മുംബൈ: നോട്ടുനിരോധനത്തിന് ശേഷം കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ നോട്ടുകളടിച്ചെന്നും ബി.ജെ.പി ഇതുകൊണ്ട് ലാഭമുണ്ടാക്കിയെന്നും മഹാരാഷ്ട്ര നവനിര്‍മാണ സേന പ്രസിഡന്റ് രാജ് താക്കറെ. ബി.ജെ.പിക്ക് കിട്ടുന്നത്ര മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊന്നും ഫണ്ട് കിട്ടുന്നില്ലെന്നും ഇത്രയും പണം എവിടെ നിന്നാണ് കിട്ടുന്നതെന്ന് ചോദിക്കേണ്ടതുണ്ടെന്നും രാജ്താക്കറെ പറഞ്ഞു.
ഗുജറാത്തില്‍ മോദിക്ക് ജനപ്രീതി നഷ്ടപ്പെട്ടെന്നും മോദി മുഖ്യമന്ത്രിയെ പോലെയല്ല പ്രധാനമന്ത്രിയെ പോലെ പെരുമാറണമെന്നും രാജ്താക്കറെ പറഞ്ഞു. മുംബൈയില്‍ ആജ്തക് ടി.വിയോട് പ്രതികരിക്കുകയായിരുന്നു താക്കറെ.
ഗുജറാത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പ്രതിപക്ഷം കൂടുതല്‍ ശക്തി പ്രാപിക്കുമെന്നും ശക്തിസന്തുലനത്തില്‍ പ്രകടമായ മാറ്റം ഉണ്ടാവുകയും ചെയ്യുമെന്നും രാജ്താക്കറെ പറഞ്ഞു.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ പ്രതിപക്ഷത്തിന്റെ ശക്തി ക്ഷയിച്ചോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താക്കറെ.
പ്രധാനമന്ത്രിയടക്കമുള്ള മന്ത്രിമാര്‍ ഗുജറാത്തില്‍ ഇത്രയധികം റാലികള്‍ നടത്തുന്നത് എന്തുകൊണ്ടാണെന്നും ഒരു സംസ്ഥാനത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ശരിയല്ലെന്നും രാജ്താക്കറെ പറഞ്ഞു. ഗുജറാത്തില്‍ വികസനം നടക്കുന്നുണ്ടെങ്കില്‍ ബി.ജെ.പി എന്തിനാണ് ഭയപ്പെടുന്നതെന്നും താക്കറെ ചോദിച്ചു.