രാജ്‌മോഹന്‍ ഉണ്ണിത്താനുനേരെ കയ്യേറ്റം; കാറിന്റെ ചില്ലകള്‍ അടിച്ചുതകര്‍ത്തു: പിന്നില്‍ പെയ്ഡ് ഗ്രൂപ്പുകാരെന്ന് രാജ്‌മോഹന്‍
Daily News
രാജ്‌മോഹന്‍ ഉണ്ണിത്താനുനേരെ കയ്യേറ്റം; കാറിന്റെ ചില്ലകള്‍ അടിച്ചുതകര്‍ത്തു: പിന്നില്‍ പെയ്ഡ് ഗ്രൂപ്പുകാരെന്ന് രാജ്‌മോഹന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th December 2016, 1:09 pm

raj
കൊല്ലം: കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിനും പരസ്യമായ വാദപ്രതിവാദങ്ങള്‍ക്കും പിന്നാലെ രാജ്‌മോഹന്‍ ഉണ്ണിത്താന് നേരെ കയ്യേറ്റം. ഒരു വിഭാഗം ഡി.സി.സി പ്രവര്‍ത്തകര്‍ രാജ്‌മോഹന്‍ ഉണ്ണിത്താനു നേരെ ചീമുട്ടയെറിയുകയും അദ്ദേഹത്തിന്റെ കാറിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു.

കൊല്ലം ഡി.സി.സി ഓഫീസിനുമുമ്പിലായിരുന്നു സംഭവം. കോണ്‍ഗ്രസിന്റെ 131ാം ജന്മവാര്‍ഷികാചരണ ചടങ്ങില്‍ പങ്കെടുകക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.

ഡി.സി.സി ഓഫീസിനു മുമ്പിലെത്തിയ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വാഹനത്തിനുനേരെ മുദ്രാവാക്യം വിളിയുമായെത്തിയ പ്രവര്‍ത്തകര്‍ വാഹനം തടയുകയും കാറിന്റെ ഗ്ലാസുകള്‍ അടിച്ചുതകര്‍ക്കുകയുമായിരുന്നു. തുടര്‍ന്ന് രാജ്‌മോഹന്‍ ഉണ്ണിത്താനുനേരെ ചീമുട്ടയെറിയുകയും അദ്ദേഹത്തെ കയ്യേറ്റം ചെയ്യുകയും ചെയ്തു.


Dont Miss യു.പിയിലെ നോയിഡയില്‍ കെട്ടിട തൊഴിലാളികള്‍ക്ക് ശമ്പളമായി കിട്ടുന്നത് അസാധുനോട്ടുകള്‍: പണം സ്വീകരിക്കാത്ത തൊഴിലാളികളെ പിരിച്ചുവിട്ടെന്നും പരാതി


ഇതിനിടെ ഡി.സി.സി നേതാക്കള്‍ ഇടപെട്ട് അദ്ദേഹത്തെ ഡി.സി.സി ഓഫീസിലേക്കു കൊണ്ടുപോയി. അതേസമയം, തന്നെ ആക്രമിച്ചത് പെയ്ഡ് ഗ്രൂപ്പുകാരാണെന്നായിരുന്നു ഇതുസംബന്ധിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രതികരണം.

അതിനിടെ, നിലവിലെ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമെന്ന് കെ മുരളീധരന്‍ പ്രതികരിച്ചു. ഉണ്ണിത്താന്റെ പ്രസ്താവനകള്‍ക്ക് പിന്നില്‍ ചിലരുടെ ചരടുവലികള്‍ ഉണ്ടായിരുന്നു. തന്റേതായ നിലപാടുകള്‍ തനിക്കുണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കി.

കഴിഞ്ഞ രണ്ടുദിവസമായി കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് വഴക്ക് പാര്‍ട്ടി വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കോണ്‍ഗ്രസിനെയും പ്രതിപക്ഷമെന്ന നിലയിലുള്ള കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തെയും വിമര്‍ശിച്ച് കെ. മുരളീധരന്‍ രംഗത്തെത്തിയതാണ് വിവാദങ്ങളുടെ തുടക്കം.


Dont Miss കേന്ദ്രസര്‍ക്കാര്‍ വാദങ്ങള്‍ക്ക് തിരിച്ചടി: അസാധുവായ നോട്ടുകളുടെ 90% ലേറെ ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന് റിപ്പോര്‍ട്ട്


മുരളീധരന് മറുപടിയുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എത്തിയതോടെ ഇത് ഇരുവരും തമ്മിലുള്ള വാക്‌പോരിനു വഴിവെച്ചിരുന്നു. മുരളീധരന്‍ എതിരാളികളുടെ കയ്യില്‍ ആയുധം വെച്ചു കൊടുക്കുകയാണെന്നും പാര്‍ട്ടിവിട്ടുപോയ മുരളീധരനെ തിരിച്ചെടുത്തത് കോണ്‍ഗ്രസാണെന്നും പാലുകൊടുത്ത കൈക്ക് മുരളീധരന്‍ ഇപ്പോള്‍ കൊത്തുകയാണെന്നുമാണ് ഉണ്ണിത്താന്‍ പറഞ്ഞത്.

ഇതിനു പിന്നാലെ വീട്ടുകാര്‍ സംസാരിക്കുന്നിടത്ത് കുശിനികക്കാരന്‍ സംസാരിക്കേണ്ടതില്ലെന്നു പറഞ്ഞ് മുരളിയും രംഗത്തെത്തിയിരുന്നു. ഈ സംഭവങ്ങള്‍ക്കു പിന്നാലെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കോണ്‍ഗ്രസ് വക്താവ് സ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു.