| Wednesday, 12th December 2018, 2:11 pm

'രാഹുല്‍ ഗാന്ധി പപ്പുവല്ല പരമ പൂജ്യന്‍, ബി.ജെ.പിയുടെ രാമക്ഷേത്രം വെച്ചുള്ള കളി ജനങ്ങള്‍ തിരിച്ചറിഞ്ഞു': രാജ്താക്കറെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: രാഹുല്‍ ഗാന്ധി ഇനി പപ്പുവല്ല പരമ പൂജ്യനെന്ന് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന നേതാവ് രാജ്താക്കറെ. രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച രാജ്താക്കറെ ബി.ജെ.പിയെ വിമര്‍ശിക്കുകയും ചെയ്തു.

“ഗുജറാത്തില്‍ രാഹുല്‍ ഗാന്ധി ഒറ്റയ്ക്കായിരുന്നു. കര്‍ണാടകയിലും അങ്ങനെതന്നെയായിരുന്നു. എപ്പോഴും ഒറ്റയ്ക്കാണ്. എന്നാല്‍ പപ്പു ഇപ്പോള്‍ പരമപൂജ്യനായിരിക്കുന്നു. അദ്ദേഹത്തിന്റെ നേതൃത്വം ദേശീയ തലത്തില്‍ സ്വീകരിക്കപ്പെട്ടിട്ടുണ്ടോ എന്ന് നിങ്ങള്‍ കാണാന്‍ പോവുകയാണ്”- രാജ് താക്കറെ പറഞ്ഞു.


“കഴിഞ്ഞ നാല് വര്‍ഷം മോദിജിയും അമിത്ഷായും പെരുമാറിയ രീതി ഇന്ത്യയിലെ ജനങ്ങള്‍ ഇപ്പോള്‍ വ്യക്തമായി തിരിച്ചറിഞ്ഞിരിക്കുന്നു. അവര്‍ എല്ലാ മേഖലയിലും പരാജയപ്പെട്ടു. എല്ലാ മേഖലയിലും പരാജയപ്പെട്ടവര്‍ ഒന്നും ഉയര്‍ത്തിക്കാട്ടാന്‍ ഇല്ലാത്തതിനാല്‍ രാമക്ഷേത്രം വെച്ച് കളിക്കുകയാണ്. എന്നാല്‍ ജനങ്ങള്‍ ബുദ്ധിയുള്ളവരാണ്. അവര്‍ ആ കളി തിരിച്ചറിഞ്ഞിരിക്കുന്നു”- കേന്ദ്ര നേതൃത്വത്തിനെതിരേ ശക്തമായ ആരോപണവും രാജ് താക്കറെ ഉന്നയിച്ചു.

അതേസമയം, മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുന്നയിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിനെ കണ്ടു. 121 എം.എല്‍.എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. എം.എല്‍.എമാര്‍ ഒപ്പിട്ട കത്തും ഗവര്‍ണര്‍ക്ക് കൈമാറി. നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.


രണ്ടു സീറ്റു നേടിയ ബി.എസ്.പിയും ഒരു സീറ്റ് ലഭിച്ച എസ്.പിയും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. വ്യക്തമായി ഭൂരിപക്ഷമില്ലാത്തതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കില്ലെന്നു ബി.ജെ.പിയും വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ശിവരാജ് സിങ് ചൗഹാന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയും ചെയ്തു.

മധ്യപ്രദേശില്‍ തങ്ങള്‍ക്കു ഭൂരിപക്ഷം ലഭിച്ചിട്ടില്ലെന്നു പറഞ്ഞ ചൗഹാന്‍, ബി.ജെ.പിയുടെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും പറഞ്ഞിരുന്നു. ഇന്ന് വൈകീട്ട് നാല് മണിക്ക് നിയമസഭാകക്ഷി യോഗം ചേരുന്നുണ്ട്. നിയമസഭാകക്ഷി നേതാവിനെ യോഗത്തില്‍ തെരഞ്ഞെടുക്കും. എന്നാല്‍ മുഖ്യമന്ത്രിയെ രാഹുല്‍ ഗാന്ധി തീരുമാനിക്കുമെന്നാണ് റിപ്പോര്‍ട്ട്.

We use cookies to give you the best possible experience. Learn more