ആ ഒരു സിനിമ കൊണ്ട് മാത്രം ലിജോയുടെ കഴിവിനെ സംശയിക്കാന്‍ കഴിയില്ല, അസാധ്യ ഫിലിംമേക്കറാണ് അയാള്‍: രാജ് ബി. ഷെട്ടി
Entertainment
ആ ഒരു സിനിമ കൊണ്ട് മാത്രം ലിജോയുടെ കഴിവിനെ സംശയിക്കാന്‍ കഴിയില്ല, അസാധ്യ ഫിലിംമേക്കറാണ് അയാള്‍: രാജ് ബി. ഷെട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 10th December 2024, 11:29 am

സംവിധായകന്‍, നടന്‍ എന്നീ മേഖലകളില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ച താരമാണ് രാജ്.ബി. ഷെട്ടി. ഒണ്ടു മൊട്ടെയ കഥെ എന്ന സിനിമ സംവിധാനം ചെയ്ത് അതിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് രാജ് തന്റെ സിനിമാ കരിയര്‍ ആരംഭിച്ചത്. ഗരുഡ ഗമന വൃഷഭ വാഹന എന്ന സിനിമയിലൂടെയാണ് രാജ് മലയാളികള്‍ക്ക് സുപരിചിതനായത്. മലയാളത്തിലെ മികച്ച സംവിധായകരിലൊരാളായ ലിജോ ജോസ് പെല്ലിശ്ശേരിയെക്കുറിച്ച് സംസാരിക്കുകയാണ് രാജ് ബി. ഷെട്ടി.

പലരെയും ഇന്‍സ്പയര്‍ ചെയ്യിക്കുന്ന ഫിലിംമേക്കറാണ് ലിജോയെന്ന് രാജ് ബി. ഷെട്ടി പറഞ്ഞു. ഇതുവരെ ചെയ്ത വര്‍ക്കുകള്‍ കൊണ്ട് മാത്രം ലോകസിനിമയെ അത്ഭുതപ്പെടുത്താന്‍ കഴിവുള്ള സംവിധായകനാണ് ലിജോയെന്നും ഒരൊറ്റ സിനിമ കൊണ്ട് മാത്രം അയാളെ ജഡ്ജ് ചെയ്യാന്‍ കഴിയില്ലെന്നും രാജ് കൂട്ടിച്ചേര്‍ത്തു. മോശം മാര്‍ക്കറ്റിങ്ങോ അമിതമായ ഹൈപ്പോ കാരണം ചിലപ്പോള്‍ ചില സിനിമകള്‍ പ്രതീക്ഷിച്ചതുപോലെ വന്നേക്കില്ല എന്നും രാജ് പറഞ്ഞു.

പ്രേക്ഷകര്‍ ഓവര്‍ ഇന്റലിജന്റാണെന്ന ചിന്ത കാരണവും ചില സിനിമകള്‍ സ്വീകരിക്കപ്പെടാതെ പോയേക്കാമെന്നും അതൊന്നും കാര്യമാക്കേണ്ടതില്ലെന്നും രാജ് ബി. ഷെട്ടി പറഞ്ഞു. അതില്‍ നിന്ന് ആവശ്യമുള്ള കാര്യങ്ങള്‍ തങ്ങള്‍ നോട്ട് ചെയ്ത് ഭാവിയില്‍ തിരുത്തുമെന്നും രാജ് പറഞ്ഞു. പുതിയ ചിത്രമായ രുധിരത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു രാജ് ബി. ഷെട്ടി.

‘ലിജോ ശരിക്കും ഒരു ഇന്‍സ്പയറിങ് ഫിലിംമേക്കറാണ്. ലോകമവസാനിക്കുന്ന കാലം വരെ അയാളുടെ സിനിമകള്‍ പലരെയും അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കും. ഒരു സിനിമ വിചാരിച്ചതുപോലെ വന്നില്ലെന്ന കാരണം കൊണ്ട് അയാളുടെ കഴിവിനെ എഴുതിത്തള്ളേണ്ട കാര്യമില്ല. അതുകൊണ്ട് മാത്രം അദ്ദേഹത്തെ ജഡ്ജ് ചെയ്യാന്‍ നമുക്ക് സാധിക്കില്ല.

മോശം മാര്‍ക്കറ്റിങ്ങോ അല്ലെങ്കില്‍ ഓഡിയന്‍സിന്റെ ഇടയില്‍ ഉണ്ടായ ഹൈപ്പോ കാരണമാകാം ആ സിനിമ ശ്രദ്ധിക്കാതെ പോയത്. അല്ലെങ്കില്‍ പ്രേക്ഷകര്‍ ഓവര്‍ ഇന്റലിജന്റായതുകൊണ്ടും ആ സിനിമ ശ്രദ്ധിക്കാതെ പോയതാകാം. അതൊന്നും കാര്യമാക്കേണ്ട. ആ സിനിമ എന്തുകൊണ്ട് അക്‌സപ്റ്റ് ചെയ്യപ്പെട്ടില്ല എന്ന് നോക്കി അതില്‍ നിന്ന് ആവശ്യമുള്ള കാര്യങ്ങള്‍ നോട്ട് ചെയ്ത് ഭാവിയില്‍ തിരുത്തിക്കോളാം എന്ന് പറയുകയാണ് വേണ്ടത്,’ രാജ് ബി. ഷെട്ടി പറയുന്നു.

Content Highlight: Raj B Shetty says Lijo Jose Pellissery is a brilliant filmmaker