ഒരാഴ്ചക്കുള്ളില്‍ പെയ്തത് ശരാശരി ഒരു വര്‍ഷം കൊണ്ട് ലഭിക്കേണ്ട മഴ; പെട്ടിമുടി ദുരന്തത്തിന് കാരണം മേഘവിസ്‌ഫോടനമാകാമെന്ന് വിദഗ്ധര്‍
Kerala News
ഒരാഴ്ചക്കുള്ളില്‍ പെയ്തത് ശരാശരി ഒരു വര്‍ഷം കൊണ്ട് ലഭിക്കേണ്ട മഴ; പെട്ടിമുടി ദുരന്തത്തിന് കാരണം മേഘവിസ്‌ഫോടനമാകാമെന്ന് വിദഗ്ധര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 26th August 2020, 8:13 am

ഇടുക്കി: രാജമല പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടലിനു കാരണം മേഘവിസ്‌ഫോടനമാകാമെന്ന് വിദഗ്ധര്‍. ആഗസ്റ്റ് മാസം ആദ്യ വാരം രണ്ടായിരം മില്ലി മീറ്റര്‍ മഴയാണ് പെട്ടിമുടിയില്‍ ലഭിച്ചത്. ഇതിനൊപ്പം സമീപമലയില്‍ നിന്നുള്ള വെള്ളം കൂടി കുത്തിയൊലിച്ച് വന്നത് ഉരുള്‍പൊട്ടലിനു കാരണമായി എന്നാണ് നിഗമനം.

വളരെ കുറഞ്ഞ സമയത്ത് ഒരു പ്രദേശത്തുണ്ടാകുന്ന അതിശക്തമായ പേമാരിയാണ് മേഘവിസ്‌ഫോടനം. പൊതുവെ മണിക്കൂറില്‍ 100 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ ഒരു സ്ഥലത്ത് പെയ്താല്‍ അതിനെ മേഘവിസ്‌ഫോടനം ആയി കണക്കാക്കാം.

ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ സമയത്ത് പെട്ടിമുടിയില്‍ പെയ്തത് 612 മില്ലി മീറ്റര്‍ മഴയാണ്. ആഗസ്റ്റ് ഒന്നു മുതല്‍ ഏഴ് വരെ 2147 മില്ലി മീറ്റര്‍ മഴയാണ് ഇവിടെ പെയ്തത്.

കണ്ണന്‍ ദേവന്‍ മലനിരകളില്‍ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം മഴ ലഭിച്ചത്. ശരാശരി ഒരു വര്‍ഷം കിട്ടേണ്ട മഴയാണ് ഒരാഴ്ച കൊണ്ട് പെയ്തത്.

ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമായ പെട്ടിമുടിയില്‍ ക്വാറികളില്ല. മണ്ണിടിച്ചിലും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ മേഘവിസ്‌ഫോടനത്തെകുറിച്ച് പഠനം നടത്തണമെന്നാണ് വിദഗ്ധാഭിപ്രായം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