കൊച്ചി: സംഗീത സംവിധായകന്‍ ഗോപി സുന്ദറുമൊത്തുള്ള രസകരമായ അനുഭവം പങ്കുവെയ്ക്കുകയാണ് ഗായിക രാജലക്ഷ്മി. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രാജലക്ഷ്മി മനസ്സുതുറന്നത്.
‘ഗോപി ചേട്ടനെപ്പറ്റി പറയാനാണെങ്കില്‍ എനിക്ക് എന്റെ കുട്ടിക്കാലത്തിലേക്ക് പോകേണ്ടി വരും. കുട്ടിക്കാലത്ത് ഞാന്‍ മത്സരങ്ങളില്‍ പങ്കെടുക്കുമ്പോള്‍ സമ്മാനര്‍ഹരായവരുടെ ലിസ്റ്റില്‍ എന്റെ പേര് വായിക്കാറുണ്ട്.
ലളിത സംഗീതം ഒന്നാം സ്ഥാനം അല്ലെങ്കില്‍ വേറെന്തെങ്കിലും വിഭാഗത്തില്‍ സമ്മാനം എന്നിങ്ങനെ വിളിച്ച് പറയുമായിരുന്നു. അപ്പോള്‍ ആ വേദികളില്‍ സ്ഥിരം കേള്‍ക്കുന്നതാണ് തബല ഒന്നാം സ്ഥാനം ഗോപി സുന്ദര്‍ എന്ന്.
ഈ പേര് എല്ലാ സ്ഥലത്തും ഞാന്‍ കേട്ടിട്ടുണ്ട്. ചാര്‍ളിയില്‍ പാടുന്ന സമയത്ത് ഞാന്‍ ഗോപി ചേട്ടനുമായി നല്ല കൂട്ടായി. ഒരു ദിവസം ഞാന്‍ ചോദിച്ചു ചേട്ടന്റെ സ്ഥലം എവിടെയാണെന്ന്.
അപ്പോള്‍ എറണാകുളം ആണെന്ന് ഗോപി ചേട്ടന്‍ പറഞ്ഞു. പണ്ട് തബല, ഗോപി സുന്ദര്‍ എന്ന് അനൗണ്‍സ് ചെയ്തിരുന്ന, ആ ഗോപി സുന്ദര്‍ ചേട്ടനാണോ എന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ പുള്ളി പറഞ്ഞു ആ ഗോപി സുന്ദര്‍ തന്നെയാണ് താനെന്ന്. ഞാന്‍ അപ്പോള്‍ തന്നെ അമ്മയെ വിളിച്ച് പറഞ്ഞു,’ രാജലക്ഷ്മി പറഞ്ഞു.
മികച്ച ഗായികയ്ക്കുള്ള 2010- ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം നേടിയ ഗായികയാണ് രാജലക്ഷ്മി. ജനകന്‍ എന്ന ചലച്ചിത്രത്തിലെ ഒളിച്ചിരുന്നെ ഒന്നിച്ചൊളിച്ചിരുന്നെ എന്ന ഗാനത്തിനാണ് അവാര്‍ഡ് ലഭിച്ചത്.
മലയാളം കൂടാതെ ജാസി ഗിഫ്റ്റ് സംഗീതസംവിധാനം നിര്‍വഹിച്ച നാലു കന്നഡ ചലച്ചിത്രങ്ങളിലും രാജലക്ഷ്മി ഗാനം ആലപിച്ചിട്ടുണ്ട്.
രാമന്റെ ഏദന്‍തോട്ടത്തിലെ മാവിലക്കുടില്‍, ചാര്‍ളിയിലെ സ്‌നേഹം നീ നാഥാ, എന്നും എപ്പോഴും എന്ന ചിത്രത്തിലെ വിദ്യാസാഗറിന്റെ സംഗീതത്തില്‍ പാടിയ മലര്‍വാക കൊമ്പത്ത്, ഗീതാഞ്ജലിയിലെ ദൂരെ ദൂരെ അങ്ങനെ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന ഒരു പിടി ഗാനങ്ങള്‍ രാജലക്ഷ്മി പാടിയിട്ടുണ്ട്.