| Friday, 23rd July 2021, 6:00 pm

ദാരിദ്ര്യത്തെ വെറുക്കുന്നു, പണക്കാരനാകാനാണ് ആഗ്രഹം; പോണ്‍ വിവാദ പശ്ചാത്തലത്തില്‍ വൈറലായി രാജ് കുന്ദ്രയുടെ പഴയ വാക്കുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: പോണ്‍ ചിത്രങ്ങള്‍ നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട കേസില്‍ വ്യവസായിയും ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെ 2013ല്‍ രാജ് കുന്ദ്ര നടത്തിയ ചില പ്രസ്താവനകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

2013ല്‍ ഫിലിംഫെയറിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കുന്ദ്രയുടെ ശ്രദ്ധേയമായ പ്രസ്താവന. ദരിദ്രകുടുംബ പശ്ചാത്തലത്തിലാണ് താന്‍ വളര്‍ന്നതെന്നും അവിടെ നിന്ന് സ്വപ്രയത്‌നത്തിലാണ് താന്‍ സമ്പന്നരുടെ പട്ടികയില്‍ ഇടം നേടിയതെന്നും കുന്ദ്ര പറയുന്നുണ്ട്.

”ഒരു ദരിദ്ര കുടുംബത്തിലാണ് ഞാന്‍ ജനിച്ച് വളര്‍ന്നത്. എന്റെ പിതാവ് 45 വര്‍ഷം മുമ്പ് ലണ്ടനിലെത്തിയയാളാണ്. അവിടെ ബസിലെ കണ്ടക്ടര്‍ ജോലി ചെയ്താണ് അദ്ദേഹം ഞങ്ങളെ വളര്‍ത്തിയത്. അമ്മയ്ക്ക് ഒരു ഫാക്ടറിയിലായിരുന്നു ജോലി.

പതിനെട്ടാം വയസ്സില്‍ കോളെജ് ഉപേക്ഷിച്ച ഞാന്‍ സ്വപ്രയത്‌നത്തിലാണ് ഇതുവരെ എത്തിയത്. അശ്രദ്ധമായി ഞാന്‍ പണം ചെലവഴിക്കുമ്പോള്‍ ശില്‍പ്പ എന്നെ വഴക്കുപറയാറുണ്ട്.

എന്നാല്‍ ഞാന്‍ സമ്പാദിച്ച പണം ആസ്വദിച്ച് ചെലവഴിക്കുന്നതില്‍ എനിക്ക് യാതൊരു ദു:ഖവും തോന്നാറില്ല. എന്റെ രോഷമാണ് ഇപ്പോഴും എന്നെ മുന്നോട്ടുനയിക്കുന്നത്.

ദാരിദ്ര്യത്തെ ഞാന്‍ വെറുക്കുന്നു. ഒരു പണക്കാരനാകണം എന്നായിരുന്നു എന്റെ ആഗ്രഹം. അതിലൂടെ ജീവിത്തില്‍ മാറ്റം കൊണ്ടുവരാന്‍ ഞാന്‍ ആഗ്രഹിച്ചു. സ്വപ്രയത്‌നത്തിലൂടെ ഈ നിലയില്‍ എത്തിയ എന്നെയാണ് ശില്‍പ്പ സ്‌നേഹിക്കുന്നതും,” എന്നായിരുന്നു കുന്ദ്രയുടെ വാക്കുകള്‍.

രാജ് കുന്ദ്രയടക്കം 11 പേരെയാണ് മുംബൈ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. പോണോഗ്രഫി നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ രാജ് കുന്ദ്രയ്ക്ക് പങ്കുണ്ടെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

രാജ് കുന്ദ്രക്കെതിരെ നിരവധി തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരിയിലാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തത്. പോണ്‍ ചിത്രങ്ങള്‍ നിര്‍മ്മിച്ച് ചില സൈറ്റുകള്‍ വഴി പ്രചരിപ്പിക്കുന്നുവെന്ന് മുംബൈ ക്രൈം ബ്രാഞ്ചിന് ലഭിച്ച പരാതിയെ തുടര്‍ന്നായിരുന്നു കേസെടുത്തത്.

കേസുമായി തനിക്ക് ബന്ധമില്ലെന്ന് രാജ് കുന്ദ്ര പ്രതികരിച്ചിരുന്നു. കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹരജി സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

ജെ.എല്‍. സ്ട്രീം എന്ന ആപ്പിന്റെ ഉടമസ്ഥനായ രാജ് കുന്ദ്ര ഐ.പി.എല്‍. ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമകളില്‍ ഒരാള്‍ കൂടിയാണ്.
2019 മുതലാണ് രാജ് കുന്ദ്ര പോണ്‍ ചിത്രനിര്‍മാണത്തിലേക്ക് തിരിഞ്ഞത്. ഒന്നര വര്‍ഷം കൊണ്ട് കോടികളാണ് ഈ ബിസിനസിലൂടെ സമ്പാദിച്ചത്.

അന്ധേരിയിലുള്ള രാജ് കുന്ദ്രയുടെ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ നിന്ന് ഇത് സംബന്ധിക്കുന്ന ഡാറ്റയും കണ്ടെടുത്തു. ടി.ബി (ടെറാബൈറ്റ്) കണക്കിന് ഡാറ്റയാണ് കണ്ടെടുത്തത്.

ഹോട്ട് ഷോട്‌സ് എന്ന ആപ് വഴിയാണ് രാജ് കുന്ദ്ര തന്റെ പ്രൊഡക്ഷന്‍ ഹൗസ് വഴി നിര്‍മിച്ച പോണ്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. പണം നല്‍കി ഈ ആപ്പ് ഉപയോഗിച്ചിരുന്നത് 20 ലക്ഷത്തിന് മുകളില്‍ ആളുകളാണെന്നും അന്വേഷണസംഘം കണ്ടെത്തി.

ലോകത്തെ ആദ്യത്തെ 18+ ആപ്ലിക്കേഷനായിരുന്നു ഹോട് ഷോര്‍ട്‌സ് എന്നാണ് വിശേഷിപ്പിച്ചിരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Raj Kundra in 2013 interview said he hated poverty, wanted to get rich

We use cookies to give you the best possible experience. Learn more