കന്നഡ ഇന്‍ഡസ്ട്രിയിലെ മികച്ച നടന്മാരില്‍ ഒരാളാണ് രാജ് ബി. ഷെട്ടി. ഒണ്ടു മൊട്ടെയെ കഥെ എന്ന ആദ്യചിത്രത്തിന്റെ രചയിതാവും സംവിധായകനും അഭിനേതാവും അദ്ദേഹം തന്നെയായിരുന്നു. ചിത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. 2021ല്‍ റിലീസായ ഗരുഡ ഗമന വൃഷഭ വാഹന എന്ന ചിത്രത്തിലൂടെ കേരളത്തിലും ഇദ്ദേഹത്തിന് ആരാധകരുണ്ടായി. ചിത്രത്തിന്റെ സംവിധായകനും രാജ് ബി. ഷെട്ടിയായിരുന്നു.
ഗരുഡ ഗമന വൃഷഭ വാഹന എന്ന ചിത്രത്തിന് രണ്ടാം ഭാഗമോ സീക്വലോ ചെയ്യില്ലെന്ന് പറയുകയാണ് രാജ് ബി. ഷെട്ടി. തന്നെ സംബന്ധിച്ചിടത്തോളം ആ സിനിമ കഴിഞ്ഞെന്നും അതിന് രണ്ടാം ഭാഗം ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ തിയേറ്ററില്‍ പ്രദര്‍ശനം നടന്നുകൊണ്ടിരിക്കുന്ന ഒരു ചിത്രത്തിന് സമ്മിശ്ര പ്രതികരണം ലഭിക്കാനുള്ള കാരണവും ഒന്നാം ഭാഗം പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടാക്കിയ അമിത പ്രതീക്ഷ കാരണമാണെന്നും രാജ് ബി. ഷെട്ടി കൂട്ടിച്ചേര്‍ത്തു.
ഗരുഡ ഗമന വൃഷഭ വാഹന എന്ന ചിത്രത്തില്‍ താന്‍ ചെയ്ത ടൈഗര്‍ ഡാന്‍സ് ആളുകള്‍ അത്രയും സ്വീകരിക്കുമെന്ന് കരുതിയെല്ലെന്നും രണ്ടാം ഭാഗം ചെയ്യുമ്പോള്‍ എന്തായാലും അത്തരത്തിലൊന്ന് ആളുകളെ ഇമ്പ്രെസ് ചെയ്യാന്‍ വേണ്ടി ചേര്‍ക്കേണ്ടി വരുമെന്നും അദ്ദേഹം പറയുന്നു. അനാവശ്യമായി ചേര്‍ത്തതുപോലെ തോന്നിയാല്‍ പ്രേക്ഷകര്‍ തന്നെ അയ്യേയെന്നും പറയുമെന്നും ഒരു ഫിലിം മേക്കര്‍ എന്ന നിലയില്‍ അത് നിരാശപ്പെടുത്തുമെന്നും രാജ് ബി. ഷെട്ടി പറഞ്ഞു. ദി നെക്സ്റ്റ് 14 മിന്‍സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇപ്പോള്‍ ആരെങ്കിലും എന്നോട് ഗരുഡ ഗമനയുടെ രണ്ടാം ഭാഗമോ സീക്വലോ ചെയ്യാന്‍ പറയുകയാണെങ്കില്‍ ഞാന്‍ ചെയ്യില്ല. എന്നെ സംബന്ധിച്ചിടത്തോളം ആ സിനിമ അവിടം കൊണ്ട് കഴിഞ്ഞു. രണ്ടാം ഭാഗം ചെയ്യുന്നതെല്ലാം വളരെ ബുദ്ധിമുട്ടാണ്.
ഇപ്പോള്‍ റിലീസായ, തിയേറ്ററുകളില്‍ കളിച്ചുകൊണ്ടിരുന്ന ആ ഒരു സിനിമ ആദ്യ ഭാഗം ഉണ്ടാക്കിയ പ്രതീക്ഷകള്‍ കാരണം അതിന്റെ രണ്ടാം ഭാഗം കഷ്ടപ്പെടുകയാണ്.
ഗരുഡ ഗമന ചെയ്യുമ്പോള്‍ ആ ടൈഗര്‍ ഡാന്‍സിന് അത്ര വലിയ റെസ്‌പോണ്‍സ് കിട്ടുമെന്ന് എനിക്കറിയില്ലായിരുന്നു. ഇപ്പോള്‍ രണ്ടാം ഭാഗം ചെയ്യുമ്പോള്‍ ആവശ്യം ഇല്ലെങ്കില്‍ പോലും ഞാന്‍ ആ സീക്വന്‍സ് ചേര്‍ക്കും. കാരണം എനിക്ക് ആളുകളെ ഇമ്പ്രെസ് ചെയ്യിക്കേണ്ടി വരും. ആളുകള്‍ അത് പ്രതീക്ഷിക്കുണ്ടാകും.
ഞാന്‍ അത് കുത്തി കേറ്റുന്നത് പോലെ തോന്നിയാല്‍ ആളുകള്‍ തന്നെ അയ്യേ എന്ന് പറയും. ഞാന്‍ എന്ന ഫിലിം മേക്കര്‍ അപ്പോള്‍ ചിന്തിക്കുന്നത് അവര്‍ക്ക് വേണ്ടതെല്ലാം ഞാന്‍ ചേര്‍ത്തല്ലോ പിന്നെ എന്തുകൊണ്ടാണ് അവര്‍ ഇങ്ങനെ പറയുന്നതെന്നാണ്. അതെനിക്ക് വേണ്ട,’രാജ് ബി. ഷെട്ടി പറയുന്നു.
രാജ് ബി. ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച് 2021ല്‍ പുറത്തിറങ്ങിയ ഗ്യാങ്സ്റ്റര്‍ ചിത്രമാണ് ഗരുഡ ഗമന വൃഷഭ വാഹന. കണ്ടു മടുത്ത ഗ്യാങ്സ്റ്റര്‍ ചിത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ രീതിയില്‍ ഒരുക്കിയ ചിത്രം തെന്നിന്ത്യയാകെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശിവയായി രാജ് ബി. ഷെട്ടി എത്തിയപ്പോള്‍ ഹരിയായി എത്തിയത് റിഷബ് ഷെട്ടിയായിരുന്നു.
Content Highlight: Raj B Shetty Says He Is Not Interested To make second Part Of Garuda Gamana Vrishabha Vahana Movie