വ്യവസായിയും നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്ര പോണ്‍ ചിത്ര നിര്‍മ്മാണത്തിലൂടെ ചുരുങ്ങിയ കാലം കൊണ്ട് കോടികളാണ് സമ്പാദിച്ചതെന്നാണ് മുംബൈ പൊലീസ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. മുംബൈയിലേക്ക് അഭിനയമോഹവുമായെത്തുന്ന നിരവധി പെണ്‍കുട്ടികളെ കബളിപ്പിച്ചും പിന്നീട് ഭീഷണിപ്പെടുത്തിയുമായിരുന്നു പോണ്‍ ചിത്രങ്ങളില്‍ അഭിനയിപ്പിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
രാജ് കുന്ദ്രയും കൂട്ടാളികളും അറസ്റ്റിലായതിന് പിന്നാലെ അഡള്‍ട്ട് ഫിലിം മാര്‍ക്കറ്റില്‍ നടക്കുന്ന ഗുരുതര നിയമലംഘനങ്ങളും മനുഷ്യാവകാശലംഘനങ്ങളും പുറത്തുവന്നിരിക്കുകയാണ്.
എന്താണ് രാജ് കുന്ദ്രക്കെതിരെയുള്ള കേസ്? പോണ്‍ സൈറ്റുകള്‍ നിരോധിച്ച ഇന്ത്യയില്‍ പോണ്‍ ചിത്ര നിര്‍മ്മാണവും ആപ്പുകള്‍ വഴിയുള്ള പ്രചരണവും വരിസംഖ്യ വെച്ച് കോടികള്‍ സമ്പാദിക്കലും നടന്നതെങ്ങനെ?
പോണോഗ്രഫി നിരോധിച്ച ഇന്ത്യയില്‍ ലോക്ഡൗണ്‍ ആരംഭിച്ച ആദ്യ ആഴ്ചകളില്‍ തന്നെ പോണ്‍ കാണുന്നവരുടെ എണ്ണത്തില്‍ 20 ശതമാനത്തിന്റെ വര്‍ധനവുണ്ടായിരുന്നു. ഇങ്ങനെ പോണ്‍ ചിത്രങ്ങള്‍ക്ക് വെച്ചടി വെച്ചടി കയറ്റുമുണ്ടായത് കണ്ടായിരുന്നു ബിസിനസുകാരനായ രാജ് കുന്ദ്ര ഈ വഴിയിലേക്കെത്തുന്നത്.
ഹോട്‌ഷോട്‌സ് എന്നൊരു ആപ്പുമായിട്ടാണ് രാജ് കുന്ദ്ര പോണ്‍ നിര്‍മ്മാണത്തിലേക്ക് എത്തുന്നത്. വീഡിയോകള്‍, ഫോട്ടോകള്‍, ഹോട്ട് ഫോട്ടോ ഷൂട്ട്‌സ് എന്നിവയായിരുന്നു ഹോട്‌ഷോട്‌സിലെ കണ്ടന്റ്.
ഈ ആപ്പിലേക്ക് വേണ്ട ഫോട്ടോകളും വീഡിയോകളുമൊക്കെ കുന്ദ്ര ഷൂട്ട് ചെയ്തിരുന്നത് എങ്ങനെയാണ്? അവിടെയാണ് കുന്ദ്രക്കെതിരെ ചുമത്തപ്പെട്ടിരിക്കുന്ന ഏറ്റവും ഗുരുതര കുറ്റം കടന്നുവരുന്നത്. അത് പോണ്‍ ഫിലിം ഷൂട്ട് ചെയ്തു എന്നതില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന കാര്യവുമല്ല.
ഇന്ത്യന്‍ സിനിമയുടെ സ്വപ്നനഗരമായ മുംബൈയിലേക്ക് രാജ്യത്തിന്റെ എല്ലാ ഭാഗത്തു നിന്നും സിനിമയില്‍ അഭിനയിക്കണമെന്ന മോഹവുമായി എത്തുന്നവരുടെ എണ്ണം എന്നും വര്‍ധിച്ചിട്ടേയുള്ളു. ഇങ്ങനെയെത്തുന്നവരിലെ യുവതികളെയായിരുന്നു കുന്ദ്രയും സംഘവും ചൂഷണം ചെയ്തിരുന്നത്.
വെബ് സീരിസിന് വേണ്ടിയാണെന്ന് പറഞ്ഞ് ഈ യുവതികളെ ഷൂട്ടിന് വിളിക്കുന്നു. മറ്റേതെങ്കിലുമൊക്കെ കഥ പറഞ്ഞായിരിക്കും ഇവരെ അഭിനയിക്കാന്‍ സമ്മതിപ്പിക്കുക. ഷൂട്ടിന്റെ ദിവസം തിരക്കഥയില്‍ മാറ്റം വരുത്തിയെന്ന് പറഞ്ഞ്, അഭിനയിക്കാനെത്തുന്ന യുവതികളോട് വിവസ്ത്രരാകാനും ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കാനും ആവശ്യപ്പെടും. 25,000 രൂപയായിരുന്നു മാക്‌സിമം വാഗ്ദാനം ചെയ്തിരുന്ന പ്രതിഫലം.
