Kerala News
മൂന്നര മീറ്റര്‍ ഉയരത്തില്‍ നിന്നും കുന്നിടിഞ്ഞു വീണ് പുഴപോലെയായി; രാജമല ദുരന്തത്തില്‍ 11 മരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Aug 07, 09:10 am
Friday, 7th August 2020, 2:40 pm

ഇടുക്കി: രാജമലയിലുണ്ടായ ദുരന്തത്തില്‍ മരണം 11 ആയി. ആറ് പുരുഷന്മാരുടെയും നാല് സ്ത്രീകളുടെയും ഒരു കുട്ടിയുടെയും മൃതദേഹമാണ് ഇത് വരെ ലഭിച്ചത്. രക്ഷാ പ്രവര്‍ത്തനം പുരോഗമിച്ചു കൊണ്ടിരിക്കുന്ന പ്രദേശത്ത് 12 പേരെയാണ് ഇതുവരെ രക്ഷപ്പെടുത്തിയത്.

55 പേര്‍ക്കായുള്ള തിരച്ചില്‍ നടന്നു കൊണ്ടിരിക്കുകായാണ്.

മൂന്നരമീറ്റര്‍ ഉയരത്തിലുള്ള കുന്നിടിഞ്ഞ് വീണാണ് അപകടമുണ്ടായതെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. കുന്നിടിഞ്ഞ ഭാഗം പൊട്ടി പുഴ പോലെയായെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഗുരുതരമായി പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളെജിലേക്ക് മാറ്റും.

പ്രദേശത്ത് മണ്ണിടിഞ്ഞ് എസ്റ്റേറ്റ് ലയങ്ങള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. കണ്ണന്‍ ദേവന്‍ പ്ലാന്റേഷന്‍ ലയത്തിലാണ് അപകടമുണ്ടായത്.

നിലവില്‍ നാട്ടുകാരും ഫയര്‍ ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നത്.

അതേസമയം രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്ത പ്രതിരോധ സേനയെ നിയോഗിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇടുക്കിയില്‍ നേരത്തെ തന്നെ സജ്ജമായിരുന്ന സംഘത്തോടാണ് രാജമലയിലേക്ക് പോകാന്‍ നിര്‍ദേശിച്ചത്.

ഇതിന് പുറമെ തൃശൂരില്‍ നിന്നുള്ള ഒരു സംഘം കൂടി ഇടുക്കിയിലെത്തും. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ പൊലീസ്, ഫയര്‍ഫോഴ്സ്, ഫോറസ്റ്റ്, റവന്യൂ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