| Tuesday, 12th December 2023, 3:54 pm

ഏഷ്യാ കപ്പില്‍ 13 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ്; സഹീറിന്റെയും അഗാര്‍ക്കറിന്റെയും പിന്‍ഗാമി അണിയറയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

U19 ഏഷ്യാ കപ്പില്‍ നേപ്പാളിനെ തകര്‍ത്ത് ഇന്ത്യ. ദുബായിലെ ഐ.സി.സി അക്കാദമി ഗ്രൗണ്ട് നമ്പര്‍ 2ല്‍ നടന്ന മത്സരത്തില്‍ പത്ത് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. നേപ്പാള്‍ ഉയര്‍ത്തിയ 53 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ കേവലം 43 പന്തില്‍ മറികടക്കുകയായിരുന്നു.

രാജ് ലിംബാനിയുടെ തകര്‍പ്പന്‍ ബൗളിങ് പ്രകടനമാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. ഏഴ് വിക്കറ്റ് വീഴ്ത്തിയാണ് ലിംബാനി ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായത്.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ടീം സ്‌കോര്‍ പത്ത് കടക്കുന്നതിന് മുമ്പ് തന്നെ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ട നേപ്പാളിന് പിന്നീടങ്ങോട്ടും നിലയുറപ്പിക്കാന്‍ സാധിച്ചില്ല. ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വിക്കറ്റ് വീഴ്ത്തിക്കൊണ്ടിരുന്നു.

11 പന്തില്‍ ഒരു റണ്‍സ് നേടിയ ദീപക് ബൊഹാരയെ പുറത്താക്കിയാണ് ലിംബാനി വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ ബോഹ്രയെ ആരാവല്ലി അവിനാഷിന്റെ കൈകളിലെത്തിച്ചാണ് ലിംബാനി പുറത്താക്കിയത്.

ശേഷം ഉത്തം മാഗര്‍, ക്യാപ്റ്റന്‍ ദേവ് ഖനാല്‍, ദീപക് ധുമ്രെ, ദീപക് ബൊഹാര, സുഭാഷ് ഭണ്ഡാരി, ഹേമന്ത് ധാമി എന്നിവരെയും ലിംബാനി പുറത്താക്കി.

മൂന്ന് മെയ്ഡന്‍ ഉള്‍പ്പെടെ 9.1 ഓവറില്‍ വെറും 13 റണ്‍സ് വഴങ്ങിയാണ് ലിംബാനി ഏഴ് വിക്കറ്റുകള്‍ പിഴുതെറിഞ്ഞത്.

0, 0 , 0 , 0 , 0 , 0 , 0, 0, WD, 0, 0, 0, 1 0, 0, W, 0, 0, 0, 0, 0, 0, W, 0, 0, 1, 0, 0, 0, 0, 0, W, W, 0, WD, 0, 0, 0, 0, 0, 4, 0, 0, 0,1, W, 1, 0, 0, 1, W, 0, 0, 0, 0, 0, 0 ,0, 2, W എന്നിങ്ങനെയാണ് ലിംബാനി പന്തെറിഞ്ഞത്.

ലിംബാനിക്ക് പുറമെ ആരാധ്യ ശുക്ല രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അര്‍ഷിന്‍ കുല്‍ക്കര്‍ണിയാണ് ശേഷിക്കുന്ന വിക്കറ്റ് വീഴ്ത്തിയത്.

ഇന്ത്യന്‍ നിരയില്‍ പന്തെറിഞ്ഞവരില്‍ സൗമി പാണ്ഡേക്ക് മാത്രമേ വിക്കറ്റ് ലഭിക്കാതിരുന്നത്. ഒരു മെയ്ഡന്‍ ഉള്‍പ്പെടെ രണ്ട് ഓവറാണ് താരം എറിഞ്ഞത്. ഒറ്റ റണ്‍സ് മാത്രമാണ് പാണ്ഡേ വിട്ടുനല്‍കിയത്.

53 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ വിജയിക്കുകയായിരുന്നു. അര്‍ഷിന്‍ കുല്‍ക്കര്‍ണി 30 പന്തില്‍ 43 റണ്‍സ് നേടിയപ്പോള്‍ ആദര്‍ശ് സിങ് 13 പന്തില്‍ 13 റണ്‍സും നേടി.

ഇതോടെ ഗ്രൂപ്പ് എ-യില്‍ ഒന്നാമതെത്താനും ഇന്ത്യക്കായി. മൂന്ന് മത്സരത്തില്‍ നിന്നും രണ്ട് ജയവും ഓരു തോല്‍വിയുമായി നാല് പോയിന്റാണ് ഇന്ത്യക്കുള്ളത്. രണ്ട് മത്സരത്തില്‍ നിന്നും രണ്ട് ജയത്തോടെ നാല് പോയിന്റുള്ള പാകിസ്ഥാനാണ് രണ്ടാമത്.

Content highlight: Raj Limbani’s brilliant bowling against Nepal in U19 Asia Cup

We use cookies to give you the best possible experience. Learn more