പാക്ക് അഭിനേതാക്കളെ പിന്തുണച്ച സല്‍മാനെ ഒരു പാഠം പഠിപ്പിക്കേണ്ടതുണ്ടെന്നാണ് ശിവസേനാ നേതാവ് മനീഷാ കായന്തെയുടെ പ്രതികരണം. പാക്ക് അഭിനേതാക്കളോട് ഇത്രമാത്രം ഇഷ്ടമുണ്ടെങ്കില്‍ സല്‍മാന്‍ പാക്കിസ്ഥാനിലേക്ക് കുടിയേറണമെന്നും കായന്തെ പറഞ്ഞു.
മുംബൈ: ബോളിവുഡില്‍ അഭിനയിക്കാനെത്തിയ പാക്ക് അഭിനേതാക്കള്‍ ഇന്ത്യ വിടണമെന്ന് ആവശ്യപ്പെട്ടതിനെതിരെ നിലപാടെടുത്ത സല്‍മാന്‍ ഖാനെതിരെ ശിവസേന രംഗത്ത്.
പാക്ക് അഭിനേതാക്കളെ പിന്തുണച്ച സല്‍മാനെ ഒരു പാഠം പഠിപ്പിക്കേണ്ടതുണ്ടെന്നാണ് ശിവസേനാ നേതാവ് മനീഷാ കായന്തെയുടെ പ്രതികരണം. പാക്ക് അഭിനേതാക്കളോട് ഇത്രമാത്രം ഇഷ്ടമുണ്ടെങ്കില്‍ സല്‍മാന്‍ പാക്കിസ്ഥാനിലേക്ക് കുടിയേറണമെന്നും കായന്തെ പറഞ്ഞു.
ഇതിനിടെ സല്‍മാനെതിരെ മഹാരാഷ്ട്രാ നവനിര്‍മ്മാണ്‍ സേന(എം.എന്‍.എസ്) തലവന്‍ രാജ് താക്കറെയും രംഗത്തെത്തി. സൈനികര്‍ ആയുധങ്ങള്‍ താഴെയിട്ടാല്‍ ഇന്ത്യന്‍ അതിര്‍ത്തി സല്‍മാന്‍ സംരക്ഷിക്കുമോ എന്നായിരുന്നു താക്കറെയുടെ ചോദ്യം.
ഇത്തരം കലാകാരന്‍മാര്‍ ആദ്യം രാജ്യത്തിന് പ്രഥമ പരിഗണന നല്‍കണം. അല്ലെങ്കില്‍ അവരുടെ ചിത്രങ്ങള്‍ ഞങ്ങള്‍ നിരോധിക്കുമെന്നും രാജ് താക്കറെ കൂട്ടിച്ചേര്‍ത്തു.
ഷാരൂഖ് ഖാന്‍ ചിത്രം റയീസും രണ്‍ബീര്‍ കപൂര്‍-ഐശ്വര്യറായ് ചിത്രം യേ ദില്‍ ഹെ മുശ്കിലും രാജ്യത്ത് പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും എം.എന്‍.എസ് തലവന്‍ രാജ് താക്കറെ പറഞ്ഞു. പാക്ക് കലാകാരന്‍മാര്‍ക്ക് അവസരം നല്‍കുന്ന ബോളിവുഡ് സംവിധായകരും നിര്‍മ്മാതാക്കളും രാജ്യദ്രോഹികളാണെന്നും എം.എന്‍.എസ് നേരത്തെ പറഞ്ഞു.
പാക്ക് താരങ്ങള്‍ കാലാകാരന്‍മാരാണ്, തീവ്രവാദികളല്ലെന്ന് കഴിഞ്ഞദിവസം സല്‍മാന്‍ പറഞ്ഞിരുന്നു. അവര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള അനുവാദവും വീസയുമൊക്കെ നല്‍കുന്നത് സര്‍ക്കാരാണെന്നും സല്‍മാന്‍ പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ചാണ് ശിവസേന, എം.എന്‍.എസ് നേതാക്കളുടെ പ്രതികരണം.
പാക്ക് അഭിനേതാക്കളെ പിന്തുണച്ച് പ്രശസ്ത സംവിധായകന്‍ ശ്യാം ബെനഗലും രംഗത്തെത്തിയിരുന്നു. ഇന്ത്യയില്‍ നിന്നുള്ളവര്‍ വിളിച്ചതുകൊണ്ടാണ് പാക്ക് അഭിനേതാക്കള്‍ വന്നിരിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
എം.എന്‍.എസിനും ബി.ജെ.പിക്കും പിന്നാലെ ഇന്ത്യന്‍ മോഷന്‍ പിക്ചര്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഈ വിഷയത്തില്‍ നിലപാടെടുത്തിരുന്നു. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനില്‍ നിന്നുള്ള താരങ്ങള്‍ക്ക് ബോളിവുഡില്‍ വിലക്ക് ഏര്‍പ്പെടുത്തണമെന്നായിരുന്നു മുംബൈ ആസ്ഥാനമായ സംഘടനയുടെ തീരുമാനം. ഇതുസംബന്ധിച്ച് പ്രമേയവും പാസാക്കിയിരുന്നു.