സ്വാഭാവിക അഭിനയം കൊണ്ട് ബോളിവുഡില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന നടനാണ് രാജ് കുമാര്‍ റാവു. താരത്തിന്റെ പുതിയ ചിത്രമായ ശ്രീകാന്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ മലയാളി താരം ഫഹദ് തന്റെ ഏറ്റവുമടുത്ത സുഹൃത്താണെന്നും ഫഹദിന്റെ ഓരോ സിനിമക്ക് വേണ്ടിയും താന്‍ കാത്തിരിക്കുകയാണെന്നും രാജ് കുമാര്‍ റാവു പറഞ്ഞു.
മറ്റ് നടന്മാരുടെ മികച്ച പെര്‍ഫോമന്‍സുള്ള സിനിമകളാണ് തന്റെ ഇന്‍സ്പിറേഷനെന്നും, എല്ലാ ദിവസവും ഒരു സിനിമയെങ്കിലും കാണുന്നയാളാണ് താനെന്നും താരം കൂട്ടിച്ചേര്‍ത്തു. സിനിമകളെ ഇന്‍സ്പിറേഷനായി കാണുന്നയാളാണെങ്കില്‍ ഫഹദിന്റെ പുതിയ ചിത്രം ആവേശം തീര്‍ച്ചയായും കാണണമെന്ന് അവതാരക പറഞ്ഞതിന് മറുപടിയായാണ് രാജ് കുമാര്‍ ഇക്കാര്യം പറഞ്ഞത്.
‘മറ്റ് ഇന്‍ഡസ്ട്രികളിലെ നടന്മാരുടെ മികച്ച പെര്‍ഫോമന്‍സുള്ള സിനിമകള്‍ ഞാന്‍ തേടിപ്പിടിച്ച് കാണാറുണ്ട്. ഒരു നടന്‍ എന്ന നിലയില്‍ അത്തരം സിനിമകളാണ് എന്റെ ഇന്‍സ്പിറേഷന്‍. അത്തരം സിനിമകള്‍ ഞാന്‍ തേടിപ്പിടിച്ച് കാണാറുണ്ട്. ഫഹദ് ഫാസില്‍ എന്റെ ഏറ്റവുമടുത്ത സുഹൃത്താണ്. അവന്റെ ഓരോ സിനിമകള്‍ ഇറങ്ങാന്‍ വേണ്ടി കാത്തിരിക്കുകയാണ്. ആവേശം ഞാന്‍ തീര്‍ച്ചയായും കണ്ടിരിക്കും.
ദിവസവും ഒരു സിനിമയെങ്കിലും കാണുന്നയാളാണ് ഞാന്‍. അതിനി ഏത് അവസ്ഥയിലാണെങ്കിലും ഞാന്‍ കണ്ടിരിക്കും. ഏറ്റവുമവസാനം കണ്ട സിനിമ അമര്‍ സിങ് ചംകീലയാണ്. മൂന്ന് തവണ ആ സിനിമ കണ്ടു. എന്തൊരു ഗംഭീര പെര്‍ഫോമന്‍സാണ് ദില്‍ജിത് ആ സിനിമയില്‍ ചെയ്തത്. ഈ വര്‍ഷം കണ്ട മികച്ച സിനിമകളിലൊന്നാണ് എനിക്ക് അത്. സിനിമ കണ്ട ശേഷം ഞാന്‍ അവനെ വിളിച്ച് അഭിനന്ദിച്ചു. അവന്റെ പോഡ്കാസ്റ്റ് ഒരുപാട് കേട്ടിട്ടുണ്ടങ്കിലും ഇത്ര ഗംഭീര നടനാണ് അവനെന്ന് എനിക്കറിയില്ലായിരുന്നു,’ രാജ് കുമാര്‍ റാവു പറഞ്ഞു.
Content Highlight: Raj Kumar Rao saying that he watches all the movies of Fahadh Fassil