യുവതികള്‍ സമ്മതിച്ചില്ലെങ്കില്‍ പിന്നീട് ഭീഷണിയിലേക്ക് കാര്യങ്ങള്‍ മാറും. എന്നിട്ടും സമ്മതിക്കാത്തവരോട് ഷൂട്ടിന് ചെലവായ തുക നല്‍കണമെന്നായിരിക്കും ഇവരുടെ അവസാന വാക്ക്. അങ്ങനെ നിരവധി പെണ്‍കുട്ടികള്‍ മറ്റു മാര്‍ഗങ്ങളില്ലാതെ ഇവര്‍ പറയുന്നത് പോലെ ചെയ്യേണ്ടി വന്നു എന്നാണ് പൊലീസ് പറയുന്നത്.
ഇങ്ങനെയുള്ള ഷൂട്ടുകള്‍ മുംബൈ പോലൊരു നഗരത്തില്‍ ഇത്രയും നാള്‍ ഇത്ര അനായാസമായി നടക്കുമോയെന്ന് എന്നൊരു സംശയം തോന്നിയേക്കാം, അവിടെയാണ് മഡ് ഐലന്റ് എന്ന ഒറ്റപ്പെട്ട ദ്വീപ് വരുന്നത്.
മുംബൈയിലെ ഒറ്റപ്പെട്ട ദ്വീപ് പ്രദേശമായ മഡ് ഐലന്റിലെ റിസോര്‍ട്ടുകളിലായിരുന്നു ഈ ഷൂട്ടെല്ലാം നടന്നിരുന്നത്. നേരത്തെ തന്നെ സിനിമകളും സീരിയലുകളും ചിത്രീകരിച്ചിരുന്ന മഡ് ഐലന്റില്‍ ഇപ്പോള്‍ വെബ് സീരിസുകളുടെ ചിത്രീകരണം നന്നായി നടക്കുന്നുണ്ട്. അത് ഒരു സത്യമായ കാര്യമാണ്.
ഇതിന്റെ മറവിലാണ് പോണ്‍ ചിത്രങ്ങളുടെ ഷൂട്ടിംഗ് നടക്കുന്നത്. മഡ് ഐലന്റില്‍ വെബ് സീരിസ് ഷൂട്ട് എന്ന് പറയുമ്പോള്‍ ഇവര്‍ സമീപിക്കുന്ന ആളുകള്‍ക്കൊന്നും തന്നെ കാര്യമായ സംശയവും തോന്നിയിരുന്നില്ല.
ഇങ്ങനെ നിര്‍മ്മിച്ചെടുക്കുന്ന പോണ്‍ കണ്ടന്റുകള്‍ നേരത്തെ പറഞ്ഞ ഹോട്‌ഷോട്‌സ് എന്ന ആപ്പ് വഴി പ്രചരിപ്പിച്ചു. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളെ പോലെ ഈ ആപ്പ് ഉപയോഗിക്കാനും വരിസംഖ്യ അടക്കണം. ആപ്പിന്റെ പരസ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി നല്‍കിയിരുന്നു.
സൈറ്റുകളെ പോലെ ബ്ലോക്ക് ചെയ്യപ്പെടുമെന്ന വലിയ പേടിയില്ലാത്തതിനാല്‍ ആപ്പുകള്‍ വഴി രാജ് കുന്ദ്ര പണം കൊയ്തു. തുടക്കത്തില്‍ രണ്ടോ മൂന്നോ ലക്ഷങ്ങളായിരുന്നു പ്രതിദിന വരുമാനമെങ്കില്‍ പിന്നീടത് ആറ് മുതല്‍ എട്ട് ലക്ഷത്തിലേക്ക് വരെയത്തി.
ഇങ്ങനെ ബിസിനസ് വന്‍ ലാഭമായെങ്കിലും അതിനൊപ്പം ചില പ്രശ്‌നങ്ങള്‍ കൂടിയുണ്ടാകുമെന്ന് കുന്ദ്രക്കറിയാമായിരുന്നു. കാരണം നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഒരു ആപ്പിന്റെ പോപ്പുലാരിറ്റി കൂടിയാല്‍ നിയമനടപടികള്‍ക്കും അറസ്റ്റിനും കൂടി വഴിവെക്കുമെന്ന മനസ്സിലാക്കിയ ഇയാള്‍ വീഡിയോ അപ് ലോഡിംഗ് ലണ്ടനിലേക്ക് മാറ്റി.
