| Friday, 4th November 2016, 11:36 am

മാധ്യമപ്രവര്‍ത്തകരെ വിമര്‍ശിച്ച മോദിയെ വേദിയിലിരുത്തി 'എന്താണ് മാധ്യമപ്രവര്‍ത്തനം' എന്ന് ക്ലാസെടുത്ത് ഇന്ത്യന്‍ എക്പ്രസ് എഡിറ്റര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗോയങ്ക പുരസ്‌കാര വേദിയില്‍ മാധ്യമപ്രവര്‍ത്തകരെ വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഞെട്ടിച്ച് എക്പ്രസ് എഡിറ്റര്‍ രാജ് കമല്‍ ഝായുടെ പ്രസംഗം. വിശ്വാസ്യതയാണ് മാധ്യമങ്ങള്‍ക്ക് ഏറ്റവും പ്രാധാന്യമെന്നും മാധ്യമങ്ങള്‍ കാഴ്ചപ്പാടുകളേക്കാള്‍ വാര്‍ത്തകള്‍ക്കു പ്രാധാന്യം നല്‍കി റിപ്പോര്‍ട്ടു ചെയ്യണമെന്നുമാണ് മോദി പറഞ്ഞത്. ഇപ്പോഴത്തെ മാധ്യമപ്രവര്‍ത്തകര്‍ ഒരു അപകട വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യുന്നത് ബി.എം.ഡബ്ല്യൂ ഡ്രൈവര്‍ ദളിതനെ കൊന്നു എന്ന തരത്തിലാണെന്നും മോദി പരാതിപ്പെട്ടിരുന്നു.

ഇതിനുപിന്നാലെയാണ് രാജ് കമല്‍ ഝാ എന്താണ് നല്ല മാധ്യമപ്രവര്‍ത്തനം എന്നും വിശദീകരിച്ചു രംഗത്തുവന്നത്. ഏതെങ്കിലും ഒരു മാധ്യമപ്രവര്‍ത്തകനെ സര്‍ക്കാര്‍ കുറ്റം പറഞ്ഞാല്‍ അതാണ് അയാള്‍ക്കുള്ള ഏറ്റവും വലിയ പുരസ്‌കാരം എന്നു പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം തിരിച്ചടിച്ചത്. മോദി വേദിയിലിരിക്കെ നന്ദി പ്രസംഗത്തിലാണ് ഝാ ജേണലിസത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ വിവരിച്ചത്.

രാജ് കമല്‍ ഝായുടെ പ്രസംഗം പൂര്‍ണരൂപം:

“സര്‍, സംസാരിച്ചതിനു നന്ദി. നിങ്ങള്‍ ഇവിടെ ഇരിക്കുന്നതു തന്നെ ശക്തമായൊരു സന്ദേശമാണ്. റിപ്പോര്‍ട്ടു ചെയ്യുന്ന റിപ്പോര്‍ട്ടര്‍മാരും എഡിറ്റു ചെയ്യുന്ന എഡിറ്റേഴ്‌സും ഒരുക്കിയ ഈ സായാഹ്നത്തില്‍ നമ്മള്‍ ആഘോഷിക്കുന്ന വര്‍ക്കുകളെയാണ് നല്ല ജേണലിസം എന്ന് നിര്‍വചിക്കാന്‍ കഴിയുക. അല്ലാതെ നമ്മള്‍ ഇക്കാലത്ത് ധാരാളമായി കണ്ടുവരുന്ന സെല്‍ഫി ജേണലിസ്റ്റുകളെയല്ല. സെല്‍ഫി ജേണലിസ്റ്റുകള്‍ എല്ലായ്‌പ്പോഴും അവരുടെ ചിന്തകളാലും, മുഖത്താലും, കാഴ്ചപ്പാടുകളാലും അവര്‍ക്കുനേരെ തിരിഞ്ഞ ക്യാമറകളാലും അസ്വസ്ഥരായിക്കൊണ്ടിരിക്കും. അവരെ ബാധിക്കുന്ന ഏക കാര്യം തങ്ങളുടെ ശബ്ദവും മുഖവുമാണ്. ബാക്കിയെല്ലാം വെറും ഒച്ചപ്പാടുകള്‍ മാത്രം.


Also Read: എല്ലാകാര്യത്തിലും അച്ഛനും സഹോദരിക്കുമൊപ്പം; കമല്‍ഹാസന്‍-ഗൗതമി വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ശ്രുതി ഹാസന്‍


ഈ സെല്‍ഫി ജേണലിസത്തില്‍ വസ്തുതകളൊന്നുമില്ലെങ്കിലും അതൊരു പ്രശ്‌നമേയാവില്ല. ഫ്രെയിമില്‍ ഒരു കൊടിയും തൂക്കി അവര്‍ അതിന്റെ മറയത്തിരുന്നുകൊള്ളും.

നിങ്ങളുടെ പ്രസംഗത്തിന് വളരെ നന്ദി. മാധ്യമങ്ങളുടെ വിശ്വാസ്യതയുടെ പ്രാധാന്യത്തെക്കുറിച്ച് അടിവരയിട്ടു പറഞ്ഞതിന്. എനിക്കു തോന്നുന്നത് നിങ്ങളുടെ പ്രസംഗത്തില്‍ നിന്നും ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍ക്കൊള്ളേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം അതാണെന്ന് ഞാന്‍ കരുതുന്നു.

