പ്രമേയത്തിലും പെര്‍ഫോമന്‍സിലും മേക്കിങ്ങിലും വ്യത്യസ്ത പുലര്‍ത്തുന്ന ചിത്രങ്ങളിലൂടെ കന്നഡയില്‍ ശ്രദ്ധേയനായ നടനാണ് രാജ് ബി. ഷെട്ടി. 2021ല്‍ റിലീസായ ഗരുഡ ഗമന വൃഷഭ വാഹന എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കിടയില്‍ അദ്ദേഹത്തിന് ഒരു വലിയ ഫാന്‍ ബേസ് തന്നെയുണ്ട്. ടര്‍ബോ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ വില്ലനായാണ് അദ്ദേഹം മലയാള സിനിമയിലേക്ക് അരങ്ങേറിയത്. രാജ് ബി. ഷെട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ മലയാള ചിത്രമാണ് രുധിരം.
ഭ്രമയുഗം എന്ന സിനിമയില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തെ തനിക്ക് ചെയ്തുനോക്കാന്‍ താത്പര്യമുണ്ടെന്ന് പറയുകയാണ് രാജ് ബി. ഷെട്ടി. എന്നാല്‍ താന്‍ ചെയ്യുന്നത് ആളുകള്‍ കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മമ്മൂട്ടി ഭ്രമയുഗത്തില്‍ ചെയ്തതിന്റെ പത്ത് ശതമാനമെങ്കിലും തനിക്ക് ചെയ്യാന്‍ കഴിയുമോയെന്ന് അറിയാന്‍ വേണ്ടി മാത്രമാണ് അതെന്നും രാജ് ബി. ഷെട്ടി പറഞ്ഞു. ദി നെക്സ്റ്റ് 14 മിന്‍സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരു സിനിമ കണ്ടിട്ട് ആ കഥാപാത്രം ചെയ്യണം എന്ന് തോന്നിയിട്ടൊന്നും ഇല്ല. പക്ഷെ ഭ്രമയുഗം എന്ന സിനിമയില്‍ മമ്മൂട്ടി സാര്‍ എന്താണോ ചെയ്തത് അതെനിക്ക് ചെയ്യാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ എന്താണോ ഞാന്‍ ചെയ്യുന്നത് അത് ആളുകള്‍ കാണാന്‍ എനിക്ക് താത്പര്യമില്ല.
അതില്‍ മമ്മൂട്ടി സാര്‍ ചെയ്തതിന്റെ പത്ത് ശതമാനമെങ്കിലും എനിക്ക് ചെയ്യാന്‍ കഴിയുമോ എന്നറിയാന്‍ വേണ്ടി മാത്രമാണ്. അതിലെ സീനുകള്‍ അഭിനയിച്ച് ഞാന്‍ മാത്രം കണ്ട് ഡിലീറ്റ് ചെയ്യണം,’ രാജ് ബി. ഷെട്ടി പറയുന്നു.
ഭൂതകാലം എന്ന സിനിമക്ക് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഭ്രമയുഗം. പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഇത്. 17ാം നൂറ്റാണ്ടിലെ കൊടുമണ്‍ പോറ്റിയുടെയും തേവന്‍ എന്ന പാണന്റെയും കഥയാണ് സിനിമ പറഞ്ഞത്. ചിത്രത്തില്‍ ചാത്തനായാണ് മമ്മൂട്ടി എത്തിയത്.