ആ മലയാളി നടിക്ക് ജാഡയില്ല, വളരെ നല്ല മനുഷ്യ; ആറ്റിറ്റിയൂഡ് കാണിക്കേണ്ട ആവശ്യമില്ല: രാജ് ബി. ഷെട്ടി
Entertainment
ആ മലയാളി നടിക്ക് ജാഡയില്ല, വളരെ നല്ല മനുഷ്യ; ആറ്റിറ്റിയൂഡ് കാണിക്കേണ്ട ആവശ്യമില്ല: രാജ് ബി. ഷെട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 2nd December 2024, 5:43 pm

പ്രമേയത്തിലും പെര്‍ഫോമന്‍സിലും മേക്കിങ്ങിലും വ്യത്യസ്ത പുലര്‍ത്തുന്ന ചിത്രങ്ങളിലൂടെ കന്നഡയില്‍ ശ്രദ്ധേയനായ നടനാണ് രാജ് ബി. ഷെട്ടി. മലയാളികള്‍ക്കിടയില്‍ അദ്ദേഹത്തിന് ഒരു വലിയ ഫാന്‍ ബേസ് തന്നെയുണ്ട്. രാജ് ബി. ഷെട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് രുധിരം.

നവാഗതനായ ജിഷോ ലോണ്‍ ആന്റണിയാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. രുധിരത്തില്‍ നടി അപര്‍ണ ബാലമുരളിയും അഭിനയിക്കുന്നുണ്ട്. ഇരുവരും ഒന്നിക്കുന്ന ആദ്യ സിനിമയാണ് ഇത്. ഇപ്പോള്‍ അപര്‍ണയെ കുറിച്ച് പറയുകയാണ് രാജ് ബി. ഷെട്ടി.

അപര്‍ണ വളരെ നല്ല മനുഷ്യയാണെന്നും അവള്‍ക്ക് ജാഡയില്ലെന്നുമാണ് നടന്‍ പറയുന്നത്. രുധിരത്തിന്റെ ഷൂട്ടിങ് സമയത്ത് താന്‍ ഹോട്ടലില്‍ നിന്ന് ഷൂട്ടിങ്ങിനായി വളരെ നേരത്തെ പോകുമെന്നും അപര്‍ണ ലൊക്കേഷനിലേക്ക് വന്നാല്‍ ഷൂട്ടിനെ കുറിച്ചൊക്കെ ചോദിക്കുമെന്നും രാജ് ബി. ഷെട്ടി പറയുന്നു. വണ്‍ റ്റു ടോക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘ഞാന്‍ അധികം ആര്‍ട്ടിസ്റ്റുകളെയൊന്നും കണ്ടിട്ടില്ല. പ്രത്യേകിച്ചും വലിയ ആറ്റിറ്റിയൂഡുള്ള ആര്‍ട്ടിസ്റ്റുകളെ കണ്ടിട്ടേയില്ല. എല്ലാവരും അവരുടെ വര്‍ക്കിന് വേണ്ടി വരുന്നവരാണ്. ഞാന്‍ പോയിട്ടുള്ള സെറ്റിലൊന്നും ജാഡയോ ആറ്റിറ്റിയൂഡോ ഉള്ളവര്‍ ഉണ്ടായിട്ടില്ല.

പിന്നെ അപര്‍ണയെ കുറിച്ച് ചോദിച്ചാല്‍, അപര്‍ണ വളരെ നല്ല മനുഷ്യയാണ്. അവള്‍ക്ക് ജാഡയൊന്നുമില്ല. സിനിമയുടെ ഷൂട്ടിങ് സമയത്ത് ഞാന്‍ ചിലപ്പോള്‍ ഹോട്ടലില്‍ നിന്ന് ഷൂട്ടിങ്ങിനായി വളരെ നേരത്തെ പോകുമായിരുന്നു. കുറച്ച് കഴിഞ്ഞാലാണ് അപര്‍ണയ്ക്ക് വരേണ്ട സമയമാകുക.

അപ്പോള്‍ അപര്‍ണ ലൊക്കേഷനിലേക്ക് വരുമ്പോള്‍ എങ്ങനെയുണ്ടായിരുന്നു ഷൂട്ടെന്ന് ചോദിക്കും. ഷൂട്ട് ചെയ്തു ക്ഷീണിച്ചോ എന്നൊക്കെ ചോദിക്കും. അപര്‍ണയുടെ കൂടെ എപ്പോഴും അവളുടെ അമ്മയുണ്ടാകും. ഞാന്‍ അപ്പോള്‍ അവരുടെ മുറിയില്‍ ചെന്നിട്ട് അമ്മയോട് സംസാരിക്കും.

നമ്മള്‍ എല്ലാവരും ഒരേ ഇന്‍ഡസ്ട്രിയില്‍ തന്നെയല്ലേ വര്‍ക്ക് ചെയ്യുന്നത്. അപ്പോള്‍ പിന്നെ ആറ്റിറ്റിയൂഡ് കാണിക്കേണ്ട ആവശ്യമൊന്നും ഇല്ലല്ലോ. പിന്നെ ഞാന്‍ കയ്യില്‍ എണ്ണാവുന്ന അത്രയും സിനിമകള്‍ മാത്രമാണ് ചെയ്തിട്ടുള്ളത്,’ രാജ് ബി. ഷെട്ടി പറഞ്ഞു.

Content Highlight: Raj B Shetty Talks About Aparna Balamurali