എത്ര സിമ്പിള്‍ ആയ സീനിലും എങ്ങനെയാണ് അഭിനയിക്കേണ്ടതെന്ന് ആ സൂപ്പര്‍സ്റ്റാര്‍ പഠിപ്പിച്ച് തരും: രാജ് ബി. ഷെട്ടി
Entertainment
എത്ര സിമ്പിള്‍ ആയ സീനിലും എങ്ങനെയാണ് അഭിനയിക്കേണ്ടതെന്ന് ആ സൂപ്പര്‍സ്റ്റാര്‍ പഠിപ്പിച്ച് തരും: രാജ് ബി. ഷെട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 9th December 2024, 7:56 am

ഇന്ത്യ കണ്ട മികച്ച നടന്മാരില്‍ ഒരാളാണ് മലയാളത്തിന്റെ മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ തന്റെ സിനിമ ജീവിതം തുടങ്ങിയ അദ്ദേഹം ഇന്ന് പകരക്കാരനില്ലാത്ത അഭിനേതാവാണ്. മലയാളത്തിന് പുറമേ ഇന്ത്യയിലെ മറ്റനവധി ഭാഷകളിലെ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

മോഹന്‍ലാലിന്റെ വലിയൊരു ഫാനാണ് താനെന്ന് പറയുകയാണ് രാജ് ബി. ഷെട്ടി. എത്ര ചെറിയ സീനാണെങ്കിലും അതെങ്ങനെയാണെന്ന് അഭിനയിക്കേണ്ടതെന്ന് മോഹന്‍ലാല്‍ പഠിപ്പിക്കുമെന്നും അതാണ് അദ്ദേഹത്തിന്റെ ഭംഗിയെന്നും രാജ് ബി. ഷെട്ടി പറയുന്നു.

മോഹന്‍ലാല്‍ ഇമോഷണലായ സീനുകളും നന്നായി അഭിനയിക്കുമെന്നും അതുപോലതന്നെ ചെറിയ സീനുകളും നന്നായി ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രാജ് ബി. ഷെട്ടി.

‘ഞാന്‍ വലിയൊരു മോഹന്‍ലാല്‍ ഫാനാണ്. മോഹന്‍ലാലിന്റെ ഭംഗി എന്ന് പറയുന്നത് എന്നെ സംബന്ധിച്ചിടത്തോളം എത്ര സിമ്പിള്‍ ആയ സീനും എങ്ങനെ അഭിനയിക്കണമെന്ന് പഠിപ്പിച്ച് തരും എന്നതാണ്. ഭയങ്കര ഇമോഷണല്‍ ആയ സീനും ഗംഭീരമായി അഭിനയിക്കും. അതേ സമയം ഭാര്യയുമായുള്ള ചെറിയ ചെറിയ പിണക്കങ്ങള്‍ പോലും സ്‌ക്രീനില്‍ നന്നായി അവതരിപ്പിക്കും,’ രാജ് ബി. ഷെട്ടി പറയുന്നു.

താന്‍ കാണാന്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രം എമ്പുരാന്‍ ആണെന്നും രാജ് ബി.ഷെട്ടി പറഞ്ഞു. എമ്പുരാന്‍ കേരളത്തിലെ ഏതെങ്കിലും തിയേറ്ററില്‍ നിന്ന് ആദ്യ ദിനം തന്നെ കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എമ്പുരാന്റെ ആദ്യത്തെ ഷോ ഞാന്‍ കേരളത്തിലെ ഏതെങ്കിലും നല്ല തിയേറ്ററില്‍ തന്നെ കാണും. ആ ചിത്രം കാണാന്‍ വേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്. രാഗം തിയേറ്ററില്‍ നിന്ന് ടര്‍ബോ കണ്ട എക്സ്പീരിയന്‍സ് എനിക്ക് മറക്കാന്‍ കഴിയില്ല. വെളുപ്പിന് ആദ്യ ഷോ കാണാന്‍ വേണ്ടി ഞാന്‍ രാഗം തിയേറ്ററില്‍ പോയിരുന്നു. ആ പ്രേക്ഷകരെയും എല്ലാം കാണാന്‍ എനിക്ക് വളരെ ഇഷ്ടമാണ്,’ രാജ് ബി. ഷെട്ടി പറയുന്നു.

Content Highlight: Raj B Shetty Talks About Mohanlal