പ്രമേയത്തിലും പെര്‍ഫോമന്‍സിലും മേക്കിങ്ങിലും വ്യത്യസ്ത പുലര്‍ത്തുന്ന ചിത്രങ്ങളിലൂടെ കന്നഡയില്‍ ശ്രദ്ധേയനായ നടനാണ് രാജ് ബി. ഷെട്ടി. മലയാളികള്‍ക്കിടയില്‍ അദ്ദേഹത്തിന് ഒരു വലിയ ഫാന്‍ ബേസ് തന്നെയുണ്ട്. ടര്‍ബോ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ വില്ലനായാണ് അദ്ദേഹം മലയാള സിനിമയിലേക്ക് അരങ്ങേറിയത്.
രാജ് ബി. ഷെട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് രുധിരം. നവാഗതനായ ജിഷോ ലോണ്‍ ആന്റണിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. രുധിരത്തില്‍ നടി അപര്‍ണ ബാലമുരളിയും അഭിനയിക്കുന്നുണ്ട്. ഇരുവരും ഒന്നിക്കുന്ന ആദ്യ സിനിമയാണ് ഇത്.
താന്‍ കാണാന്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രം എമ്പുരാന്‍ ആണെന്ന് പറയുകയാണ് രാജ് ബി.ഷെട്ടി. എമ്പുരാന്‍ കേരളത്തിലെ ഏതെങ്കിലും തിയേറ്ററില്‍ നിന്ന് ആദ്യ ദിനം തന്നെ കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടര്‍ബോ എന്ന ചിത്രം രാഗം തിയേറ്ററില്‍ നിന്നാണ് കണ്ടതെന്നും ആ അനുഭവം മറക്കാന്‍ കഴിയില്ലെന്നും രാജ് ബി. ഷെട്ടി പറഞ്ഞു. രുധിരം സിനിമയുടെ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എമ്പുരാന്റെ ആദ്യത്തെ ഷോ ഞാന്‍ കേരളത്തിലെ ഏതെങ്കിലും നല്ല തിയേറ്ററില്‍ തന്നെ കാണും. ആ ചിത്രം കാണാന്‍ വേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്. രാഗം തിയേറ്ററില്‍ നിന്ന് ടര്‍ബോ കണ്ട എക്‌സ്‌പെരിമെന്‍സ് എനിക്ക് മറക്കാന്‍ കഴിയില്ല. രാവിലെ വെളുപ്പിന് ആദ്യ ഷോ കാണാന്‍ വേണ്ടി ഞാന്‍ രാഗം തിയേറ്ററില്‍ പോയിരുന്നു. ആ പ്രേക്ഷകരെയും എല്ലാം കാണാന്‍ എനിക്ക് വളരെ ഇഷ്ടമാണ്,’ രാജ് ബി. ഷെട്ടി പറയുന്നു.
മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. 2019ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമായാണ് എമ്പുരാന്‍ ഒരുങ്ങുന്നത്. മോഹന്‍ലാല്‍ നായകനായ ചിത്രം ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി മാറി. ആദ്യഭാഗത്തെക്കാള്‍ വലിയ രീതിയിലാണ് പൃഥ്വിരാജ് എമ്പുരാന്‍ അണിയിച്ചൊരുക്കുന്നത്.
Content Highlight: Raj B Shetty says He Is Excited To Watch Empuraan Movie From Kerala