| Thursday, 21st September 2023, 3:31 pm

കന്നഡ ശരിക്ക് ഉച്ചരിക്കാത്ത രശ്മിക പെട്ടെന്ന് തെലുങ്ക് പഠിച്ചത് ആളുകളെ പ്രകോപിപ്പിച്ചിട്ടുണ്ടാവാം: രാജ് ബി. ഷെട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടി രശ്മിക മന്ദാനക്ക് കര്‍ണാടക സിനിമ ഇന്‍ഡസ്ട്രിയിലും പ്രേക്ഷകര്‍ക്കുമിടയില്‍ എതിര്‍പ്പ് നേരിടുന്നതിനെ പറ്റി സംസാരിക്കുകയാണ് നടനും സംവിധായകനുമായ രാജ് ബി. ഷെട്ടി. കന്നഡയില്‍ നിന്നും വന്നിട്ടും കന്നഡ ശരിക്ക് ഉച്ചരിക്കാത്ത രശ്മിക തെലുങ്ക് പെട്ടെന്ന് പഠിച്ചത് ആളുകളെ പ്രകോപിപ്പിച്ചിട്ടുണ്ടാവാം എന്നാണ് രാജ് പറഞ്ഞത്.

റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ കന്നഡയില്‍ നിന്നെത്തിയ രശ്മികക്ക് മാത്രം എന്താണ് അവിടെ സ്വീകാര്യത ഇല്ലാത്തത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

‘എനിക്ക് തോന്നിയിട്ടുള്ള ഒരു കാരണം അവര്‍ക്ക് ശരിക്ക് കന്നഡ ഉച്ചരിക്കാനാവുന്നില്ല എന്നതാണ്. എന്നാല്‍ അവര്‍ തെലുങ്ക് വളരെ എളുപ്പത്തില്‍ പഠിച്ചു. അത് ഒരുപാട് ആളുകളെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇതെങ്ങനെ സംഭവിക്കുമെന്ന് അവര്‍ ചിന്തിക്കും.

എന്നാല്‍ അതിന് മുമ്പ് തന്നെ അവര്‍ക്ക് കനഡ ഉച്ചരിക്കാനാവാത്തതിന് പിന്നിലെ ഒരു ലോജിക്ക് എനിക്ക് തോന്നിയിരുന്നു. അവര്‍ കൊടവ സമുദായത്തില്‍ നിന്നുമാണ് വരുന്നത്. കൊടവ ഭാഷ കന്നഡയില്‍ നിന്നും വ്യത്യസ്തമാണ്. എന്നാല്‍ തെലുങ്കില്‍ ചെന്നപ്പോഴേക്കും അവര്‍ പെട്ടെന്ന് തെലുങ്ക് പഠിച്ചു. അതില്‍ ആളുകള്‍ക്ക് ദേഷ്യമുണ്ടായി.

എന്നാല്‍ വെറുപ്പാണ് അതിനുള്ള ശരിയായ വാക്ക് എന്ന് എനിക്ക് തോന്നുന്നില്ല. കര്‍ണാടകയില്‍ നിന്നും അവര്‍ കൂടുതല്‍ സ്‌നേഹവും സ്വീകാര്യതയും അര്‍ഹിക്കുന്നുണ്ട്,’ രാജ് പറഞ്ഞു.

റിഷഭ് ഷെട്ടി സംവിധാനം ചെയ്ത കന്നഡ ചിത്രം കിറുക്ക് പാര്‍ട്ടിയിലൂടെയാണ് രശ്മിക അഭിനയജീവിതം ആരംഭിക്കുന്നത്. രാക്ഷിത് ഷെട്ടിയുടെ പരംവാഹന്‍ പ്രൊഡക്ഷന്‍ ഹൗസാണ് ചിത്രം നിര്‍മിച്ചത്. പിന്നീട് ചിത്രത്തെ പറ്റിയുള്ള രശ്മികയുടെ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു.

പരംവാഹന്‍ പ്രൊഡക്ഷന്‍സിന്റെ പേര് പറയാതെ ‘പഠിക്കുന്ന സമയത്ത് ഈ പ്രൊഡക്ഷന്‍ ഹൗസ്( കൈ കൊണ്ട് ക്വോട്ടട് ആക്ഷന്‍ കാണിക്കുന്നു) എന്നെ സിനിമയിലേക്ക് വിളിച്ചു,’ എന്നാണ് ഒരു അഭിമുഖത്തില്‍ രശ്മിക പറഞ്ഞത്. പിന്നാലെ ആദ്യ ചിത്രം നിര്‍മിച്ച പ്രൊഡക്ഷന്‍സ് ഹൗസിന്റെ പേര് പോലും രശ്മികക്ക് പറയാനാവില്ലേ എന്ന് ചോദിച്ച് നിരവധി വിമര്‍ശനങ്ങള്‍ വന്നിരുന്നു.

രശ്മികക്ക് മറുപടിയുമായി പിന്നാലെ റിഷഭ് ഷെട്ടിയുമെത്തിയിരുന്നു. രഷ്മിക കൈ കൊണ്ട് കാണിച്ച അതേ ആക്ഷന്‍ ആവര്‍ത്തിച്ച് ‘ഈ ടൈപ്പ് നടിമാരെ ഇഷ്ടമല്ല’ എന്നാണ് റിഷഭ് പറഞ്ഞത്.

Content Highlight: Raj talks about the backlash actress Rashmika Mandana faced in the Karnataka film industry 

We use cookies to give you the best possible experience. Learn more