രാജാ പര്‍വേസ് അഷ്‌റഫ് പാക് പ്രധാനമന്ത്രി
World
രാജാ പര്‍വേസ് അഷ്‌റഫ് പാക് പ്രധാനമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd June 2012, 1:32 pm

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്റെ 25ാം പ്രധാനമന്ത്രിയായി പര്‍വേസ് അഷ്‌റഫ് തിരഞ്ഞെടുക്കപ്പെട്ടു. പാര്‍ലമെന്റിന്റെ അധോസഭയായ ദേശീയ അസംബ്ലിയുടെ പ്രത്യേക സമ്മേളനത്തില്‍ നടന്ന വോട്ടെടുപ്പില്‍ അഷ്‌റഫിന് 211 വോട്ടുകിട്ടിയപ്പോള്‍ എതിര്‍സ്ഥാനാര്‍ഥി പാകിസ്ഥാന്‍ മുസ്‌ലിം ലീഗിലെ (നവാസ്) സര്‍ദാര്‍ മെഹ്ത്താബ് അഹമ്മദ്ഖാന്‍ അബ്ബാസിക്ക് 89 വോട്ടേ കിട്ടിയുള്ളൂ.

സുപ്രീംകോടതി പുറത്താക്കിയ യൂസഫ് റാസാ ഗിലാനിക്കു പകരമാണ് വിവരസാങ്കേതികവിദ്യ മന്ത്രി രാജാ പര്‍വേസ് അഷറഫിനെ പ്രധാനമന്ത്രിയാക്കിയത്.

പഞ്ചാബിലെ രാജകുടുംബത്തില്‍ 1950 ഡിസംബര്‍ 26ന് ജനിച്ച രാജാ പര്‍വേസ് അഷ്‌റഫ് ഭൂട്ടോ കുടുംബത്തിന്റെ വിശ്വസ്തനായാണ് അറിയപ്പെടുന്നത്. ഇസ്‌ലാമാബാദിനടുത്ത് ഗുജര്‍ഖാനില്‍നിന്ന് പാര്‍ലമെന്റിലെത്തിയ അദ്ദേഹം 2008ലെ ഗീലാനി മന്ത്രിസഭയില്‍ വൈദ്യുതി, ജലമന്ത്രിയായി നിയമിതനായി. എന്നാല്‍ അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് 2011 ഫിബ്രവരിയില്‍ രാജിവെക്കേണ്ടിവന്നു. ഈ വര്‍ഷം ഏപ്രില്‍ 18ന് വിവരസാങ്കേതികവിദ്യാ മന്ത്രിയായി മന്ത്രിസഭയില്‍ തിരിച്ചെത്തി.

വൈദ്യുതിമന്ത്രിയായിരുന്ന കാലത്തെ അഴിമതിയുടെ പേരില്‍ അന്വേഷണം നേരിടുന്നയാളാണ് അഷ്‌റഫ്. കടുത്ത ഊര്‍ജപ്രതിസന്ധിയും പവര്‍ക്കട്ടുംകൊണ്ട് വലയുന്ന രാജ്യത്തെ പ്രശ്‌നപരിഹാരത്തിന് ഒന്നും ചെയ്യാനായില്ലെന്ന വിമര്‍ശനവും അദ്ദേഹത്തിന് നേരിടേണ്ടിവന്നു.

പ്രധാനമന്ത്രി സ്ഥാനത്തേക്ക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി നാമനിര്‍ദേശം ചെയ്ത മഖ്ദും ഷഹാബുദ്ദീനെതിരെ ലഹരി വിരുദ്ധസേന മജിസ്‌ട്രേട്ട് ഷഫ്കത്തുള്ള ഖാനാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച സാഹചര്യത്തിലാണു പര്‍വേസ് അഷറഫിനെ പ്രധാനമന്ത്രിയാക്കാന്‍ പി.പി.പി തീരുമാനിച്ചത്.

കോടതിയലക്ഷ്യക്കേസില്‍ സുപ്രീംകോടതി ശിക്ഷിച്ചതിനെത്തുടര്‍ന്ന് ഗീലാനി പാര്‍ലമെന്റംഗമല്ലാതായെന്നും ഏപ്രില്‍ 26 മുതല്‍ അദ്ദേഹം പ്രധാനമന്ത്രിയല്ലെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്നാണ് പാക്കിസ്ഥാനില്‍ പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കേണ്ടി വന്നത്. സര്‍ദാരിയുടെ കള്ളപ്പണ നിക്ഷേപത്തെക്കുറിച്ച് ആരാഞ്ഞ് സ്വിസ് സര്‍ക്കാരിനു കത്തെഴുതിയില്ലെന്നതാണ് ഗീലാനി ചെയ്ത കുറ്റം.