സംവിധായകന്‍, നടന്‍ എന്നീ മേഖലകളില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ച താരമാണ് രാജ്.ബി. ഷെട്ടി. ഒണ്ടു മൊട്ടെയ കഥെ എന്ന സിനിമ സംവിധാനം ചെയ്ത് അതിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് രാജ് തന്റെ സിനിമാ കരിയര്‍ ആരംഭിച്ചത്. ഗരുഡ ഗമന വൃഷഭ വാഹന എന്ന സിനിമയിലൂടെയാണ് രാജ് മലയാളികള്‍ക്ക് സുപരിചിതനായത്.
മമ്മൂട്ടിയുമൊത്ത് ടര്‍ബോയില്‍ അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് രാജ് ബി. ഷെട്ടി. മമ്മൂട്ടിയെപ്പോലെ ലെജന്‍ഡറിയായിട്ടുള്ള നടനുമായി വര്‍ക്ക് ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ സിനിമകളെക്കുറിച്ചാണ് കൂടുതലും സംസാരിച്ചതെന്ന് രാജ് പറഞ്ഞു. ഓരോ സിനിമയെയും മമ്മൂട്ടി സമീപിച്ച രീതി എങ്ങനെയായിരുന്നെന്ന് ചോദിച്ച് മനസിലാക്കിയെന്നും ഒരു ആക്ടര്‍ എന്ന നിലക്ക് അതെല്ലാം തന്നെ സഹായിച്ചെന്നും രാജ് ബി. ഷെട്ടി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ തന്റെ സിനിമകളെക്കുറിച്ച് മമ്മൂട്ടിയോട് ചോദിക്കാന്‍ ധൈര്യമുണ്ടായിരുന്നില്ലെന്ന് രാജ് ബി. ഷെട്ടി പറഞ്ഞു. താന്‍ ആകെ നാല് സിനിമ മാത്രമേ ചെയ്തിട്ടുള്ളൂവെന്നും അതിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കാന്‍ തോന്നിയിരുന്നില്ലെന്ന് രാജ് കൂട്ടിച്ചേര്‍ത്തു. താന്‍ അഭിനയിച്ച സിനിമകള്‍ മമ്മൂട്ടി ചിലപ്പോള്‍ കണ്ടിട്ടുണ്ടാകാമെന്നും എന്നാല്‍ താന്‍ ആ സിനിമയെക്കുറിച്ച് ഇതുവരെ ചോദിച്ചിട്ടില്ലെന്നും രാജ് ബി. ഷെട്ടി പറഞ്ഞു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് രാജ് ബി. ഷെട്ടി ഇക്കാര്യം പറഞ്ഞത്.
‘ടര്‍ബോയുടെ പ്രൊമോഷന്‍ ടൈമില്‍ മമ്മൂക്കയുടെ കൂടെ ട്രാവല്‍ ചെയ്യാന്‍ പറ്റി. സെറ്റിലും പിന്നെ അത് കഴിഞ്ഞ് ട്രാവല്‍ ചെയ്തപ്പോഴൊക്കെ ഞാന്‍ അദ്ദേഹത്തോട് സിനിമയെപ്പറ്റിയാണ് കൂടുതലും സംസാരിക്കാറുള്ളത്. കാരണം, എന്നെപ്പോലെ ഒരു ആക്ടര്‍ക്ക് അദ്ദേഹത്തില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. ഓരോ സിനിമയെയും അദ്ദേഹം അപ്പ്രോച്ച് ചെയ്ത രീതി എങ്ങനെയായിരുന്നു എന്ന് എനിക്ക് അറിയണമായിരുന്നു. അതെല്ലാം ചോദിച്ച് മനസിലാക്കാനാണ് ഞാന്‍ ശ്രമിച്ചത്.
മമ്മൂട്ടി സാറിന്റെ സിനിമകളെപ്പറ്റി മാത്രമേ സംസാരം ഉണ്ടായിരുന്നുള്ളൂ. എന്റെ സിനിമ വല്ലതും കണ്ടിട്ടുണ്ടോ എന്ന് ഞാന്‍ ചോദിച്ചിട്ടേ ഇല്ല. കാരണം, ഞാന്‍ ഇതുവരെ വെറും നാല് പടമാണ് ചെയ്തിട്ടുള്ളത്. അദ്ദേഹത്തോട് എന്റെ പെര്‍ഫോമന്‍സ് എങ്ങനെയുണ്ടായിരുന്നു എന്ന് ചോദിക്കാന്‍ തോന്നിയില്ല. മമ്മൂട്ടി സാര്‍ എന്റെ സിനിമ കണ്ടിട്ടുണ്ടാകും. പക്ഷേ നമ്മള്‍ അങ്ങോട്ട് കയറി ചോദിക്കുന്നത് ശരിയല്ലല്ലോ,’ രാജ് ബി. ഷെട്ടി പറയുന്നു.
Content Highlight: Raj B Shetty shares the shooting experience of working with Mammootty