വീഡിയോകള്‍ വി ട്രാന്‍സ്ഫര്‍ വഴി ലണ്ടനിലെത്തിച്ച് സഹോദരീ ഭര്‍ത്താവായ പ്രദീപ് ബക്ഷിയുടെ കെന്റിന്‍ എന്ന കമ്പനി വഴിയായിരുന്നു അപ് ലോഡ് ചെയ്തിരുന്നത്. അതേസമയം വീഡിയോ ഷൂട്ടിംഗും നിര്‍മ്മാണവുമെല്ലാം രാജ് കുന്ദ്രയുടെ നേതൃത്വത്തില്‍ മുംബൈയില്‍ നിര്‍ബാധം തുടര്‍ന്നു.
മാത്രമല്ല, ഹോട്‌ഷോട്‌സ് എന്ന ആപ്പിന്റെ പേരില്‍ അറസ്റ്റുണ്ടായാല്‍ വരുമാനം മുടങ്ങാതിരിക്കാന്‍ മറ്റൊരു ആപ്പും കുന്ദ്ര തയ്യാറാക്കി. എന്നാല്‍ ഈ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറും ആപ് സ്റ്റോറും നീക്കം ചെയ്തു.
ഇനി രാജ് കുന്ദ്രയുടെ അറസ്റ്റിലേക്ക് നീങ്ങിയ കേസും അന്വേഷണത്തില്‍ കണ്ടെത്തിയ പ്രധാനപ്പെട്ട ചില വസ്തുതകള്‍ കൂടി ഒന്നു നോക്കാം;
ചില രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് മഡ് ഐലന്റിലെ റിസോര്‍ട്ടില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തതാണ് ഈ കേസില്‍ നിര്‍ണായകമായത്.
പെണ്‍കുട്ടികളെ ഭീഷണപ്പെടുത്തി പോണ്‍ ചിത്രങ്ങളില്‍ അഭിനയിപ്പിക്കുന്നുവെന്ന പരാതിയിലാണ് കേസ്. രാജ് കുന്ദ്ര നടത്തിയ അഡള്‍ട്ട് റാക്കറ്റിന്റെ പിടിയില്‍ പെട്ടുപോയ മൂന്ന് യുവതികളാണ് പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
ആദ്യ അഞ്ച് പേരുടെ അറസ്റ്റിന് പിന്നാലെ ഇതിലെ ഓരോ കണ്ണികളെയായി പൊലീസ് കണ്ടെത്തുകയായിരുന്നു. ഗെഹന വസിഷ്ട് എന്ന നടിയും അവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഉമേഷ് കാമത്ത് എന്നയാളും പിടിയിലായതാണ് രാജ് കുന്ദ്രയുടെ അറസ്റ്റിന് വഴിയൊരുക്കിയത്.
രാജ് കുന്ദ്രയുടെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരനായിരുന്ന ഉമേഷായിരുന്നു കെന്റകി എന്ന ലണ്ടനിലെ കമ്പനി വഴി അപ് ലോഡിംഗ് നടത്തിയിരുന്നത്. പോണ്‍ ചിത്രങ്ങള്‍ നിര്‍മ്മിച്ചവരെയും അത് ബ്രോഡ്കാസ്റ്റ് ചെയ്തവരെയുമാണ് പൊലീസ് ഇപ്പോള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്.
രാജ് കുന്ദ്ര നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി അടുത്ത ദിവസങ്ങളില്‍ തന്നെ പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കുന്ദ്രയും മറ്റുള്ളവരുമായി ഹോട്‌ഷോട്‌സിന് വേണ്ടി നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകള്‍, സാമ്പത്തിക ഇടപാടിന്റെ രേഖകള്‍, കരാര്‍ രേഖകള്‍ തുടങ്ങി നിരവധി തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. മതിയായ എല്ലാ തെളിവുകളും ശേഖരിച്ച ശേഷമാണ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്യുന്നതെന്ന് പൊലീസ് തുടക്കത്തില്‍ തന്നെ പറയുകയും ചെയ്തിരുന്നു.
അതുകൊണ്ട് തന്നെ ഈ കേസില്‍ നിന്നും കുന്ദ്രക്ക് അത്ര എളുപ്പത്തില്‍ ഊരിപ്പോരാനാകില്ല. നേരത്തെ രാജസ്ഥാന്‍ റോയല്‍സിന്റെ സഹഉടമയായിരുന്ന സമയത്ത്, ഇന്ത്യന്‍ ക്രിക്കറ്റിലെ ഒത്തുകളിയുമായി ബന്ധപ്പെട്ട കേസില്‍ കുടുങ്ങിയപ്പോള്‍ ഐ.പി.എല്‍ വിലക്കില്‍ കാര്യങ്ങള്‍ തീര്‍ന്നെങ്കില്‍ ഇപ്രാവശ്യം നിയമകുരുക്ക് കൂടുതല്‍ ശക്തമാണെന്നാണ് ഈ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
രാജ്യത്തെ അഡള്‍ട്ട് ഫിലിം മാര്‍ക്കറ്റും അവിടെ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെയും കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുമെന്നും പറയപ്പെടുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Raj Kundra porm movie case explained