സിനിമക്ക് വേണ്ടി പഠിച്ചുവെച്ച മലയാളം മുഴുവന്‍ മമ്മൂക്കയെ കണ്ട സമയത്ത് തന്നെ മറന്നുപോയി: രാജ്. ബി. ഷെട്ടി
Entertainment
സിനിമക്ക് വേണ്ടി പഠിച്ചുവെച്ച മലയാളം മുഴുവന്‍ മമ്മൂക്കയെ കണ്ട സമയത്ത് തന്നെ മറന്നുപോയി: രാജ്. ബി. ഷെട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 13th May 2024, 9:20 pm

കന്നഡ സിനിമയുടെ ഗതി മാറ്റിയവരില്‍ എടുത്തു പറയേണ്ട പേരാണ് രാജ്.ബി. ഷെട്ടി. ഒണ്ടു മൊട്ടെയ കഥ എന്ന സിനിമ സംവിധാനം ചെയതുകൊണ്ട് സിനിമാ കരിയര്‍ ആരംഭിച്ച രാജ്.ബി ഷെട്ടി പിന്നീട് നടനായും സംവിധായകനായും കന്നഡ സിനിമയില്‍ ഒരുപിടി നല്ല ചിത്രങ്ങള്‍ സമ്മാനിച്ചു. ടര്‍ബോ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറാന്‍ ഒരുങ്ങുകയാണ് താരം.

ചിത്രത്തില്‍ മമ്മൂട്ടിയുടെ വില്ലനായ വെട്രിവേല്‍ ഷണ്മുഖത്തെയാണ് താരം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ദിവസത്തെ ഷൂട്ടിങ് അനുഭവങ്ങള്‍ താരം പങ്കുവെച്ചു. മലയാളം അത്യാവശ്യം നന്നായി അറിയാമെന്നും ആദ്യ ദിവസം തന്നെ മലയാളത്തില്‍ ഡയലോഗ് പറയാനുണ്ടായിരുന്നെന്നും എന്നാല്‍ മമ്മൂക്കയെ കണ്ടപ്പോള്‍ പഠിച്ച മലയാളം മുഴുവന്‍ മറന്നുപോയെന്നും താരം പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ട്രെയ്‌ലര്‍ ലോഞ്ചിലാണ് രാജ് ഇക്കാര്യം പറഞ്ഞത്.

‘എനിക്ക് മലയാളം അത്യാവശ്യം നന്നായി അറിയാം. മലയാളത്തിലെ ആദ്യത്തെ സിനിമ തന്നെ മമ്മൂക്കയെ പോലൊരു ലെജന്‍ഡിന്റെ സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞു. ഈ സിനിമക്ക് വേണ്ട മലയാളമൊക്കെ പഠിച്ചിട്ടാണ് സെറ്റിലെത്തിയത്. ആദ്യത്തെ ദിവസം തന്നെ മമ്മൂക്കയുമായുള്ള കോമ്പിനേഷന്‍ സീനായിരുന്നു.

അദ്ദേഹത്തെ കണ്ടപ്പോള്‍ തന്നെ പഠിച്ചുവെച്ച മലയാളം മുഴുവന്‍ മറന്നുപോയി. പിന്നീട് മമ്മൂക്ക നല്‍കിയ കോണ്‍ഫിഡന്‍സിലാണ് അഭിനയിച്ചത്. അദ്ദേഹവുമായി സ്‌ക്രീന്‍ ഷെയര്‍ ചെയ്യാന്‍ സാധിച്ചത് തന്നെ വലിയ ഭാഗ്യമാണ്,’ രാജ്.ബി. ഷെട്ടി പറഞ്ഞു.

കാതലിന് ശേഷം മമ്മൂട്ടിക്കമ്പനി നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖാണ്. മിഥുന്‍ മാനുവല്‍ തോമസിന്റേതാണ് തിരക്കഥ. ഭ്രമയുഗത്തിന് ശേഷം ക്രിസ്‌റ്റോ സേവിയര്‍ സംഗീതം നല്‍കുന്നുവെന്ന പ്രത്യേകതയും ടര്‍ബോയ്ക്കുണ്ട്. തെലുങ്ക് താരം സുനില്‍, അഞ്ജന ജയപ്രകാശ്, ശബരീഷ് വര്‍മ, ബിന്ദു പണിക്കര്‍, ദിലീഷ് പോത്തന്‍ തുടങ്ങി വന്‍ താരനിര ടര്‍ബോയിലുണ്ട്. മെയ് 23ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Raj B Shetty share the shooting experience with Mammootty in Turbo