കാശ്മീര്‍ ലോകത്തിന് തന്നെ ഭീഷണിയെന്ന് രാജ പര്‍വേസ് അഷറഫ്
World
കാശ്മീര്‍ ലോകത്തിന് തന്നെ ഭീഷണിയെന്ന് രാജ പര്‍വേസ് അഷറഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 6th February 2013, 12:45 am

ഇസ്ലാമബാദ്: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള കാശ്മീര്‍ അതിര്‍ത്തി പ്രശ്‌നം ലോകത്തിന് തന്നെ ഭീഷണിയാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി രാജ പര്‍വേസ് അഷറഫ്.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അതിര്‍ത്തിപ്രശ്‌നത്തിന് പരിഹാരം കാണേണ്ടത് ലോകരാജ്യങ്ങളുടെ ആവശ്യമാണെന്നും പ്രശ്‌നം പരിഹരിക്കാനായി ഇന്ത്യയ്ക്ക് മേല്‍ അന്താരാഷ്ട്ര സമൂഹം സമ്മര്‍ദ്ദം ശക്തമാക്കണമെന്നും പര്‍വേസ് അഷറഫ് പറഞ്ഞു.[]

കാശ്മീരില്‍ കഴിയുന്നവരുടെ ഇഷ്ടാനുസരണം അവിടുത്തെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയണം. വിഷയത്തില്‍ അനവധി തവണ ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തിയതാണെങ്കിലും പരിഹാരമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല.

ഇനിയും ഇതേരീതി മുന്നോട്ട് കൊണ്ടുപോയാല്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഏത് ഘട്ടത്തിലും ഒരു പ്രശ്‌നത്തിന് സാധ്യത നിലനില്‍ക്കും. ഇന്ത്യയുമായി സൗഹൃദത്തില്‍ മുന്നോട്ട് പോകാനാണ് പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നത്. അതിനായി ഏത് ചര്‍ച്ചകള്‍ക്കും തയ്യാറാണ്.

അതിര്‍ത്തിയിലെ പ്രശ്‌നം പരിഹരിക്കേണ്ടത് ഇരുരാജ്യത്തിന്റേയും ആവശ്യമാണ്. കാശ്മീര്‍ പ്രശ്‌നം ദക്ഷിണേഷ്യയുടെ മാത്രം സമാധാനത്തിനും പുരോഗതിക്കും മാത്രമല്ല ഭീഷണിയുയര്‍ത്തുന്നത്. ലോകത്തിനാകമാനം ഭീഷണിയുയര്‍ത്തുന്ന പ്രശ്‌നമാണ്.

അതിനാല്‍ തന്നെ വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹംഅടിയന്തരമായി ഇടപെടണം. യു.എന്‍ പ്രമേയങ്ങളില്‍ കശ്മീരില്‍ ജനഹിതപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടും ഇന്ത്യ ആ പ്രദേശം ബലമായി കൈയടക്കി വച്ചിരിക്കുകയാണെന്നും പര്‍വേസ് അഷറഫ് കുറ്റപ്പെടുത്തി.