ്കിലും യുവതാരങ്ങളുടെ പരിശീലനത്തിനും മറ്റുമായി അതില്‍ രണ്ട് കോടി അവന്‍ കമ്പനിക്ക് തന്നെ തിരികെ നല്‍കുന്നുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സഞ്ജു രാജസ്ഥാന്റെ ക്യാപ്റ്റന്‍സിയേറ്റെടുത്തതോടെയാണ് ടീമിന് പുത്തന്‍ ഉണര്‍വുണ്ടായത്. ഉദ്ഘാടന സീസണിന് ശേഷം ആദ്യമായി രാജസ്ഥാന്‍ റോയല്‍സ് ഫൈനല്‍ കണ്ടതും സഞ്ജുവിന് കീഴിലാണ്.

2022 സീസണില്‍ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനക്കാരായി പ്ലേ ഓഫില്‍ കടക്കുകയും ഫൈനല്‍ കളിക്കുകയും ചെയ്‌തെങ്കിലും കലാശപ്പോരാട്ടത്തില്‍ ഹര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സിനോട് പരാജയപ്പെടാനായിരുന്നു ടീമിന്റെ വിധി.

ഐ.പി.എല്‍ 2023ന്റെ ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചെങ്കിലും ചോദിച്ചു വാങ്ങിയ തോല്‍വികള്‍ കാരണം സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്താകാനായിരുന്നു ടീം ഹല്ലാ ബോലിന്റെ വിധി.

അടുത്ത സീസണില്‍ രാജസ്ഥാന്‍ പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരുമെന്നും കപ്പടിക്കുമെനന്നുമാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

Content Highlight: Rajamani about Sanju Samson

We use cookies to give you the best possible experience. Learn more