വേറൊരു വഴിയും ഇല്ലാത്തതുകൊണ്ട് അഭിനയിക്കേണ്ടി വന്നയാളാണ് ഞാന്‍: രാജ് ബി. ഷെട്ടി
Entertainment
വേറൊരു വഴിയും ഇല്ലാത്തതുകൊണ്ട് അഭിനയിക്കേണ്ടി വന്നയാളാണ് ഞാന്‍: രാജ് ബി. ഷെട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 22nd May 2024, 10:48 am

താന്‍ അഭിനേതാവായതിന്റെ പിന്നിലുള്ള കഥ വെളിപ്പെടുത്തി കന്നഡ താരംരാജ് ബി. ഷെട്ടി. താന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയിലെ നായകകഥാപാത്രമായി പലരെയും നോക്കിയിരുന്നെന്നും, എന്നാല്‍ ബജറ്റിനനുസരിച്ച് സിനിമ തീര്‍ക്കുക എന്നുള്ളതുകൊണ്ട് ഒടുവില്‍ താന്‍ തന്നെ അഭിനയിക്കേണ്ടി വന്നുവെന്നും രാജ് ബി. ഷെട്ടി പറഞ്ഞു. പുതിയ ചിത്രമായ ടര്‍ബോയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘ഒണ്ടു മൊട്ടെയ കഥെ’യുടെ സമയത്ത് പലരെയും അതില്‍ നായകനാക്കാന്‍ ആലോചിച്ചുവെന്നും എന്നാല്‍ ആ കഥാപാത്രത്തിന് യോജിച്ച ആരെയും കിട്ടിയില്ലെന്നും രാജ് പറഞ്ഞു. വിനയ് ഫോര്‍ട്ടിനെയടക്കം ആ വേഷത്തിലേക്ക് പരിഗണിച്ചിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു. കഷണ്ടിയുള്ള, അഭിനയിക്കാനറിയാവുന്ന, മംഗലാപുരം സ്ലാങില്‍ സംസാരിക്കാന്‍ പറ്റുന്ന ഒരാളെ തേടി ഒരുപാട് അലഞ്ഞുവെന്നും ഏറ്റവുമൊടുവില്‍ പ്രൊഡ്യൂസര്‍ പറഞ്ഞതുകൊണ്ട് താന്‍ ആ വേഷം ചെയ്തുവെന്നുംരാജ് ബി. ഷെട്ടി പറഞ്ഞു.

‘ഒണ്ടു മൊട്ടെയ കഥയില്‍ ഞാന്‍ നായകനായത് വേറെ വഴിയില്ലാത്തതുകൊണ്ടാണ്. കാരണം, വളരെ ചെറിയ ബജറ്റില്‍ ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ച സിനിമയായിരുന്നു അത്. നായക കഥാപാത്രമായി പലരെയും നമ്മള്‍ നോക്കി. അതില്‍ വിനയ് ഫോര്‍ട്ട് അടക്കം ഉണ്ടായിരുന്നു. പക്ഷേ ബജറ്റ് ഒരു പ്രശ്‌നമായതുകൊണ്ട് ആരെയും കിട്ടിയില്ല. പിന്നീട് ഇതിന്റെ മലയാളം റീമേക്കില്‍ വിനയ് അഭിനയിച്ചു. കൈയിലുള്ള ബജറ്റില്‍ നമുക്ക് ഏതെങ്കിലുമൊരാളെ കിട്ടിയാല്‍ പോരായിരുന്നു.

കഷണ്ടിയുള്ള ആളായിരിക്കണം, അഭിനയിക്കാന്‍ അറിഞ്ഞിരിക്കണം, ഇത് രണ്ടും കൂടാതെ മംഗലപുരം സ്ലാങ്ങും പറയാന്‍ പറ്റണം. ഇതെല്ലാം കൂടിച്ചേരുന്ന ഒരാളെ കിട്ടാന്‍ ബുദ്ധിമുട്ടായിരുന്നു. ഒരു സമയത്ത് ഈ സിനിമ നടക്കുമോ എന്ന് പോലും സംശയമായിരുന്നു. ഇത് നിന്നുപോകും എന്ന അവസ്ഥയില്‍ പ്രൊഡ്യൂസര്‍ എന്നോട് പറഞ്ഞതാണ്, ‘നിനക്ക് ഇതില്‍ അഭിനയിച്ചൂടെ’ എന്ന്. എന്റെ മുഖം ആളുകള്‍ സ്വീകരിക്കുമോ എന്നായിരുന്നു എന്റെ പേടി. പക്ഷേ ആ സിനിമ പറയുന്ന പൊളിറ്റിക്‌സ് എല്ലാവര്‍ക്കും ഇഷ്ടമായി,’ രാജ് ബി. ഷെട്ടി പറഞ്ഞു.

Content Highlight: Raj B Shetty shares the memories of Ondu Motteya Kathe