| Friday, 17th May 2024, 7:58 pm

അദ്ദേഹം ഞാന്‍ ലൊക്കേഷനില്‍ ഇംഗ്ലീഷ് പറഞ്ഞാല്‍ ഓടും; അതിലെനിക്ക് വിഷമമുണ്ട്: രാജ് ബി. ഷെട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ടര്‍ബോ. മമ്മൂട്ടി നായകനാകുന്ന ചിത്രത്തില്‍ കന്നഡ നടനും സംവിധായകനും തിരക്കഥാകൃത്തുമായ രാജ് ബി. ഷെട്ടിയും ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

താരത്തിന്റെ മലയാളത്തെ കുറിച്ച് പലരും ചര്‍ച്ച ചെയ്യാറുണ്ട്. എങ്ങനെയാണ് ഇത്ര ഈസിയായി മലയാളം പറയുന്നത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് രാജ് ബി. ഷെട്ടി. ടര്‍ബോയുടെ പ്രൊമോഷന്റെ ഭാഗമായി കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘എന്റെ ആദ്യത്തെ പടത്തിന്റെ ടെക്‌നീഷ്യന്‍സൊക്കെ ഇവിടുത്തെ ആളുകളാണ്. മ്യൂസിക് ഡയറക്ടര്‍ മിഥുന്‍ മുകുന്ദന്‍ കണ്ണൂരാണ്. പിന്നെ സൗണ്ട് ഡിസൈനറായ സച്ചിന്‍, മിക്‌സിങ് ചെയ്തിട്ടുള്ള അരവിന്ദ് മേനോനുമൊക്കെ മലയാളികളാണ്.

അപ്പോള്‍ അവരോടൊക്കെ സംസാരിക്കുമ്പോള്‍ എനിക്ക് മലയാളം മനസിലാവും. അതിന് ശേഷം ഗരുഡ ഗമന ചെയ്യുമ്പോള്‍ എന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റായിരുന്നത് റോണക്‌സ് സേവ്യറാണ്. ഇവിടുത്തെ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് റോണക്‌സ്.

അദ്ദേഹത്തിന് തമിഴ് അറിയാമായിരുന്നു. എന്നാല്‍ എനിക്ക് തമിഴ് ഒട്ടും അറിയില്ലായിരുന്നു. അദ്ദേഹത്തിന് മലയാളം മാത്രമാണ് അറിയുന്നത്. അപ്പോള്‍ ഞങ്ങള്‍ക്കിടയിലെ കോമണ്‍ കമ്മ്യൂണിക്കേഷന്‍ ലാങ്വേജ് മലയാളമായിരുന്നു. ലൊക്കേഷനില്‍ ഞാന്‍ ഇംഗ്ലീഷ് പറഞ്ഞാല്‍ അദ്ദേഹം ഓടും.

അങ്ങനെയാണ് ഞാന്‍ മലയാളം പഠിക്കുന്നത്. ഇപ്പോള്‍ എനിക്ക് മനസിലാവും. പിന്നെ ഇന്റര്‍വ്യൂസിലൊക്കെ സംസാരിക്കുമ്പോള്‍ കുറച്ച് ബുദ്ധിമുട്ടുണ്ട്. മലയാളം ഇനിയും ഒരുപാട് ബെറ്ററാക്കാനുണ്ട്. എനിക്ക് ഭാഷകള്‍ പഠിക്കുന്നത് ഇഷ്ടമാണ്.

കന്നഡ എനിക്ക് വളരെ ഫ്‌ളൂവന്റാണ്. എനിക്ക് കന്നഡയില്‍ സംസാരിക്കാന്‍ വളരെ എളുപ്പമാണ്. എന്നാല്‍ മലയാളത്തില്‍ ആ ഫ്‌ളൂവന്‍സിയില്ല. അതില്‍ എനിക്ക് വിഷമമുണ്ട്. മലയാളത്തില്‍ എനിക്ക് ‘ഴ’ എന്ന അക്ഷരം പറയാന്‍ ഒരുപാട് പ്രയാസം തോന്നാറുണ്ട്,’ രാജ് ബി. ഷെട്ടി പറഞ്ഞു.


Content Highlight: Raj B Shetty Talks About His Malayalam Fluency

We use cookies to give you the best possible experience. Learn more