തിരുവനന്തപുരം: കൈരളി, മീഡിയവണ്‍ ചാനലുകളെ പത്രസമ്മേളനത്തില്‍ നിന്ന് വിലക്കിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍(K-U-WJ).
വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഒരു വിഭാഗം മാധ്യമങ്ങളെ വിലക്കിയ ഗവര്‍ണറുടെ നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണെന്ന് യൂണിയന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഗവര്‍ണര്‍ എന്ന ഭരണഘടന പദവിയുടെ അന്തസ്സിനെ കൂടി അപമാനിക്കുകയാണ് ആരിഫ് മുഹമ്മദ് ഖാന്‍.
ഗവര്‍ണര്‍ തെറ്റ് തിരുത്തി ഖേദം പ്രകടിപ്പിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ( KUWJ) സംസ്ഥാന പ്രസിഡന്റ് എം.വി. വിനീതയും ജനറല്‍ സെക്രട്ടറി ആര്‍. കിരണ്‍ ബാബുവും ആവശ്യപ്പെട്ടു.
മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള ഈ കടന്നുകയറ്റത്തില്‍ പ്രതിഷേധിച്ച് നാളെ രാവിലെ 11 30ന് രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും യൂണിയന്‍ അറിയിച്ചു.
പത്രസമ്മേളനത്തില്‍ പങ്കെടുക്കാന്‍ മെയില്‍ അയച്ചുഅനുമതി നല്‍കി പേര് പരിശോധിച്ച് അകത്തു കയറ്റിയ ശേഷമാണ് കൈരളി, മീഡിയ വണ്‍ സംഘത്തെ വാര്‍ത്താ സമ്മേളന ഹാളില്‍ നിന്നും ഇറക്കിവിട്ടത്.
ബോധപൂര്‍വ്വം മാധ്യമങ്ങളെ അപമാനിക്കാനുള്ള ശ്രമമാണിത്. വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി ചോദിച്ചു ജയ്ഹിന്ദ് ടി.വി മെയില്‍ നല്‍കിയിരുന്നെങ്കിലും അനുമതി നല്‍കിയില്ല. വിമര്‍ശനങ്ങളോടുള്ള കടുത്ത അസഹിഷ്ണുതയും ജനാധിപത്യ വിരുദ്ധവുമായ നിലപാട് ഗവര്‍ണര്‍ ആവര്‍ത്തിക്കുകയാണെന്നും യൂണിയന്‍ പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ തവണ ഗവര്‍ണറുടെ ഭാഗത്തുനിന്ന് ഇത്തരത്തില്‍ മാധ്യമ വിലക്കുണ്ടായ ഘട്ടത്തില്‍ തന്നെ ഇത് ആവര്‍ത്തിച്ചാല്‍ ശക്തമായ പ്രതിഷേധത്തിലേക്ക് യൂണിയന് പോകേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും പ്രസ്താവനയില്‍ പറഞ്ഞു.
Content Highlight; Raj Bhavan March of Journalists Union Against Governor’s Media Ban