മാധ്യമപ്രവര്‍ത്തകരെക്കുറിച്ച് നിങ്ങള്‍ പറഞ്ഞ ചില കാര്യങ്ങളെ ഞങ്ങളെ അല്പം ക്ഷോഭിപ്പിക്കുന്നു. രാംനാഥ് ഗോയങ്കയെക്കുറിച്ചുള്ള ഒരു വസ്തുതയുണ്ട്. വിക്കിപീഡിയ നോക്കിയാല്‍ നിങ്ങളതു കാണണമെന്നില്ല. എന്നാല്‍ ഇന്ത്യന്‍ എക്‌സ്പ്രസ് എഡിറ്റര്‍ എന്ന നിലയില്‍ എനിക്കു പറയാന്‍ കഴിയും- “നിങ്ങളുടെ റിപ്പോര്‍ട്ടര്‍ നന്നായി ജോലി ചെയ്യുന്നുണ്ടല്ലോ” എന്ന്  ഒരു മാധ്യമപ്രവര്‍ത്തകനെക്കുറിച്ച് സംസ്ഥാന മുഖ്യമന്ത്രി അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ അദ്ദേഹം ആ മാധ്യമപ്രവര്‍ത്തകനെ അപ്പോള്‍ തന്നെ പിരിച്ചുവിട്ടു.

ഈ വര്‍ഷം ഞാന്‍ അന്‍പതാം വയസിലേക്കു കടന്നു. അതുകൊണ്ടുതന്നെ എനിക്കു പറയാന്‍ കഴിയും.  റീട്വീറ്റുകളുടെയും ലൈക്കുകളുടെയും കാലത്ത് വളരുന്ന മാധ്യമപ്രവര്‍ത്തകരുടെ തലമുറയുള്ള ഈ കാലഘട്ടത്തില്‍ ഇത് വളരെ വളരെ പ്രധാനപ്പെട്ടതാണ്. സര്‍ക്കാറില്‍ നിന്നുള്ള വിമര്‍ശനമാണ് ഏറ്റവും വലിയ ആദരം എന്ന് അവര്‍ മനസിലാക്കുന്നില്ല.

സിനിമയില്‍ പുകവലിക്കുന്ന രംഗങ്ങള്‍ക്കു താഴെ നിയമപരമായ മുന്നറിയിപ്പ് കാണിക്കും പോലെ മാധ്യമപ്രവര്‍ത്തകരെ പുകഴ്ത്തുന്ന കേള്‍ക്കുന്ന സമയത്തെല്ലാം അതിനു താഴെ ഒരു കുറിപ്പുണ്ടാവണം, സര്‍ക്കാറില്‍ നിന്നുള്ള വിമര്‍ശനം മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പുരസ്‌കാരം ആണെന്ന്‌. ജേണലിസത്തിന് ഇത് വളരെ വളരെ പ്രധാനപ്പെട്ടതാണെന്ന് എനിക്കു തോന്നുന്നു.

നന്ദി സര്‍, നിങ്ങളുടെ പ്രസംഗത്തിന്. വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ നിങ്ങള്‍ ചൂണ്ടിക്കാട്ടി. വിശ്വാസ്യതയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് എനിക്കു തോന്നുന്നു. സര്‍ക്കാറിനെ അതിന്റെ പേരില്‍ കുറ്റം പറയാന്‍ ഞങ്ങള്‍ക്ക് കഴിയില്ല.

ഈ വര്‍ഷം രാം നാഥ് ഗോയങ്ക പുരസ്‌കാരത്തിന് ഞങ്ങള്‍ക്ക് 562 അപേക്ഷകള്‍ ലഭിച്ചു. ഇതുവരെ ലഭിച്ചതില്‍ ഏറ്റവും വലിയ നമ്പറാണിത്. ഈ നമ്പര്‍ എടുത്തു പറയേണ്ടത് വളരെ പ്രധാനമാണ്. കാരണം നല്ല മാധ്യമപ്രവര്‍ത്തനം മരിക്കുകയാണ്, മാധ്യമപ്രവര്‍ത്തകര്‍ സര്‍ക്കാറിന്റെ കാല്‍ക്കീഴിലാണ് എന്നു പറയുന്നവര്‍ക്കുള്ള മറുപടിയാണിത്.

നല്ല മാധ്യമപ്രവര്‍ത്തനം മരിച്ചുകൊണ്ടിരിക്കുന്നില്ല. അത് കൂടുതല്‍ കൂടുതല്‍ മികച്ചതാവുകയും ബൃഹത്താവുകയും ചെയ്യുകയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷം മുമ്പുണ്ടായതിനേക്കാള്‍ കൂടുതല്‍ ഒച്ചപ്പാടുകള്‍ സൃഷ്ടിക്കുന്നത് ചീത്ത മാധ്യമപ്രവര്‍ത്തനമാണ്.

We use cookies to give you the best possible experience. Learn more