മമ്മൂട്ടിയെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസിന്റെ രചനയില്‍ വൈശാഖ് സംവിധാനം ചെയ്ത ചിത്രമാണ് ടര്‍ബോ. ഈ ചിത്രത്തിലൂടെ കന്നഡയിലെ മുന്‍നിര നടനും സംവിധായകനുമായ രാജ് ബി. ഷെട്ടി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചു.
ചിത്രത്തില്‍ തമിഴ്‌നാട്ടുകാരനായ വെട്രിവേല്‍ ഷണ്മുഖ സുന്ദരം എന്ന കഥാപാത്രത്തെയാണ് രാജ് ബി. ഷെട്ടി അവതരിപ്പിച്ചിരിക്കുന്നത്. തമിഴ് തനിക്ക് ഒരക്ഷരം പോലും അറിയില്ലായിരുന്നെന്ന് അദ്ദേഹം പറയുന്നു. ആദ്യ സീനില്‍ തന്നെ തനിക്ക് കോണ്‍ഫിഡന്‍സ് തന്നത് മമ്മൂട്ടിയാണെന്ന് പറയുകയാണ് രാജ് ബി. ഷെട്ടി. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് അദ്ദേഹം.
‘ടര്‍ബോ സിനിമയില്‍ വെട്രിവേല്‍ ഷണ്മുഖ സുന്ദരം തമിഴല്ലേ, എനിക്കാണെങ്കില്‍ തമിഴില്‍ ഒരു വാക്ക് പോലും അറിയില്ല. അങ്ങനെ സെറ്റിലേക്ക് പോയി, അതിന് മുമ്പ് ഞാന്‍ എന്റെ ഡയലോഗ് എടുത്തു നോക്കുമ്പോള്‍ രണ്ട് പേജുള്ള ഡയലോഗ്. ഞാനും മമ്മൂട്ടി സാറുമായുള്ള ആദ്യദിനം ആയിരുന്നു. എനിക്ക് രണ്ട് പേജുള്ള ഡയലോഗും അദ്ദേഹത്തിന് ഒറ്റ ഡയലോഗ് പോലും ഇല്ലതാനും.
അദ്ദേഹം എന്നെ നോക്കികൊണ്ട് നില്‍ക്കും ഞാന്‍ തമിഴില്‍ സംസാരിക്കണം. ഞാന്‍ എന്റെ ഉച്ചാരണമെല്ലാം ശരിയാക്കി സെറ്റിലേക്ക് ചെന്നപ്പോള്‍ അവര്‍ പറയുകയാണ് എന്നാല്‍ നമുക്കത് മലയാളത്തില്‍ ചെയ്യാമല്ലേ എന്ന്. എന്റെ മനസില്‍ അപ്പോള്‍ പോയത് കര്‍ണാടകയിലേക്ക് എല്ലാവരും വാടാ എന്നിട്ട് രണ്ടു പേജുള്ള കന്നഡ ഡയലോഗ് പറഞ്ഞ് കേള്‍പ്പിക്ക് എന്നാണ്.
അങ്ങനെ ടേക്ക് പോയി ഞാന്‍ എന്റെ ഡയലോഗ് പറയാന്‍ തുടങ്ങി. അപ്പോള്‍ മമ്മൂട്ടി സാര്‍ എന്റെ അടുത്തുവന്ന് പറഞ്ഞു ഞാന്‍ കന്നഡയില്‍ ഒരു സിനിമ ചെയ്തിട്ടുണ്ട്, പക്ഷെ അത് വളരെ ബുദ്ധിമുട്ടിയായിരുന്നു. കാരണം എനിക്ക് കന്നഡ അത്രകണ്ട് വഴങ്ങുന്നില്ലായിരുന്നു. എന്നാല്‍ താന്‍ വളരെ നന്നായിട്ട് മലയാളം സംസാരിക്കുന്നുണ്ടെന്ന്.
അദ്ദേഹം ശരിക്കും ഞാന്‍ ആ സീനില്‍ നന്നായിട്ട് ചെയ്യാനുള്ള കോണ്‍ഫിഡന്‍സ് തരുകയായിരുന്നു ചെയ്തത്. മമ്മൂട്ടി സാര്‍ എന്നെ ജഡ്ജ് ചെയ്യുകയല്ല എന്നറിഞ്ഞ ആ മൊമെന്റ് തൊട്ട് എനിക്ക് നന്നായി ചെയ്യാന്‍ കഴിഞ്ഞു,’ രാജ് ബി. ഷെട്ടി പറയുന്നു.