മുംബൈ: 2019ഓടെ “മോദി മുക്ത് ഭാരത്” ഭാരതം സാധ്യമാക്കണമെന്നും പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തണമെന്നും ആഹ്വാനം ചെയ്ത് മഹാരാഷ്ട്ര നവ്‌നിര്‍മാണ്‍ സേന (എം.എന്‍.എസ്) നേതാവ് രാജ് താക്കറെ.
“നരേന്ദ്രമോഡിയും അദ്ദേഹത്തിന്റെ സര്‍ക്കാരും നല്‍കിയ തെറ്റായ വാഗ്ദാനങ്ങള്‍ രാജ്യത്തെ വശം കെടുത്തി”, മുംബൈ ശിവാജി പാര്‍ക്കിലെ റാലിയില്‍ തന്റെ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് താക്കറെ പറഞ്ഞു. “മോഡി മുക്ത് ഭാരത്” ഉറപ്പാക്കുന്നതിനായി ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും താഴെയിറക്കാന്‍ എല്ലാ പ്രതിപക്ഷ കക്ഷികളും ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. “1947 ല്‍ ഇന്ത്യക്ക് ആദ്യ സ്വാതന്ത്ര്യം ലഭിച്ചു, 1977 ല്‍ രണ്ടാമത്തേത് (അടിയന്തരാവസ്ഥയ്ക്കുശേഷം), 2019 ല്‍ ഇന്ത്യ മോഡി മുക്ത് ആയിത്തീരുമ്പോള്‍ മൂന്നാമത്തെ സ്വാതന്ത്ര്യവും”.
എന്നാല്‍, അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിനെ അനുകൂലിച്ച അദ്ദേഹം ഇതൊരു തെരഞ്ഞെടുപ്പ് വിഷയമായി ഉപയോഗിക്കരുതെന്നും പറഞ്ഞു. “രാം മന്ദിര്‍ കെട്ടിപ്പടുക്കണം, പക്ഷെ, അത് സമൂഹത്തെ വിഭജിച്ച് വോട്ടുകള്‍ ജയിക്കുവാനുള്ള ഒരു തിരഞ്ഞെടുപ്പ് തന്ത്രമായി ഉപയോഗിക്കരുത്,” അദ്ദേഹം പറഞ്ഞു.